Quantcast

വീണ്ടും ബെഞ്ചിൽ, കട്ടക്കലിപ്പിൽ ക്രിസ്റ്റ്യാനോ; കളി തീരുംമുൻപ് ഗ്രൗണ്ട് വിട്ടു- ആഞ്ഞടിച്ച് ആരാധകർ

ക്രിസ്റ്റ്യാനോയുടെ നടപടി ലജ്ജിപ്പിക്കുന്നതാണെന്നാണ് ഫുട്ബോള്‍ ആരാധകര്‍ പ്രതികരിച്ചത്

MediaOne Logo

Web Desk

  • Published:

    20 Oct 2022 5:30 AM GMT

വീണ്ടും ബെഞ്ചിൽ, കട്ടക്കലിപ്പിൽ ക്രിസ്റ്റ്യാനോ; കളി തീരുംമുൻപ് ഗ്രൗണ്ട് വിട്ടു- ആഞ്ഞടിച്ച് ആരാധകർ
X

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ടോട്ടനത്തെ തകർത്തത്. ടീം മികച്ച വിജയം നേടിയെങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ അപ്രതീക്ഷിത നടപടിയാണ് ഇപ്പോൾ ഫുട്‌ബോൾ ലോകം ഏറ്റെടുത്തിരിക്കുന്നത്. വീണ്ടും ബെഞ്ചിലിരിക്കേണ്ടി വന്ന ക്രിസ്റ്റിയാനോ കളി തീരുംമുൻപ് കലിപ്പിൽ ഗ്രൗണ്ട് വിട്ടതാണ് വിവാദമായിരിക്കുന്നത്.

ഫൈനൽ വിസിലിനുമുൻപ് 90-ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടത്. നാല് മിനിറ്റ് ഇഞ്ചുറി സമയം അവശേഷിക്കെയായിരുന്നു താരം ടണൽവഴി മടങ്ങിയത്. ഈ സമയത്ത് മറുപടിയില്ലാതെ രണ്ടു ഗോളിനു മുന്നിട്ടുനിൽക്കുകയായിരുന്നു മാഞ്ചസ്റ്റർ. സംഭവത്തിൽ ഫുട്‌ബോൾ താരങ്ങളും കളി വിദഗ്ധരും ആരാധകരുമെല്ലാം കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ, വിഷയം നാളെ കൈകാര്യം ചെയ്യുമെന്നാണ് മാഞ്ചസ്റ്റർ പരിശീലകൻ എറിക് ടെൻ ഹാഗ് പ്രതികരിച്ചത്. ''താരം അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെ ഞാൻ കണ്ടിരുന്നു. എന്നാൽ, ഇതേക്കുറിച്ച് മത്സരശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. വിഷയം നാളെ കൈകാര്യം ചെയ്യും. ഇപ്പോൾ ഈ വിജയം ആഘോഷിക്കുകയാണ് ഞങ്ങൾ.''-എറിക് മാധ്യമങ്ങളോട് വ്യക്തമാക്കി.

ക്രിസ്റ്റ്യാനോയുടെ നടപടി ലജ്ജിപ്പിക്കുന്നതാണെന്ന് സ്‌പോർട്‌സ് ലേഖകൻ അലെക്‌സ് ടർക്ക് ട്വീറ്റ് ചെയ്തു. എറിക് ടെന്നിനു കീഴിൽ ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. താനില്ലാതെ തന്നെ ടീം നല്ല നിലയിൽ കളിക്കുമ്പോൾ ക്രിസ്റ്റിയാനോ അതു വ്യക്തിപരമായി എടുക്കുകയാണ് ചെയ്യുന്നതെന്നും അത് ഖേദകരമാണെന്നും അലെക്‌സ് ട്വീറ്റ് ചെയ്തു.

ആന്റണി, മാർക്കസ് റാഷ്‌ഫോർഡ്, സാഞ്ചോ എന്നിവരെല്ലാം കളത്തിലിറങ്ങിയിട്ടും മത്സരത്തിൽ ക്രിസ്റ്റിയാനോയെ എറിക് പുറത്തിരുത്തുകയായിരുന്നു. റാഷ്‌ഫോർഡിനെയാണ് ക്രി്‌സറ്റിയാനോയ്ക്ക് പകരം ഇറക്കിയത്. ഇടയ്ക്ക് ആന്റണിയെയും സാഞ്ചോയെയും തിരിച്ചുവിളിച്ചെങ്കിലും സൂപ്പർ താരത്തെ കളത്തിലിറക്കാൻ എറിക് തയാറായില്ല. ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ ആക്രമിച്ചു കളിച്ചെങ്കിലും അവസരങ്ങളെല്ലാം ടോട്ടനം ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ തകർപ്പൻ പ്രകടനത്തിൽ തട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ, രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റിൽ ഫ്രെഡ് മാഞ്ചസ്റ്ററിനു വേണ്ടി ആദ്യമായി ലക്ഷ്യം കണ്ടു. 69-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസും ഗോൾ വലയിലെത്തിച്ച് മാഞ്ചസ്റ്ററിന്റെ ലീഡുയർത്തി.

ജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ. ചെൽസിക്കു തൊട്ടുപിന്നിൽ ഒരു പോയിന്റ് മാത്രം അകലത്തിലാണ് ടീം. തോറ്റെങ്കിലും ടോട്ടനം മൂന്നാം സ്ഥാനം നിലനിർത്തി. 11 മത്സരങ്ങളിൽനിന്ന് 23 പോയിന്റാണ് ടീമിനുള്ളത്.

Summary: Manchester United forward Cristiano Ronaldo stormed down the tunnel during his team's Premier League victory over Tottenham Hotspur on before the final whistle blew

TAGS :

Next Story