Quantcast

മാർസലോയുടെ മകൻ സ്‌പെയിൻ യൂത്ത് ടീമിൽ; വരവറിയിച്ചത് റയൽ യൂത്ത് അക്കാദമിയിലൂടെ

റയൽ മാഡ്രിഡിനായി 16 സീസണിൽ പന്തുതട്ടിയ മാർസെലോ സമീപകാലത്തായി ഫുട്‌ബോളിൽ നിന്ന് വിരമിച്ചിരുന്നു

MediaOne Logo

Sports Desk

  • Published:

    13 March 2025 8:13 PM IST

Marcelos son joins Spain youth team; announced through Real Madrid youth academy
X

മാഡ്രിഡ്: ബ്രസീലിയൻ മുൻ ഫുട്‌ബോളർ മാർസെലയുടെ മകൻ എൻസോ ആൽവസ് സ്‌പെയിൻ അണ്ടർ 17 ദേശീയ ടീമിൽ ഇടംപിടിച്ചു. സ്‌പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ ജനിച്ച ആൽവസ് പിതാവിന്റെ ജൻമദേശമായ ബ്രസീലിലേക്ക് പോകാതെ ഭാവി സ്‌പെയിനിലാണെന്ന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്പാനിഷ് അണ്ടർ 17 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് രണ്ടാം റൗണ്ടിലേക്കുള്ള ടീമിലാണ് മാർസെലയുടെ മകനും ഇടംപിടിച്ചത്. മുന്നേറ്റനിരയിൽ കളിക്കുന്ന താരം ഇതിനോടകം മികച്ച പ്രകടനത്തിലൂടെ ലോകശ്രദ്ധ ആകർഷിച്ചിരുന്നു.

റയൽ മാഡ്രിഡ് യൂത്ത് അക്കാദമിയിലൂടെയാണ് എൻസോ ആൽവസ് കാൽപന്തുകളിയിൽ ചുവടുറപ്പിച്ചത്. തുടർന്ന് സ്‌പെയിൻ അണ്ടർ 15,16 ടീമുകൾക്കുവേണ്ടിയും 15 കാരൻ ബൂട്ടുകെട്ടി. ഇതോടെയാണ് യൂത്ത് ടീമിലേക്കുള്ള വിളിയെത്തിയത്. പിതാവിന്റെ തട്ടകമായിരുന്ന റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിലും അംഗമാണ് ആൽവസ്. ഇടതുവിങ്ബാക്കായാണ് മാർസലോ ശ്രദ്ധിക്കപ്പെട്ടതെങ്കിൽ ഗോളടിച്ച് കൂട്ടാനാണ് മകന് താൽപര്യം.

റയൽ മാഡ്രിഡിന്റെ എക്കാലത്തേയും മികച്ച താരമായ മാർസലോ 16 സീസണാണ് ക്ലബിനൊപ്പമുണ്ടായിരുന്നത്. ഇതിനിടെ ചാമ്പ്യൻസ് ലീഗടക്കം പ്രധാന ട്രോഫികളെല്ലാം റയലിലെത്തി. 354 മത്സരങ്ങളിൽ നിന്നായി ലോസ് ബ്ലാങ്കോസിനായി 25 ഗോളുകളും ഈ ലെഫ്റ്റ് ബാക്ക് സ്വന്തമാക്കി. കരിയറിലെ അവസാനം തന്റെ ബാല്യകാല ക്ലബായ ബ്രസീലിലെ ഫ്‌ളുമിനസിലേക്ക് ചേക്കേറിയ താരം അടുത്തിടെ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ബ്രസീൽ ടീമിനായി 58 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ മാർസലോ 6 ഗോളുകളും നേടി.

TAGS :

Next Story