'ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ് ചെയ്യും'; ജോട്ടയുടെ വിയോഗത്തിൽ വികാരഭരിതമായ കുറിപ്പുമായി ക്രിസ്റ്റ്യാനോ
നേഷൻസ് ലീഗ് കിരീടം ചൂടിയ പോർച്ചുഗൽ ടീം അംഗമായിരുന്നു

ലണ്ടൻ: പോർച്ചുഗീസ് സഹതാരം ഡിയേഗോ ജോട്ടയുടെ വിയോഗത്തിൽ വികാരഭരിതമായ കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. വടക്കുപടിഞ്ഞാറൻ സ്‌പെയിനിലെ സമോറയിൽ നടന്ന കാർ അപടകത്തിലാണ് പോർച്ചുഗൽ-ലിവർപൂൾ താരം ജോട്ട മരണമടഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന സഹോദരനും ഫുട്‌ബോൾ താരവുമായ ആന്ദ്രെ സിൽവയും മരണമടഞ്ഞിരുന്നു. ജോട്ടയുടെ ഓർമകൾ പങ്കുവെച്ചാണ് പോർച്ചുഗൽ ടീം ക്യാപ്റ്റൻ കൂടിയായ ക്രിസ്റ്റ്യാനോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചത്.
Não faz sentido. Ainda agora estávamos juntos na Seleção, ainda agora tinhas casado. À tua familia, à tua mulher e aos teus filhos, envio os meus sentimentos e desejo-lhes toda a força do mundo. Sei que estarás sempre com eles. Descansem em Paz, Diogo e André. Vamos todos sentir… pic.twitter.com/H1qSTvPoQs
— Cristiano Ronaldo (@Cristiano) July 3, 2025
''ദേശീയ ടീമിൽ അടുത്തദിവസം വരെ നമ്മൾ ഒരുമിച്ചുണ്ടായിരുന്നു. അടുത്തിടെയാണ് നിങ്ങൾ വിവാഹിതനായത്. കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ. ഞങ്ങൾ എല്ലാവരും നിങ്ങളെ ഒരുപാട് മിസ് ചെയ്യും- സമൂഹ മാധ്യമങ്ങളിൽ കുറിച്ച പോസ്റ്റിൽ ക്രിസ്റ്റ്യാനോ പങ്കുവെച്ചു.
അടുത്തിടെ നേഷൻസ് ലീഗ് കിരീടം ചൂടിയ പോർച്ചുഗൽ ടീമിൽ ജോട്ടയുണ്ടായിരുന്നു. ഫൈനലിൽ പകരക്കാരനായി 28 കാരൻ കളത്തിലിറങ്ങുകയും ചെയ്തിരുന്നു. പകോസ് ഡി ഫെറെയ്‌റയുടെ താരമായി പ്രൊഫഷണൽ കരിയർ തുടങ്ങിയ ജോട്ട പിന്നീട് സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിൽ ചേർന്നു. പിന്നീട് ലോണിൽ പോർച്ചുഗീസ് ക്ലബ് പോർട്ടോയിൽ കളിച്ചു. തുടർന്ന് 2020ലാണ് ജോട്ട ഇംഗ്ലീഷ് ക്ലബ് ലിവർപൂളിലെത്തിയത്. 2022 എഫ് എ കപ്പ് നേടിയ ചെമ്പടക്കായി നിർണായക പ്രകടനമാണ് പോർച്ചുഗീസ് മുന്നേറ്റ താരം നടത്തിയത്.
യുർഗൻ ക്ലോപിന്റെ പിൻഗാമിയായി ആർനെ സ്ലോട്ട് ലിവർപൂൾ പരിശീലക സ്ഥാനമേറ്റെടുത്തപ്പോഴും ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു ജോട്ട. ഇത്തവണ പ്രീമിയർ ലീഗ് അടിച്ച ലിവർപൂൾ ടീമിനായും താരം തിളങ്ങി. ദേശീയ ടീമിലെ സഹതാരമായ ന്യൂനോ മെൻഡിസ്, ബാഴ്‌സ താരം ലമീൻ യമാൽ തുടങ്ങിയ താരങ്ങളും വിവിധ പ്രീമിയർ ലീഗ് ക്ലബുകളും ജോട്ടയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Adjust Story Font
16

