Quantcast

വീണ്ടും നാണം കെട്ട തോൽവി; യുനൈറ്റഡിനെ രക്ഷിക്കാൻ ഇനി ആര് വരും?

MediaOne Logo

Sports Desk

  • Published:

    7 May 2024 10:31 AM GMT

manchester united
X

മാഞ്ചസ്റ്റർ യുനൈറ്റഡ്. ആ പേരുകേട്ടാൽ യൂറോപ്പിലെ ഏത് ക്ലബും വിറച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ജോർജ് ബെസ്റ്റും ബോബി ചാർട്ടണും മുതൽ എറിക് കണ്ടോണയും റ്യാൻ ഗിഗ്സും ഡേവിഡ് ബെക്കാമും ക്രിസ്റ്റ്യാനോ റൊണാൾഡോയും ​വെയ്ൻ റൂണിയുമെല്ലാം വസന്തം തീർത്ത സമൃദ്ധമായ ഒരു ഭൂത കാലം അവർക്കുണ്ട്. വ്യവസായ വിപ്ലവത്തിന് ശേഷം തുണിവ്യവസായത്തിന്​ പേരുകേട്ടിരുന്ന മാഞ്ചസ്​റ്റർ നഗരം പിൽകാലത്ത്​ അറിയപ്പെട്ടതെല്ലാം​ മാഞ്ചസ്​റ്റർ യുണൈറ്റഡി​​​​​െൻറ വീരകഥകളിലൂടെയായിരുന്നു. അലക്സ് ഫെർഗൂസണും കുട്ടികളും ഇംഗ്ലീഷ് ഫുട്ബാളി​നെ അടക്കി ഭരിച്ച സമയങ്ങൾ. ആ ​പ്രതാപകാലത്തിന്റെ സ്മരണകളിൽ തുടരുന്ന വലിയ ആരാധകക്കൂട്ടം ഇന്നും യുനൈറ്റഡിനൊപ്പമുണ്ട്.

ക്രിസ്റ്റൽ പാലസിനെതിരെ പോയ രാത്രി ആ ആരാധകർക്ക് ശരിക്കും നിരാശയുടേതായിരുന്നു. ക്രിസ്റ്റൽ പാലസിനോട് നാണംകെട്ടത് എതിരില്ലാത്ത നാലുഗോളുകൾക്കാണ്. പ്രീമിയർ ലീഗിൽ 14ാം സ്ഥാനത്തുള്ള ക്രിസ്റ്റൽ പാലസിനെതിരെ സീസണിൽ രണ്ടാം തവണയും തോൽവിയറിഞ്ഞത് യുനൈറ്റഡ് ആരാധകരെ ശരിക്കും ഞെട്ടിച്ചു. അജാക്സിൽ നിന്നും ഏറെ പ്രതീക്ഷയോടെയെത്തിച്ച പരിശീലകൻ എറിക് ടെൻഹാഗും തങ്ങളുടെ സ്വപ്നങ്ങൾ തകർത്തുകളഞ്ഞെന്ന് വേദനയോടെ അവർ മനസ്സിലാക്കുന്നു.

സീസണിൽ ഇതുവരെ യുനൈറ്റഡ് വഴങ്ങിയത് 81 ഗോളുകളാണ്. 1977 ന് ശേഷം ഇത്രയും ഗോൾ ആദ്യമായാണ് യുനൈറ്റഡിന്റെ വലയിലെത്തുന്നത്. ​സീസണിൽ ഏറ്റവുമധികം ഷോട്ടുകൾ ഫേസ് ചെയ്ത ടീമും യുനൈറ്റഡാണ്. 317 ഷോട്ടുകളാണ് യുനൈറ്റഡ് ഗോൾമുഖ്യം ലക്ഷ്യമാക്കി ഇതുവരെയെത്തിയത്. ​പ്രീമിയർ ലീഗിലെ 20 ക്ലബുകളിൽ 300ന് മുകളിൽ ഷോട്ടുകൾ ഫേസ് ചെയ്തത് യുനൈറ്റഡും വെസ്റ്റ് ഹാമും മാത്രമാണ്. സീസണിൽ 13 പരാജയങ്ങൾ യുനൈറ്റഡിന്റെ പേരിലായി. 1992ൽ ​ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരംഭിച്ചതിന് ശേഷം ഇത്രയുമധികം മത്സരങ്ങൾ യുനൈറ്റഡ് തോൽക്കുന്നതും ആദ്യമായാണ്. 2021-22സീസണിൽ 12 മത്സരങ്ങൾ പരാജയപ്പെട്ടതായിരുന്നു ഇതിന് മുന്നിലുള്ള ​റെക്കോർഡ്. പ്രീമിയർ ലീഗിൽ ഏറ്റവും മോശമായി പരിശീലിപ്പിക്കപ്പെടുന്ന ടീം യുനൈറ്റഡാണെന്നാണ് ഫുട്ബാൾ പണ്ഡിറ്റ് ജാമി കാരഗർ അഭിപ്രായപ്പെട്ടത്. തോൽവിയുടെ എല്ലാഭാരങ്ങളും താൻ ഏറ്റെടുക്കുന്നതായി മത്സരശേഷം ടെൻഹാഗ് അഭിപ്രായപ്പെട്ടെങ്കിലും ആരാധകർ ക്ഷുഭിതരാണ്. ഇനിയൊരു സീസൺ കൂടി ടെൻഹാഗിനെ ഓൾഡ് ട്രാഫഡിൽ നിർത്തരുതെന്ന് അവർ ആവശ്യപ്പെടുന്നു.

തോൽവിക്ക് പിന്നാലെ ഏറ്റവുമധികം അമ്പുകൾ ഏൽക്കുന്ന മറ്റൊരാൾ കസിമിറോയാണ്. റയൽ മാഡ്രിഡിനായി സാന്റിയാഗോ ബെർണബ്യൂവിൽ ഉജ്ജ്വലമായി പന്തുതട്ടിയിരുന്ന കസിമിറോ ആദ്യ നാളുകളിൽ യുനൈറ്റഡിലും തകർപ്പൻ ഫോമിലായിരുന്നു. എന്നാൽ പതിയെ കഥ മാറി. ക്രിസ്റ്റൽ പാലസിനെതിരെയുള്ള തോൽവിയോടെ ആ പതനം പൂർത്തിയാകുന്നു. പൊസിഷൻ മാറി പ്രതിരോധ നിരയിൽ ബൂട്ടുകെട്ടിയ കസിമിറോക്ക് വലിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ടായിരുന്നു. പക്ഷേ പ്രീമിയർലീഗിന്റെ നിലവാരത്തെപ്പോലും ചോദ്യം ചെയ്യുന്ന വിധമാണ് ആ കാലുകൾ ചലിച്ചത്. ഞാൻ പ്രീമിയർ ലീഗിൽ ദർശിച്ച ഏറ്റവും​ മോശം പെർഫോമൻസാണ് കസിമിറോ പോയ രാത്രി നടത്തിയതെന്നാണ് ഫുട്ബോൾ വിദഗ്ധൻ മാത്യൂ പിൻകസ് ട്വീറ്റ് ചെയ്തത്. പത്തിൽ പൂജ്യം മാർക്കാണ് പ്രകടനത്തിന് നൽകുകയെന്നും എന്നിട്ടും കസിമിറോയെ ഗ്രൗണ്ടിൽ തുടരാൻ ടെൻഹാഗ് അനുവദിച്ചത് ഞെട്ടിക്കുന്നുവെന്നുമാണ് സ്റ്റീഫൻ ഹോവ്സൺ അഭിപ്രായ​പ്പെട്ടത്. കസിമിറോ ഇനി പ്രീമിയർ ലീഗിൽ പന്തുതട്ടരുതെന്നും സൗദിയിലേക്കോ അമേരിക്കയിലക്കോ ചേക്കേറണമെന്നുമാണ് ജാമി കാരഗർ സ്കൈ സ്​പോർട്സിൽ പറഞ്ഞത്. റയലിനൊപ്പം അഞ്ചുചാമ്പ്യൻസ് ലീഗ് വിജയങ്ങളിൽ നിർണായക സാന്നിധ്യമായ കസിമിറോ 2022ലാണ് നാലുവർഷ കരാറിൽ യുനൈറ്റഡിലെത്തിയത്. 32കാരനായ കസി​മിറോക്ക് രണ്ടുവർഷം ഇനിയും ശേഷിക്കുന്നുണ്ടെങ്കിലും പുതിയ സാഹചര്യങ്ങളിൽ തുടരാനുള്ള സാധ്യത വിരളമാണ്.

ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലാതെ കടുത്ത സാമ്പത്തിക നഷ്ടം നേരിട്ട യുനൈറ്റഡിന്റെ യൂറോപ്പ ലീഗ് യോഗ്യതയും സംശയത്തിലായിരിക്കുന്നു. മെയ് 25ന് വെംബ്ലിയിൽ നടക്കുന്ന എഫ്.എ കപ്പ് ഫൈനലിലേക്കാണ് യുനൈറ്റഡ് ആരാധകരുടെ കണ്ണുകളെല്ലാം നീളുന്നത്. ഒരു പക്ഷേ വെംബ്ലിയിൽ മാഞ്ചസ്റ്റർ സിറ്റിയോട് വിജയിക്കാനായാൽ സീസണിലുടനീളം കുടിച്ച കണ്ണീരിനെല്ലാം ഒരു മറുപടിയാകുമെന്ന് അവർ വിശ്വസിക്കുന്നു. പ​​​​​ക്ഷേ അടിക്കടി ശക്തി വർധിക്കുന്ന പെപ് ഗ്വാർഡിയോളയുടെ സ്ക്വാഡിന് മുമ്പിൽ എന്ത് ആയുധങ്ങൾ യുനൈറ്റഡ് പുറത്തെടുക്കുമെന്ന് കണ്ടറിയണം.

TAGS :

Next Story