ഫ്ലുമിനൻസിനെ തകർത്ത് ചെൽസി ഫൈനലിൽ
ജാവോ പെഡ്രോയുടെ ഇരട്ട ഗോളിലാണ് ചെൽസിയുടെ ജയം

ന്യൂയോർക്ക് : ബ്രസീലിയൻ ക്ലബ് ഫ്ലുമിനൻസിനെ തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസിയുടെ ജയം. ടീമിനായി പുതുമുഖ താരം ജാവോ പെഡ്രോ ഇരട്ട ഗോളുമായി തിളങ്ങി. ചെൽസിക്കായി താരം കളിക്കുന്ന രണ്ടാം മത്സരമാണിത്. ബാല്യകാല ക്ലബിനെതിരെ നേടിയ ഗോൾ താരം ആഘോഷിച്ചില്ല.
18 ആം മിനുട്ടിൽ ആദ്യ ഗോൾ പിറന്നു. ഇടത് വിങ്ങിൽ നിന്നും പെഡ്രോ നെറ്റോ നൽകിയ പാസ് തിയാഗോ സിൽവ ക്ലിയർ ചെയ്‌തെങ്കിലും ചെന്ന് വീണത് ജാവോ പെഡ്രോയുടെ കാലുകളിൽ. പെഡ്രോയെടുത്ത വലങ്കാലൻ ഷോട്ട് ഗോൾകീപ്പർ ഫാബിയോയെ കടന്ന് ഫ്ലുമിനൻസ് വലയിൽ. ആദ്യ പകുതിയിൽ ചെൽസി പ്രതിരോധ താരത്തിന്റെ കയ്യിൽ ബോൾ തട്ടിയതിന് റഫറി പെനാൽറ്റി വിധിച്ചെങ്കിലും പിന്നാലെ വാറിലൂടെ തീരുമാനം തിരുത്തി. 56 ആം മിനുട്ടിൽ സ്വന്തം ബോക്സിൽ നിന്നും തുടങ്ങിയ മുന്നേറ്റത്തിനൊടുവിൽ പെഡ്രോ രണ്ടാം ഗോളും സ്വന്തമാക്കി.
രണ്ടാം സെമിയിൽ ഇന്ന് യൂറോപ്പ്യൻ വമ്പന്മാരായ റയൽ മാഡ്രിഡും പിഎസ്ജിയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12:30 നാണ് മത്സരം. ജൂലൈ 14 നാണ് ഫൈനൽ.
Adjust Story Font
16

