ഫുട്ബോൾ ആരാധകരേ ശാന്തരാകുവിൻ; ഇന്ത്യയിലെ ലോകകപ്പ് സംപ്രേഷണാവകാശ ചർച്ചകൾ പൂർത്തിയായി

ന്യൂഡൽഹി: ലോകകപ്പിനായി കാത്തിരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആശ്വാസവാർത്ത. 2026-ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ തത്സമയം കാണാനുള്ള സംപ്രേഷണാവകാശം സംബന്ധിച്ച ചർച്ചകൾ പൂർത്തിയായതായി സൂചന. അടുത്ത ആഴ്ചയോടെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ വ്യക്തമാക്കി. എക്സ് (X) ഹാൻഡിലിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
"ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഒരു വലിയ വാർത്ത! കാത്തിരിപ്പ് അവസാനിക്കുകയാണ്. ചർച്ചകളെല്ലാം പൂർത്തിയായി. 2026 ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ ഒഫീഷ്യൽ ബ്രോഡ്കാസ്റ്റിംഗ് പങ്കാളിയെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം ആരാധകർക്ക് ഇനി സമാധാനിക്കാം — ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ പൂർണമായും ലഭ്യമാകും," ഷാജി പ്രഭാകരൻ കുറിച്ചു.
ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ ഇന്ത്യൻ സംപ്രേഷണാവകാശം ഇതുവരെ ഒരു ചാനലും സ്വന്തമാക്കാതിരുന്നത് വലിയ ആശങ്കകൾക്ക് കാരണമായിരുന്നു. മത്സരങ്ങൾ നടക്കുന്നത് അമേരിക്കൻ ഭൂഖണ്ഡത്തിലായതിനാൽ ഇന്ത്യയിൽ അർധ രാത്രിയിലും പുലർച്ചെയുമാകും ഭൂരിഭാഗം കളികളും നടക്കുക. ഇത് പരസ്യ വരുമാനത്തെ ബാധിക്കുമെന്ന ഭയത്താലാണ് മുൻനിര ഇന്ത്യൻ ചാനലുകൾ വലിയ തുക മുടക്കാൻ മടിച്ചത്.
തുടക്കത്തിൽ 100 മില്യൺ ഡോളറാണ് ഫിഫ ആവശ്യപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഇത് 35 മില്യൺ ഡോളറിലേക്ക് കുറച്ചതായാണ് റിപ്പോർട്ടുകൾ. റിലയൻസ്-ഡിസ്നി കൂട്ടുകെട്ടുമായി ഫിഫ ചർച്ചകൾ നടത്തിയെങ്കിലും തുകയെച്ചൊല്ലിയുള്ള തർക്കങ്ങൾ കാരണം അത് തീരുമാനമാകാതെ നീളുകയായിരുന്നു. സോണി ലേലത്തിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുകയും ചെയ്തു.
ലോകകപ്പ് സംപ്രേഷണം ചെയ്യാൻ ആരുമില്ലാത്ത അവസ്ഥ വന്നതോടെ, വിഷയം ഡൽഹി ഹൈക്കോടതിയുടെ മുന്നിലെത്തിയിരുന്നു. ഫിഫ ലോകകപ്പ് ഒരു 'ദേശീയ പ്രാധാന്യമുള്ള കായിക ഇനമായി' പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ദൂരദർശൻ , ഡിഡി സ്പോർട്സ് തുടങ്ങിയ പൊതു പ്ലാറ്റ്‌ഫോമുകളിലൂടെയെങ്കിലും മത്സരങ്ങൾ സൗജന്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ കേന്ദ്ര സർക്കാരിനും പ്രസാർ ഭാരതിക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. അവ്ധേഷ് ബൈർവ ഹർജി നൽകിയിരുന്നു. ഇതിന്മേൽ കോടതി കേന്ദ്രത്തിനും പ്രസാർ ഭാരതിക്കും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
എന്നാൽ ഷാജി പ്രഭാകരന്റെ പുതിയ വെളിപ്പെടുത്തലോടെ ഒരു പ്രമുഖ ബ്രോഡ്കാസ്റ്റിംഗ് പങ്കാളിയുമായി ഫിഫ കരാറിലെത്തിയെന്നാണ് വ്യക്തമാകുന്നത്. വരും ദിവസങ്ങളിൽ ഏത് ചാനലിലാണ്, അല്ലെങ്കിൽ ഏത് ഒടിടി (OTT) പ്ലാറ്റ്‌ഫോമിലാണ് കളി കാണാൻ കഴിയുക എന്ന കാര്യത്തിൽ പൂർണമായ വ്യക്തത വരും.
Adjust Story Font
16

