Quantcast

ഈ അപമാനം ഇനിയും സഹിക്കില്ല; മാധ്യമങ്ങൾക്കെതിരെ തുറന്നടിച്ച് ക്രിസ്റ്റ്യാനോ

"എന്റെ പേരുവെച്ച് കളിക്കാൻ ആളുകളെ അനുവദിക്കാൻ കഴിയില്ല. അതുപറയാനാണ് ഞാൻ മൗനം ഭേദിക്കുന്നത്'

MediaOne Logo

André

  • Published:

    18 Aug 2021 7:53 AM GMT

ഈ അപമാനം ഇനിയും സഹിക്കില്ല; മാധ്യമങ്ങൾക്കെതിരെ തുറന്നടിച്ച് ക്രിസ്റ്റ്യാനോ
X

വർത്തമാന ലോകത്തെ മികച്ച ഫുട്‌ബോളർമാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർക്കെന്ന പോലെ മാധ്യമങ്ങൾക്കും പ്രിയപ്പെട്ട താരമാണ്. ക്രിസ്റ്റ്യാനോയുമായി ബന്ധപ്പെട്ടു സംഭവിക്കുന്ന കാര്യങ്ങളെല്ലാം മാധ്യമങ്ങൾക്ക് വാർത്തയുമാണ്. നിലവിൽ ഇറ്റാലിയൻ ലീഗിൽ യുവന്റസിനു കളിക്കുന്ന താരത്തെപ്പറ്റി അഭ്യൂഹങ്ങളും ഗോസിപ്പുകളുമടക്കം നിരവധി വാർത്തകൾ പുറത്തുവരാറുണ്ട്. എന്നാൽ, തന്റെ കളിജീവിതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം അതേക്കുറിച്ചൊന്നും ആശങ്കാകുലനാവാറില്ല.

എന്നാൽ, സൂപ്പർതാരം ലയണൽ മെസ്സി ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിൽ ചേർന്നതിനു പിന്നാലെ, വാർത്തകളുടെ ഫോക്കസ് ക്രിസ്റ്റ്യാനോയിലേക്കു കൂടി തിരിഞ്ഞിട്ടുണ്ട്. പോർച്ചുഗീസ് താരം യുവന്റസിൽ അസംതൃപ്തനാണെന്നും പി.എസ്.ജിയിൽ ചേരാൻ സന്നദ്ധത അറിയിച്ചു എന്നുമുള്ള വാർത്തകൾ മുൻനിര മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതേപ്പറ്റിയൊന്നും ക്രിസ്റ്റ്യാനോ പ്രതികരിച്ചിരുന്നില്ല.

എന്നാൽ ഇപ്പോഴിതാ, തന്നെ സംബന്ധിച്ചുള്ള മാധ്യമവാർത്തകളിൽ മൗനം ഭേദിച്ച് ക്രിസ്റ്റിയാനോ രംഗത്തുവന്നിരിക്കുന്നു. ഇന്നലെ വൈകീട്ട് തന്റെ സോഷ്യൽ മീഡിയാ പേജുകളിൽ പ്രസിദ്ധീകരിച്ച സാമാന്യം ദീർഘമായ കുറിപ്പിലാണ്, തന്റെ ഭാവി സംബന്ധിച്ചുള്ള മീഡിയ കവറേജിലുള്ള അതൃപ്തി താരം പരസ്യമായി പ്രകടിപ്പിച്ചത്. വ്യക്തി എന്ന നിലയ്ക്കും കളിക്കാരനെന്ന നിലയ്ക്കും മാധ്യമങ്ങളിൽ നിന്ന് താൻ അപമാനം നേരിടുകയാണെന്നും, സത്യം മനസ്സിലാക്കാൻ പോലും ആരും മെനക്കെടുന്നില്ലെന്നും താരം പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം:

'എന്നെ അറിയുന്നവർക്കെല്ലാം ബോധ്യമുള്ള കാര്യമാണ് ജോലിയുടെ കാര്യത്തിൽ ഞാൻ എത്രമാത്രം ശ്രദ്ധാലുവാണെന്ന്. കുറച്ചു സംസാരിക്കുക, കൂടുതൽ പ്രവർത്തിക്കുക - കരിയറിന്റെ തുടക്കം മുതൽക്കേ എന്റെ നയം അതാണ്. പക്ഷേ, ഈയടുത്ത കാലത്ത് പറയപ്പെട്ടതും എഴുതപ്പെട്ടതുമായ ചില കാര്യങ്ങൾ സംബന്ധിച്ച് എനിക്ക് എന്റെ ഭാഗം പറയേണ്ടതുണ്ട്. എന്റെ ഭാവി സംബന്ധിച്ചുള്ള ബാലിശമായ മീഡിയ കവറേജ്, ഒരു മനുഷ്യനെന്ന നിലയ്ക്കും കളിക്കാരനെന്ന നിലയ്ക്കും എന്നോടുള്ള അപമര്യാദ മാത്രമല്ല. ഈ വാർത്തകളിൽ പറയപ്പെടുന്ന ക്ലബ്ബുകൾക്കും അവരുടെ കളിക്കാർക്കും സ്റ്റാഫിനും നേരെയുള്ള അപമര്യാദയാണ്.

റയൽ മാഡ്രിഡിലെ എന്റെ കഥ എഴുതപ്പെട്ടതാണ്. അത് റെക്കോർഡിലുള്ളതാണ്. വാക്കുകളിലും അക്കങ്ങളിലും, ട്രോഫികളിലും കിരീടങ്ങളിലും, തലക്കെട്ടുകളിലും റെക്കോർഡുകളിലും അതുണ്ട്. ബർണേബു സ്‌റ്റേഡിയത്തിലെ മ്യൂസിയത്തിലും ക്ലബ്ബിന്റെ ഓരോ ആരാധകന്റെയും മനസ്സിലും അതുണ്ട്. ഞാനുണ്ടാക്കിയ നേട്ടങ്ങൾക്കെല്ലാമപ്പുറം ആ ഒമ്പത് വർഷങ്ങളിൽ റയൽ മാഡ്രിഡിനോട് എനിക്ക് അഗാധമായ അഭിനിവേശമുണ്ട്. ഇന്നേവരെ ഞാനാ അഭിനിവേശം പുലർത്തിയിരുന്നു, ഇനിയുള്ള കാലത്തും അതെന്നിലുണ്ടാവും. റയൽ മാഡ്രിഡ് ഫാൻസിന്റെ മനസ്സിൽ ഞാനുണ്ടാകുമെന്ന് എനിക്കറിയാം, എന്റെ മനസ്സിൽ അവരും ഉണ്ടാകും.

ഈയിടെ സ്‌പെയിനിൽ സംഭവിച്ച കാര്യങ്ങൾ പോലെ, വ്യത്യസ്ത ലീഗുകളിലുള്ള ക്ലബ്ബുകളുമായി എന്റെ പേര് ചേർത്തുകൊണ്ടുള്ള കഥകൾ തുടർച്ചയായി വന്നു. യഥാർത്ഥ സത്യം എന്താണെന്ന് അറിയാനുള്ള ശ്രമം പോലും ആർക്കുമുണ്ടായില്ല. എന്റെ പേരു വെച്ച് കളിക്കാൻ ആളുകളെ അനുവദിക്കാനാവില്ലെന്നു പ്രഖ്യാപിക്കാനാണ് ഞാനീ മൗനം ഭേദിക്കുന്നത്. ഞാൻ എന്റെ കരിയറിലും ജോലിയിലുമാണ് ശ്രദ്ധിക്കുന്നത്. നേരിടാനുള്ള എല്ലാ വെല്ലുവിളികൾക്കും വേണ്ടിയുള്ള തയാറെടുപ്പ് നടത്തുകയാണ്. അപ്പോൾ മറ്റു കാര്യങ്ങളോ? മറ്റു കാര്യങ്ങളെല്ലാം വെറും സംസാരം മാത്രമാണ്.'




ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 12 മണിക്കു ശേഷമാണ് ക്രിസ്റ്റ്യാനോയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കെയ്ലിയൻ എംബാപ്പെ പി.എസ്.ജി വിടുകയാണെങ്കിൽ ക്രിസ്റ്റ്യാനോ ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറുമെന്നും ഇക്കാര്യത്തിൽ ധാരണയായെന്നുമുള്ള വാർത്തകളാണ് താരത്തെ ചൊടിപ്പിച്ചത് എന്നാണ് സൂചന. നിലവിൽ യുവന്റസുമായി ഒരു വർഷത്തെ കരാർ കൂടി താരത്തിനുണ്ട്.

TAGS :

Next Story