മാഞ്ചസ്റ്റർ സിറ്റിയിൽ ഗോളി ചെയ്ഞ്ച്; ഡോണറുമ എത്തിഹാദിൽ, എഡേഴ്‌സൺ തുർക്കിയിലേക്ക്
പിഎസ്ജിയിൽ നിന്നാണ് ഇറ്റാലിയൻ ഗോൾകീപ്പർ സിറ്റിയിലെത്തുന്നത്.

ലണ്ടൻ: ട്രാൻസ്ഫർ വിൻഡോയുടെ അവസാനദിനം യൂറോപ്പിൽ ചടുല നീക്കങ്ങൾ. വിൻഡോയുടെ തുടക്കം മുതൽ അനിശ്ചിതത്വത്തിലായിരുന്ന ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂയിജി ഡൊന്നാറുമയുടെ ഭാവിയിൽ ഒടുവിൽ തീരുമാനമായി. ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജർമനിൽ നിന്ന് 361 കോടിയ്ക്കാണ് താരത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. ബ്രസീലിയൻ ഗോൾകീപ്പർ എഡേഴ്സണ് പകരമായാണ് 26 കാരനെ സിറ്റി എത്തിച്ചത്.
ഈ സീസൺ ആരംഭിക്കുന്നതിനു മുമ്പു തന്നെ ഇറ്റാലിയൻ ഗോൾ കീപ്പർ പിഎസ്ജി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പിഎസ്ജിയെ ചാമ്പ്യൻസ് ലീഗ് കിരീടം അടക്കം ട്രെബിൾ നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച താരത്തിനു പകരമായി പുതിയ ഗോൾകീപ്പറായി ലില്ലെയിൽ നിന്ന് ലൂക്കാസ് ഷെവെലിയ എത്തിച്ചതോടെ ക്ലബുമായി അസ്വാരസ്യത്തിലായതോടെ ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പ്രീമിയർ ലീഗ് വമ്പൻമാരായ സിറ്റി താരത്തിനായി വലവിരിക്കുകയായിരുന്നു.
കഴിഞ്ഞ എട്ടുവർഷങ്ങളായി ബ്രസീലിയൻ എഡേഴ്സണായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ. ക്ലബ് ആറ് പ്രീമിയർ ലീഗ്, ഒരു ചാമ്പ്യൻസ് ലീഗ്, രണ്ട് എഫഎ കപ്പ്, നാല് ലീഗ്സ് കപ്പ് എന്നിവ നേടുമ്പോൾ ടീമിലെ നിർണായക സാന്നിധ്യമായി. എന്നാൽ ഒരു വർഷം ശേഷിക്കെയാണ് താരം 144 കോടി രൂപക്ക് ടർക്കിഷ് ക്ലബായ ഫെനർബാഷയിലേക്ക് ചേക്കേറിയത്. 2017 ൽ ബെൻഫിക്കയിൽ നിന്നാണ് ബ്രസീലിയൻ താരം സിറ്റിയിലെത്തുന്നത്. ഈ സീസണിൽ ചെൽസിയിൽ നിന്ന് മാർക്കസ് ബെറ്റിനെല്ലിയെയും ബേൺലിയിൽ നിന്ന് ട്രാഫോഡിനെയും ക്ലബ് തട്ടകത്തിലെത്തിച്ചിരുന്നു. അവാസാനദിനമായ ഇന്ന് ഒട്ടേറെ ട്രാൻസ്ഫറുകളാണ് പൂർത്തിയായത്.
Adjust Story Font
16

