Quantcast

വെനിസ്വേലയെ തകര്‍ത്ത്‌ കോപ്പയില്‍ ബ്രസീലിന് ഉജ്ജ്വല തുടക്കം

വെനിസ്വേലക്കെതിരെ ഇതുവരെ ബ്രസീല്‍ തോറ്റിട്ടില്ല, ഈ റെക്കോര്‍ഡ് തകരാതെ സൂക്ഷിക്കാന്‍ ബ്രസീലിനായി.

MediaOne Logo

Web Desk

  • Updated:

    2021-06-15 01:50:13.0

Published:

14 Jun 2021 12:47 AM GMT

വെനിസ്വേലയെ തകര്‍ത്ത്‌ കോപ്പയില്‍ ബ്രസീലിന് ഉജ്ജ്വല തുടക്കം
X

കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് തകര്‍പ്പന്‍ വിജയം. വെനസ്വേലയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് കാനറികള്‍ തകര്‍ത്തത്. ബ്രസീലിനായി മാര്‍കിന്യോസ്, നെയ്മര്‍, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഒരു ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത നെയ്മറുടെ ഉജ്ജ്വല പ്രകടനമാണ് ബ്രസീലിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ബ്രസീല്‍ ആധിപത്യം പുലര്‍ത്തി. ആദ്യ മിനിട്ടുകളില്‍ തന്നെ ആക്രമണം അഴിച്ചുവിടാന്‍ മഞ്ഞപ്പടയ്ക്ക് സാധിച്ചു. 9-ാം മിനിട്ടില്‍ ബ്രസീലിന്റെ മുന്നേറ്റ താരം റിച്ചാലിസണിന് മികച്ച അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 19-ാം മിനിട്ടില്‍ ബ്രസീലിന്റെ ഡാനിലോയുടെ ലോങ്റേഞ്ചര്‍ വെനസ്വേല ഗോള്‍കീപ്പര്‍ ഗ്രാറ്റെറോള്‍ കൈയ്യിലൊതുക്കി.

ബ്രസീല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് വെനസ്വേല കാഴ്ചവെച്ചത്. ഒടുവില്‍ 23-ാം മിനിട്ടില്‍ മാര്‍കിന്യോസിലൂടെ ബ്രസീല്‍ ലീഡെടുത്തു. നെയ്മര്‍ എടുത്ത കോര്‍ണര്‍ കിക്ക് സ്വീകരിച്ച മാര്‍കിന്യോസ് പന്ത് നിലത്തിറക്കി അനായാസം വെനസ്വേലയുടെ വലയിലെത്തിച്ചു. ഇതോടെ ബ്രസീല്‍ 1-0 ന് മുന്നിലെത്തി.

തൊട്ടുപിന്നാലെ റിച്ചാലിസണ്‍ വെനസ്വേലയുടെ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. 29-ാം മിനിട്ടില്‍ സൂപ്പര്‍ താരം നെയ്മര്‍ മികച്ച ഒരു അവസരം നഷ്ടപ്പെടുത്തി.

രണ്ടാം പകുതിയിലും ബ്രസീല്‍ കളം നിറഞ്ഞുകളിച്ചു. 53-ാം മിനിട്ടില്‍ ഗബ്രിയേല്‍ ജെസ്യൂസിന്റെ ക്രോസില്‍ മികച്ച അവസരം നെയ്മര്‍ക്ക് ലഭിച്ചെങ്കിലും അത് ബ്രസീലിന്റെ രണ്ടാം ഗോളാക്കി മാറ്റാന്‍ താരത്തിന് കഴിഞ്ഞില്ല.

ഒടുവില്‍ 62-ാം മിനിട്ടില്‍ ബ്രസീലിനനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ഡാനിലോയെ ബോക്സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിന്റെ ഫലമായാണ് ബ്രസീലിന് പെനാല്‍ട്ടി ലഭിച്ചത്. ടീമിനായി പെനാല്‍ട്ടി കിക്കെടുത്ത സൂപ്പര്‍ താരം നെയ്മര്‍ വെനസ്വേല ഗോള്‍ കീപ്പര്‍ ഗ്രാറ്റെറോളിനെ കബിളിപ്പിച്ച് അനായാസം പന്ത് വലയിലെത്തിച്ചു. 89-ാം മിനിട്ടില്‍ ഗബ്രിയേല്‍ ബാര്‍ബോസയാണ് ബ്രസീലിന്റെ മൂന്നാം ഗോള്‍ നേടിയത്. വെനസ്വേല പ്രതിരോധനിരയെ കബിളിപ്പിച്ച് മുന്നേറിയ നെയ്മറിന്റെ തകര്‍പ്പന്‍ ക്രോസില്‍ നിന്നുമാണ് ഗോളി പോലുമില്ലാത്ത പോസ്റ്റിലേക്ക് പന്തുതട്ടിയിട്ട് ബാര്‍ബോസ ഗോള്‍ നേടിയത്.

TAGS :

Next Story