Quantcast

21ാം നമ്പർ ജേഴ്‌സിയണിഞ്ഞ് മൈതാനത്ത്; ജോട്ടയുടെ ഓർമയിൽ വിതുമ്പി ക്രിസ്റ്റ്യാനോ

കഴിഞ്ഞവർഷം ഇതേ ദിവസമായിരുന്നു ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച ദുരന്തം സംഭവിച്ചത്.

MediaOne Logo

Sports Desk

  • Published:

    3 July 2026 4:10 PM IST

On the pitch wearing the number 21 jersey; Cristiano choked up remembering Jota.
X

ലോകകപ്പിൽ ക്രോയേഷ്യക്കെതിരായ നിർണായക പോരാട്ടം വിജയിച്ച ശേഷം പോർച്ചുഗീസ് ആരാധകർക്ക് അരികിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ നടന്നു നീങ്ങുന്നു. അദ്ദേഹം അപ്പോൾ അണിഞ്ഞിരുന്നത് 21ാം നമ്പർ ജേഴ്‌സിയായിരുന്നു. അകാലത്തിൽ പൊലിഞ്ഞ സഹതാരം ധരിച്ചിരുന്ന അതേ 21ാം നമ്പർ ജേഴ്‌സി. അവിടെ അപ്പോൾ ആർപ്പുവിളികളോ വലിയ ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല. എല്ലാവരുടേയും മനസ്സിൽ അപ്പോൾ ജോട്ടയുടെ ആ ചിരിക്കുന്ന മുഖം തെളിഞ്ഞുകാണണം. ക്രൊയേഷ്യക്കെതിരെയുള്ള കടുത്ത ലോകകപ്പ് പോരാട്ടത്തിൽ പോർച്ചുഗൽ കഷ്ടിച്ച് വിജയം നേടിയിട്ടേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ കളിക്കാർക്ക് ആദ്യം ചെയ്യേണ്ടിയിരുന്നത് കൃത്യം ഒരു വർഷം മുമ്പ് തങ്ങൾക്ക് നഷ്ടമായ തങ്ങളുടെ സഹതാരത്തെ സ്മരിക്കുക എന്നതായിരുന്നു. ടൊറന്റോയിലെ സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വൈകാരികമായ നിമിഷങ്ങൾക്ക് തുടക്കമായിരുന്നു. പോർച്ചുഗലിന്റെ ദേശീയ ഗാനം അവസാനിച്ചയുടൻ, സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനിൽ ജോട്ടയുടെ ചിത്രം തെളിഞ്ഞു. വികാരാധീനനായി നിൽക്കുന്ന റോണോയുടെ ദൃശ്യങ്ങൾ ക്യാമറകൾ പകർത്തി. ഈ താരങ്ങളിൽ പലർക്കുമൊപ്പം ഡ്രെസ്സിംഗ് റൂം പങ്കിട്ട വ്യക്തിയായിരുന്നു ജോട്ട, അദ്ദേഹത്തിന്റെ വേർപാട് ഇന്നും ടീമിനെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ദൃശ്യങ്ങൾ.

തുടർന്ന് പോർച്ചുഗലിനെ തുടക്കം മുതൽ ഒടുക്കം വരെ പരീക്ഷിച്ച ഒരു മത്സരമാണ് അരങ്ങേറിയത്. കളിയുടെ ഭൂരിഭാഗം സമയത്തും മികച്ച പ്രകടനം പുറത്തെടുത്ത ക്രൊയേഷ്യ പോർച്ചുഗലിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഇവാൻ പെരിസിച്ച് ക്രൊയേഷ്യക്ക് ലീഡ് നേടിക്കൊടുത്തുവെങ്കിലും, പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡോ സമനില പിടിച്ചു. പോർച്ചുഗൽ പോരാട്ടം തുടർന്നുവെങ്കിലും കളി അധികസമയത്തേക്ക് നീളുമെന്നാണ് തോന്നിച്ചത്. എന്നാൽ, സ്റ്റോപ്പേജ് ടൈമിൽ റാഫേൽ ലിയാവോ നൽകിയ മികച്ചൊരു ക്രോസ്സ് ഗോൺസാലോ റാമോസ് ഹെഡ്ഡറിലൂടെ വലയിലാക്കി പോർച്ചുഗലിന് വിജയഗോൾ സമ്മാനിച്ചു. എന്നിട്ടും നാടകീയ നിമിഷങ്ങൾ അവസാനിച്ചില്ല. അവസാന നിമിഷങ്ങളിൽ ക്രൊയേഷ്യ ഒരു ഗോൾ മടക്കിയെന്ന് തോന്നിച്ചെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്സൈഡ് ആണെന്ന് വിധിച്ച് ഒഴിവാക്കി.

മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയതിന് ശേഷമാണ് ആ രാത്രിയിലെ ഏറ്റവും അവിസ്മരണീയമായ നിമിഷം ഉണ്ടായത്. ജോട്ടയുടെ 21-ാം നമ്പർ പോർച്ചുഗൽ ജേഴ്‌സി ധരിച്ച് ദൂരെ നിന്നെത്തിയ ആരാധകർക്ക് മുന്നിലേക്ക് റൊണാൾഡോ നടന്നു നീങ്ങി. വൈകാതെ, ടീമിലെ മുഴുവൻ കളിക്കാരും അദ്ദേഹത്തിന് ചുറ്റും ഒത്തുകൂടുകയും ആ ജേഴ്‌സി ഉയർത്തിപ്പിടിക്കുകയും ചെയ്തു. ഈ വിജയം ഡിയോഗോ ജോട്ടയ്ക്കുള്ളതാണെന്ന് പ്രഖ്യാപിക്കുകയായിരുന്നില്ല അവർ. മറിച്ച്, വേർപാടിന്റെ ഒന്നാം വാർഷികത്തിൽ ഇപ്പോഴും അവൻ തങ്ങളുടെ ടീമിന്റെ ഭാഗമാണെന്ന് അടിവരയിടുകയായിരുന്നു.

2025 ജൂലൈ 3-ന് സ്‌പെയിനിൽ വെച്ചുണ്ടായ ഒരു കാർ അപകടത്തിലാണ് ജോട്ടയും സഹോദരൻ ആന്ദ്രെ സിൽവയും മരണപ്പെടുന്നത്. അന്ന് അദ്ദേഹത്തിന് 28 വയസ്സ് മാത്രമായിരുന്നു പ്രായം. ഹൃദയഭേദകമായ ആ ദിവസത്തിന് ശേഷം, പോർച്ചുഗൽ അദ്ദേഹത്തിന്റെ ഓർമ്മകളെ എപ്പോഴും നെഞ്ചിലേറ്റുന്നുണ്ട്. മാനേജർ റോബർട്ടോ മാർട്ടിനെസ് ജോട്ടയെ ലോകകപ്പ് ടീമിലെ ഓണററി അംഗമായി ഉൾപ്പെടുത്തിയിരുന്നു. ജോട്ടയുടെ പേര് ഉൾപ്പെടെ എല്ലാ ടീമംഗങ്ങളുടെയും പേരുകൾ എഴുതിയ പ്രത്യേക റിസ്റ്റ്ബാൻഡുകൾ ധരിച്ചാണ് താരങ്ങൾ ലോകകപ്പിൽ ഇറങ്ങിയത്.

പൊരുതി നേടിയ ജയത്തോടെ പോർച്ചുഗൽ ഇപ്പോൾ പ്രീ-ക്വാർട്ടറിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എന്നാൽ ഈ മത്സരത്തിന്റെ സ്‌കോർ ആളുകൾ മറന്നുപോയാലും, ഒരൊറ്റ ചിത്രം എന്നും മനസ്സിൽ നിലനിൽക്കും. ഡീഗോ ജോട്ടയുടെ ആ 21-ാം നമ്പർ ജേഴ്‌സി ഉയർത്തിപ്പിടിച്ച് പോർച്ചുഗൽ ആരാധകർക്ക് മുന്നിൽ നിൽക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആ മനോഹര ദൃശ്യം

TAGS :

Next Story