Quantcast

ബാഴ്‌സയുടെ സൂപ്പർ മിഡ്ഫീൽഡറെ റാഞ്ചാൻ മാഞ്ചസ്റ്റർ; ട്രാൻസ്ഫർ തുക ധാരണയായി

ബാഴ്സലോണ ശമ്പളം വെട്ടിക്കുറച്ചേക്കുമെന്ന സൂചനയ്ക്കിടെയാണ് മാഞ്ചസ്റ്ററിന്റെ നീക്കം

MediaOne Logo

Web Desk

  • Published:

    4 July 2022 10:31 AM GMT

ബാഴ്‌സയുടെ സൂപ്പർ മിഡ്ഫീൽഡറെ റാഞ്ചാൻ മാഞ്ചസ്റ്റർ; ട്രാൻസ്ഫർ തുക ധാരണയായി
X

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ യുവ മിഡ്ഫീൽഡർ ഫ്രങ്കി ഡിയോങ്ങിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ശ്രമങ്ങൾ സഫലമാകുന്നു. 65 മില്യൺ യൂറോ (165 കോടി രൂപ) നൽകാമെങ്കിൽ ഡച്ച് താരത്തെ കൈമാറാമെന്ന് ബാഴ്‌സലോണ സമ്മതിച്ചതായി പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. ബാഴ്‌സയിൽ തന്നെ തുടരാനാണ് 25-കാരന് ആഗ്രഹമെങ്കിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ലബ്ബ് താരത്തിന്റെ ശമ്പളം വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

(Frenkie De Jong set to join Manchester United in a €65 million deal. Discussion goes on between clubs, according to Fabricio Romano)

കഴിഞ്ഞ മൂന്ന് സീസണുകളിൽ ബാഴ്‌സ മിഡ്ഫീൽഡിലെ സ്ഥിരം സാന്നിധ്യമായ ഡിയോങ്ങിനെ കൈവിടില്ലെന്ന് ക്ലബ്ബ് പ്രസിഡണ്ട് ജോൺ ലാപോർട്ട വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രാൻസ്ഫർ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ റൊമാനോ പുറത്തുവിട്ടിരിക്കുന്നത്.

'ഫ്രെങ്കി ഡിയോങിന്റെ കാര്യത്തിൽ ബാഴ്‌സയും മാഞ്ചസ്റ്റർ യുനൈറ്റഡും 65 മില്യൺ എന്ന തുക ഉറപ്പിച്ചു. 20 മില്യൺ അധിക തുകയെപ്പറ്റിയാണ് ഇനിയുള്ള ചർച്ച. വ്യക്തിപരമായ വ്യവസ്ഥകൾ ഇതുവരെ ചർച്ചയിൽ വന്നിട്ടില്ല. ബാഴ്‌സയിൽ തന്നെ തുടരാനാണ് ഫ്രെങ്കിയുടെ താൽപര്യം. ശമ്പളം വെട്ടിക്കുറക്കുന്നത് ഫ്രെങ്കിയുടെ പക്ഷം അംഗീകരിക്കാൻ ഇടയില്ല.' - റെമാനോ പറയുന്നു.

ഡച്ച് ക്ലബ്ബ് അയാക്‌സ് ആംസ്റ്റർഡാമിലെ മിന്നും പ്രകടനത്തിനു പിന്നാലെ 2019-ലാണ് ഫ്രെങ്കി ഡിയോങ് ബാഴ്‌സയിലെത്തുന്നത്. പി.എസ്.ജി, മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ചാണ് ഡച്ച് താരം അന്ന് ബാഴ്‌സയെ സ്വീകരിച്ചത്. 75 മില്യൺ യൂറോ ആയിരുന്നു അഞ്ചുവർഷത്തേക്കുള്ള കരാർ തുക. ഇതിനകം 98 മത്സരങ്ങളിൽ ബാഴ്‌സയ്ക്കു വേണ്ടി ബൂട്ടുകെട്ടിയ താരം എട്ട് ഗോളും നേടി.

ക്ലബ്ബിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ചില കളിക്കാർ ത്യാഗം ചെയ്യേണ്ടി വരുമെന്ന് പ്രസിഡണ്ട് ലാപോർട്ട വ്യക്തമാക്കിയിരുന്നു. ചില കളിക്കാരുടെ വേതനം ക്ലബ്ബിന്റെ സാധാരണ നിലയിലുള്ളതിനേക്കാൾ കൂടുതലാണെന്നും ഇക്കാര്യത്തിൽ ക്രമീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അയാക്‌സിൽ ഫ്രെങ്കിയെ പരിശീലിപ്പിച്ചിരുന്ന എറിക് ടെൻ ഹാഗ് മാനേജരായെത്തിയതോടെയാണ് മാഞ്ചസ്റ്റർ മിഡ്ഫീൽഡർക്കു വേണ്ടി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

TAGS :

Next Story