Quantcast

പണം റെഡിയെന്ന് മാഞ്ചസ്റ്റർ, താൻ പോകുന്നില്ലെന്ന് താരം; കുടുങ്ങിയത് ബാഴ്‌സ

ബാഴ്സ തരാനുള്ള 17 മില്യൺ കിട്ടാതെ ട്രാൻസ്ഫറിന് സമ്മതിക്കേണ്ടെന്നാണ് താരത്തിന് കിട്ടിയ ഉപദേശം

MediaOne Logo

Web Desk

  • Updated:

    2022-07-13 12:43:39.0

Published:

13 July 2022 5:58 PM IST

പണം റെഡിയെന്ന് മാഞ്ചസ്റ്റർ, താൻ പോകുന്നില്ലെന്ന് താരം; കുടുങ്ങിയത് ബാഴ്‌സ
X

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി ബാഴ്‌സലോണ സജീവമായി പരിഗണിക്കുന്ന ട്രാൻസ്ഫർ അവതാളത്തിൽ. യുവ മിഡ്ഫീൽഡർ ഫ്രെങ്കി ഡിയോങ്ങിനെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ യുനൈറ്റഡിന് കൈമാറാനുള്ള ശ്രമമാണ് താരത്തിന്റെ വിസമ്മതം കാരണം തുലാസിലായത്. ബാഴ്‌സ ആവശ്യപ്പെട്ട പണം നൽകാൻ ഇംഗ്ലീഷ് ക്ലബ്ബ് തയാറായെങ്കിലും, ക്യാംപ്‌നൗ വിട്ട് തൽക്കാലം പോകുന്നില്ലെന്നാണ് 25-കാരനായ ഡിയോങിന്റെ നിലപാട്. ഡിയോങ്ങിന്റെ കരാറിൽ പറഞ്ഞ ശമ്പളം കുറക്കുന്നത് അംഗീകരിക്കില്ലെന്നും താരത്തിന്റെ ഏജന്റുമാർ വ്യക്തമാക്കി.

'ക്ലബ്ബ് വിടാൻ ഫ്രെങ്കി ഡിയോങ്ങിന് ഉദ്ദേശ്യമില്ലെന്ന് താരത്തിന്റെ ഏജന്റുമാരായ അലി ദുർസുനും ഹസൻ സെൻതിൻകയയും ബാഴ്‌സലോണയെ അറിയിച്ചിട്ടുണ്ട്. കുറഞ്ഞ ശമ്പളം സ്വീകരിക്കാനോ അതേപ്പറ്റി സംസാരിക്കാനോ തയാറല്ലെന്നും അവർ പറയുന്നു.' - ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

ഇംഗ്ലീഷ് ക്ലബ്ബ് ലീഡ്‌സ് യുനൈറ്റഡിൽ നിന്ന് ബ്രസീലിയൻ വിങ്ങർ റഫിഞ്ഞയെ സ്വന്തമാക്കുന്നതിനുള്ള ശ്രമം പൂവണിയുന്നതിനിടെയാണ് ബാഴ്‌സ മാനേജ്‌മെന്റിന് അസ്വാരസ്യം സൃഷ്ടിച്ചുകൊണ്ട് ഫ്രെങ്കി ഡിയോങ് നിലപാട് വ്യക്തമാക്കുന്നത്. ഡച്ച് താരത്തിന്റെ ട്രാൻസ്ഫറിലൂടെ ലഭിക്കുന്ന 65 മില്യൺ യൂറോ (521 കോടി രൂപ) റഫിഞ്ഞ അടക്കമുള്ള പുതിയ ട്രാൻസ്ഫറുകൾക്ക് ഉപയോഗിക്കാം എന്നായിരുന്നു ബാഴ്‌സ മാനേജ്‌മെന്റിന്റെ കണക്കുകൂട്ടൽ. ഡിയോങ്ങിന്റെ ട്രാൻസ്ഫർ നടക്കാതെ പോയാൽ പല കളിക്കാരെയും രജിസ്റ്റർ ചെയ്യാൻ ബാഴ്‌സ ബുദ്ധിമുട്ടും.

പ്രതിവർഷം 14 മില്യൺ യൂറോ ആണ് ഡിയോങ്ങിന് ബാഴ്സയിലെ ശമ്പളം. കോവിഡ് പശ്ചാത്തലത്തിൽ ഇതിന്റെ 88 ശതമാനം മാത്രമാണ് താരത്തിന് നൽകിയിരുന്നത്. നിലവിൽ ശമ്പള ഇനത്തിൽ ഫ്രെങ്കി ഡിയോങ്ങിന് ബാഴ്‌സ 17 മില്യൺ യൂറോ (136 കോടി രൂപ) നൽകാനുണ്ടെന്നാണ് കണക്ക്. ക്ലബ്ബ് മാറിയാൽ ഈ വലിയ തുക ലഭിക്കാതെയാവും. ഇതു ലഭിക്കാതെ ട്രാൻസ്ഫറിന് സമ്മതിക്കേണ്ടതില്ലെന്ന് ഏജന്റുമാർ താരത്തെ ധരിപ്പിച്ചതായാണ് സൂചന.

2019-ൽ പി.എസ്.ജിയുടെയും മാഞ്ചസ്റ്റർ യുനൈറ്റഡിന്റെയും വൻ ഓഫറുകൾ തള്ളിയാണ് ഡച്ച് ക്ലബ്ബ് അയാക്‌സിൽ നിന്ന് ഫ്രെങ്കി ഡിയോങ് ബാഴ്‌സയിൽ ചേർന്നത്. കഴിഞ്ഞ സീസണുകളിൽ ലാലിഗ ടീമിന്റെ മിഡ്ഫീൽഡിലെ സ്ഥിരസാന്നിധ്യമാണ് താരം. ക്ലബ്ബ് വിടാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

ഡിയോങ്ങിനെ അയാക്‌സിൽ പരിശീലിപ്പിച്ച എറിക് ടെൻ ഹാഗ് മുഖ്യപരിശീലകനായി ചുമതലയേറ്റതോടെയാണ് ഡിയോങ്ങിനു വേണ്ടി മാഞ്ചസ്റ്റർ ബാഴ്‌സയെ സമീപിച്ചത്. 65 മില്യൺ യൂറോ ട്രാൻസ്ഫർ തുകയും 20 മില്യൺ അധികതുകയും നൽകണമെന്നാണ് ബാഴ്‌സ ആവശ്യപ്പെട്ടത്. ട്രാൻസ്ഫർ തുക അംഗീകരിച്ച യുനൈറ്റഡ് അധിക തുകയെപ്പറ്റിയുള്ള ചർച്ചകൾ നടത്തി വരികയായിരുന്നു.

TAGS :

Next Story