Quantcast

വീണ്ടും ചെൽസിയുടെ വാതില്‍മുട്ടി ക്രിസ്റ്റ്യാനോ; ശമ്പളത്തിനു പകരം വായ്പാ ഓഫറും!

ശമ്പളം വെട്ടിക്കുറച്ചിട്ടും ഒരു ക്ലബും മുന്നോട്ടുവരാതായതോടെ വായ്പാടിസ്ഥാനത്തിൽ എവിടെയെങ്കിലും കയറിപ്പറ്റാനും ക്രിസ്റ്റ്യാനോ നീക്കം നടത്തുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-08-30 07:55:21.0

Published:

30 Aug 2022 7:49 AM GMT

വീണ്ടും ചെൽസിയുടെ വാതില്‍മുട്ടി ക്രിസ്റ്റ്യാനോ; ശമ്പളത്തിനു പകരം വായ്പാ ഓഫറും!
X

ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാൻ താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ ക്ലബിലേക്ക് ചേക്കാറാനുള്ള അവസാനവട്ട പരിശ്രമത്തിലാണ്. ഏറ്റവുമൊടുവിൽ ചെൽസിയുമായും ചർച്ച ആരംഭിച്ചതായാണ് റിപ്പോർട്ട്. സീസണിലെ ട്രാൻസ്ഫർ കാലയളവ് വ്യാഴാഴ്ച അവസാനിരിക്കെയാണ് വായ്പാ അടിസ്ഥാനത്തിൽ ഏതെങ്കിലും ക്ലബുകളിലെത്താനുള്ള അടിയന്തര നീക്കം നടക്കുന്നത്.

റൊമേലു ലുക്കാക്കുവും ടിമോ വെർണറും ക്ലബ് വിട്ടതോടെ പുതിയ അറ്റാക്കറെ ചെൽസി തേടുന്നുണ്ട്. ഇതു മനസിലാക്കി ക്രിസ്റ്റ്യാനോയുടെ ഏജന്റ് ജോർജ് മെൻഡിസ് നേരത്തെ ചെൽസി കോച്ച് തോമസ് ടച്ചിലിനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം താൽപര്യം കാണിച്ചിരുന്നില്ല. ചെൽസിയുടെ പുതിയ ഉടമ ടോഡ് ബൗളിക്ക് താൽപര്യമുണ്ടെങ്കിലും ടച്ചിൽ മെൻഡിസിന്റെ ഓഫറിനു വഴങ്ങിയിരുന്നില്ല. ഇതോടെ ആ ചർച്ച അവസാനിപ്പിച്ചതായിരുന്നു.

ഇതിനിടെ ബാഴ്‌സലോണ സ്‌ട്രൈക്കർ പിയറി എമറിക്കിനെ ടീമിലെത്തിക്കാൻ ചെൽസി നീക്കം നടത്തിയിരുന്നു. എന്നാൽ, ചെൽസി വാഗ്ദാനം ചെയ്ത ഒരു വർഷത്തെ കരാറിന് താരം ഒരുക്കമല്ല. ഇതോടെ ഈ ചർച്ച അടഞ്ഞ സ്ഥിതിയാണ്. ഇതിനിടെയാണ് മെൻഡിസ് വീണ്ടും ചെൽസിയെ സമീപിച്ചത്. ക്രിസ്റ്റ്യാനോയുമായി ബന്ധപ്പെട്ട് ടച്ചിലും മാഞ്ചസ്റ്റർ യുനൈറ്റഡ് മുൻ പരിശീലകൻ റാൾഫ് റാങ്ക്‌നിക്കും തമ്മിൽ ചർച്ച നടന്നതായും റിപ്പോർട്ടുണ്ട്.

ക്രിസ്റ്റ്യാനോ ടീമിൽ തുടരുമോ എന്ന കാര്യത്തിൽ വ്യക്തമാക്കാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗും ഇതുവരെ തയാറായിട്ടില്ല. താരം ക്ലബിൽ തുടരണമെന്നു തന്നെയാണ് ആഗ്രഹമെന്നാണ് എറിക് ടെൻ പറഞ്ഞത്. എന്നാൽ, താരത്തിന്റെ ഭാവിയെക്കുറിച്ച് പറയാനാകില്ലെന്നും എറിക് കൂട്ടിച്ചേർത്തു.

അതേസമയം, ശമ്പളം വെട്ടിക്കുറച്ചിട്ടും ഒരു ക്ലബും മുന്നോട്ടുവരാതായതോടെ വായ്പാടിസ്ഥാനത്തിൽ ഏതെങ്കിലും ക്ലബിൽ കയറിപ്പറ്റാനും ക്രിസ്റ്റ്യാനോ നീക്കം നടത്തുന്നുണ്ട്. സ്‌പോർട്ടിങ് സി.പി, നാപ്പോളി എന്നിവയാണ് താരത്തിന്റെ അവസാന പ്രതീക്ഷ. അഞ്ചു തവണ ബാളൻ ദ്യോർ ജേതാവായ താരത്തെ ടീമിലെത്തിക്കാൻ നാപോളി താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. എന്നാൽ തങ്ങളുടെ നൈജീരിയൻ സ്ട്രൈക്കർ വിക്ടർ ഒസിമനെ യുനൈറ്റഡ് വാങ്ങണമെന്നാണ് ക്ലബ് ആവശ്യപ്പെടുന്നത്. 85 മില്യൺ യൂറോയാണ് സീരി എ ക്ലബ് കൈമാറ്റത്തിനായി ആവശ്യപ്പെട്ടിട്ടുള്ളത്.

2002-03 സീസണിനുശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനോ ഇല്ലാതെ ചാംപ്യൻസ് ലീഗ് നടക്കാൻ പോകുന്നത്. 140 ഗോളുമായി ലീഗിലെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനാണ് പോർച്ചുഗീസ് നായകൻ. കളത്തിലെ എതിരാളി ലയണൽ മെസ്സിയെക്കാൾ പതിനഞ്ച് ഗോളുകൾ ക്രിസ്റ്റ്യാനോ അധികം നേടിയിട്ടുണ്ട്. ലീഗിൽ ഏറ്റവും കൂടുതൽ കളിച്ച താരവും അദ്ദേഹം തന്നെ- 183 മത്സരങ്ങൾ. ഇതിൽ 115ലും ജയം സ്വന്തമാക്കിയിട്ടുണ്ട്.

Summary: Cristiano Ronaldo in talks with Chelsea again: Reports

TAGS :

Next Story