Quantcast

ക്രിസ്റ്റ്യാനോയുടെ ആഡംബര ഹോട്ടൽ അഭയാർഥി ക്യാംപാക്കിയിട്ടില്ല; വാർത്തകൾ തള്ളി അധികൃതർ

മറാക്കിഷിലെ പ്രശസ്തമായ പെസ്താന സി.ആർ7 എന്ന ഫോർസ്റ്റാർ ഹോട്ടലാണ് അഭയാർഥി ക്യാംപായി മാറ്റിയതെന്നായിരുന്നു റിപ്പോർട്ടുകൾ.

MediaOne Logo

Web Desk

  • Published:

    11 Sep 2023 12:40 PM GMT

Cristiano Ronaldos Marrakesh hotel not offering shelter to Morocco earthquake victims
X

റബാത്ത്: മൊറോക്കോയിൽ ഭൂകമ്പത്തെ തുടർന്ന് അഭയാർഥികളായവർക്ക് കഴിയാൻ പോർച്ചു​ഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഹോട്ടൽ വിട്ടുനൽകിയെന്ന വാർത്ത തള്ളി അധികൃതർ. മറാക്കിഷിലെ പ്രശസ്തമായ പെസ്താന സി.ആർ7 എന്ന ഫോർസ്റ്റാർ ഹോട്ടലാണ് അഭയാർഥി ക്യാംപായി മാറ്റിയതെന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ മറാക്കിഷ് ഹോട്ടൽ അഭയാർഥികൾക്കായി വിട്ടുനൽകിയിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രശസ്ത കായിക വെബ്സൈറ്റായ ​ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. 'പുറത്തുവന്നത് തെറ്റായ വിവരമാണ്. ഇപ്പോൾ ഞങ്ങൾക്കുള്ള എല്ലാ ഉപഭോക്താക്കളും സാധാരണ റിസർവേഷൻ ചെയ്തിട്ടുണ്ട്'- ഹോട്ടൽ വക്താവ് പ്രസ്താവനയിൽ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

സ്പാനിഷ് ദേശീയ വനിതാ ഫുട്‌ബോൾ ടീമിൽ അംഗമായ ഐറിൻ സീക്‌സാസിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമമായ 'മാഴ്‌സ'യായിരുന്നു മുൻ വാർത്ത പുറത്തുവിട്ടത്. ക്രിസ്റ്റ്യാനോയുടെ ഹോട്ടൽ ദുരന്തബാധിതർക്കായി തുറന്നുനൽകിയെന്നായിരുന്നു ഐറിൻ പറഞ്ഞത്. മണിക്കൂറുകളോളം തെരുവിൽ കഴിഞ്ഞ ശേഷമാണ് ക്രിസ്റ്റ്യാനോയുടെ ഹോട്ടലിലെ സൗകര്യം ലഭിച്ചതെന്നും അവർ പറഞ്ഞിരുന്നു.

പിന്നാലെ, ഐറിന്റെ പ്രസ്താവന ഉദ്ധരിച്ച് മറ്റു മാധ്യമങ്ങളും വാർത്ത നൽകുകയായിരുന്നു. ഔട്ട്‌ഡോർ സ്വിമ്മിങ് പൂൾ, ഫിറ്റ്‌നെസ് സെന്റർ, റെസ്റ്റോറന്റ് ഉൾപ്പെടെയുള്ള ആഡംബര ഹോട്ടലാണിത്. കെട്ടിടത്തിൽ 174 മുറികളുണ്ട്. യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക ഉൾപ്പെടെ നിരവധി ഹോട്ടൽ ശൃംഖലകൾ ക്രിസ്റ്റ്യാനോയുടെ ഉടമസ്ഥതയിലുണ്ട്.

ഭൂകമ്പത്തിൽ ക്രിസ്റ്റ്യാനോ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മൊറോക്കോയിലെ ഭൂകമ്പത്തിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുകയാണ്. ഈ ദുരിതകാലത്ത് മൊറോക്കോയിലുള്ള എല്ലാവർക്കും എന്റെ സ്‌നേഹവും പ്രാർത്ഥനകളും അറിയിക്കുന്നുവെന്നും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

അടുത്തിടെ തുർക്കിയെയും സിറിയയെയും പിടിച്ചുകുലുക്കിയ വൻ ഭൂകമ്പത്തിൽ ദുരിതബാധിതർക്ക് വൈദ്യസഹായവും വഹിച്ചുള്ള പ്രത്യേക വിമാനങ്ങൾ ക്രിസ്റ്റ്യാനോ അയച്ചിരുന്നു. ടെന്റുകൾ, ഭക്ഷണം, പുതപ്പും കിടക്കയും, കുട്ടികളുടെ ഭക്ഷണവും പാലും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെ 3,50,000 യു.എസ് ഡോളറിന്റെ സഹായമാണ് വിമാനത്തിൽ അയച്ചിരുന്നത്.

സെപ്റ്റംബർ എട്ടിനാണ് മൊറോക്കോയെ ഞെട്ടിച്ച വൻ ഭൂകമ്പം നടന്നത്. മൊറോക്കിയിലെ വലിയ നഗരങ്ങളിലൊന്നായ മറാക്കിഷിന്റെ ദക്ഷിണ-പടിഞ്ഞാറൻ മേഖലകളിലായിരുന്നു റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്തത്. ദുരന്തത്തിൽ ഇതുവരെ 2,497 പേർ കൊല്ലപ്പെട്ടു. 2476 പരിക്കേൽക്കുകയും ചെയ്തു.

TAGS :

Next Story