Quantcast

'നിങ്ങളേക്കാള്‍ മികച്ചത് ക്രിസ്റ്റ്യാനോയാണ്'; ബെല്ലിങ്ങാം മെസ്സിയോട് അങ്ങനെ പറഞ്ഞോ? Fact Check

ബെല്ലിങ്ങാം എന്താണ് രൂക്ഷമായി മെസ്സിയോട് പറഞ്ഞത് എന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-07-16 09:06:05

Published:

16 July 2026 2:25 PM IST

Did Jude Bellingham tell Lionel Messi Ronaldo is better
X

ഫിഫ ലോകകപ്പില്‍ നടന്ന വാശിയേറിയ അര്‍ജന്റീന-ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം ചില പരുക്കന്‍ അടവുകള്‍ക്കും വാക്കേറ്റങ്ങള്‍ക്കും സാക്ഷിയായിരുന്നു. പലപ്പോഴും വാക്കേറ്റങ്ങള്‍ റഫറി ഇടപെട്ട് അവസാനിപ്പിക്കേണ്ടിവന്നു. ഇംഗ്ലീഷ് നിരയില്‍ യുവതാരം ജൂഡ് ബെല്ലിങ്ങാം ആയിരുന്നു പലപ്പോഴും തര്‍ക്കങ്ങളില്‍ പങ്കുകൊണ്ടത്. 2-1ന് അർജൻറീന ജയിച്ച മത്സരത്തിനിടെ മെസ്സിയോട് ബെല്ലിങ്ങാം രൂക്ഷമായി സംസാരിക്കുന്നത് കണ്ടിരുന്നു. ബെല്ലിങ്ങാമിന്റെ വാക്കുകളില്‍ മെസ്സിക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്ന് വ്യക്തമായിരുന്നു.

മെസിയെ ഫൗള്‍ ചെയ്തതിന് ബെല്ലിങ്ങാം അര്‍ജന്റീനന്‍ താരങ്ങളുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മെസിയെ ഫൗള്‍ ചെയ്ത ശേഷം അദ്ദേഹം അഭിനയിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ബെല്ലിങ്ങാമിന്റെ തര്‍ക്കം. ബെല്ലിങ്ങാം എന്താണ് രൂക്ഷമായി മെസ്സിയോട് പറഞ്ഞത് എന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. തര്‍ക്കത്തിനൊടുവില്‍ 'റൊണാള്‍ഡോയാണ് നിങ്ങളേക്കാള്‍ മികച്ചത്' എന്ന് ബെല്ലിങ്ങാം മെസ്സിയോട് പറഞ്ഞുവെന്നാണ് ചില പോസ്റ്റുകള്‍ അവകാശപ്പെട്ടത്. മത്സരശേഷം ബെല്ലിങ്ങാം മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞെന്നാണ് അവകാശവാദം.

'ഇവിടെ വരെയെത്തിയതില്‍ മെസ്സിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലെന്നും അധികൃതര്‍ സഹായിച്ചാണ് എത്തിയതെന്ന് ലോകത്തിന് മുഴുവന്‍ അറിയാമെന്നും ഞാന്‍ പറഞ്ഞു. ക്രിസ്റ്റ്യാനോ റോണാള്‍ഡോയാണ് നിങ്ങളേക്കാള്‍ മികച്ചത് എന്നും പറഞ്ഞു' -ഇതാണ് ഡേവിഡ് ഓണ്‍സൈഡ് എന്നയാള്‍ ബെല്ലിങ്ങാം പറഞ്ഞതായി എക്‌സ് പോസ്റ്റില്‍ അവകാശപ്പെട്ടത്. ഇതിന് വന്‍ പ്രചാരം ലഭിച്ചു. ആയിരക്കണക്കിനാളുകള്‍ പോസ്റ്റ് പങ്കിട്ടു.


എന്നാല്‍, ഇത് സത്യമാണോ? ബെല്ലിങ്ങാം യഥാര്‍ത്ഥത്തില്‍ മെസ്സിയോട് അങ്ങനെ പറഞ്ഞിട്ടുണ്ടോ? താന്‍ മെസ്സിയോട് അങ്ങനെ സംസാരിച്ചതായി ബെല്ലിങ്ങാം പറഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇരുവരുടെയും സംസാരം മൈതാനത്ത് വെച്ചായിരുന്നതിനാല്‍ മറ്റാരും കേട്ടിട്ടുമില്ല. മത്സരത്തിന് ശേഷം സംസാരിച്ചപ്പോഴും ബെല്ലിങ്ങാം, പോസ്റ്റില്‍ അവകാശപ്പെട്ടതുപോലെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ 'നിങ്ങളേക്കാള്‍ മികച്ചത് ക്രിസ്റ്റ്യാനോയാണ്' എന്ന് മെസ്സിയോട് ബെല്ലിങ്ങാം പറഞ്ഞുവെന്ന വൈറല്‍ പോസ്റ്റിലെ അവകാശവാദം തെറ്റാണ്. മാത്രവുമല്ല, പോസ്റ്റിട്ട ഡേവിഡ് ഓണ്‍സൈഡ് എന്ന പ്രൊഫൈല്‍ ഒരു പാരഡി അക്കൗണ്ടാണ്. 'ഈ അക്കൗണ്ടില്‍ നിന്ന് വരുന്ന ഒരു വാക്കുപോലും വിശ്വസിക്കരുത്' എന്നാണ് പ്രൊഫൈല്‍ ബയോ ആയി നല്‍കിയിരിക്കുന്നത്.

മത്സരത്തില്‍ തുടക്കം മുതല്‍ അര്‍ജന്റീന താരങ്ങളുമായി ബെല്ലിങ്ങാം ഉടക്കിയിരുന്നു. ലിയാന്‍ഡ്രോ പരഡെസുമായി തുടക്കത്തിലേ തെറ്റിയ ബെല്ലിങ്ങാം കളി കഴിഞ്ഞ ശേഷവും ഉടക്കുണ്ടാക്കി. അര്‍ജന്റീനിയന്‍ ടീമിന്റെ ആഘോഷത്തിനിടെ തിരിഞ്ഞു നില്‍ക്കുകയായിരുന്നു ബാര്‍കോയുടെ തലയ്ക്ക് പിന്നിലാണ് ബെല്ലിങ്ങാം അടിച്ചത്. ബെല്ലിങ്ങാമിന് നേരെ തിരിഞ്ഞ ബാര്‍കോ താരത്തെ പിടിച്ചുതള്ളി. ഇതിനിടെ എത്തിയ പലാസിയോസും ബെല്ലിങ്ങാമിനെ തള്ളിയതോടെ കൂടുതല്‍ ഇംഗ്ലണ്ട് താരങ്ങളെത്തി രംഗം ശാന്തമാക്കുകയായിരുന്നു.

അതേസമയം, മത്സരശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ മെസിയെ വാനോളം പ്രശംസിച്ചിരുന്നു. 'മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മെസ്സിയെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഞങ്ങള്‍ക്കായി. എന്നാല്‍, ഫൈനല്‍ തേഡില്‍ മെസ്സിയുടെ കാലില്‍ പന്ത് എത്തുമ്പോള്‍, ലോകത്തിലെ അപകടകാരികളായ കളിക്കാരെ പോലെ, കളി നിയന്ത്രിക്കാനും അവസരങ്ങള്‍ സൃഷ്ടിക്കാനും അവര്‍ക്ക് സാധിക്കും. മെസ്സി അത് ഇന്നും ആവര്‍ത്തിച്ചു. എന്തുകൊണ്ടാണ് മെസ്സി ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊന്നാണ് എന്ന് പറയുന്നതിന്റെ കാരണവും ഇതാണ്' -കെയ്ന്‍ പറഞ്ഞു.


TAGS :

Next Story