Quantcast

സുവാരസിന്റെ കൈ... ഘാനയുടെ കണ്ണീർ

2010 ലോകകപ്പ് അവസാനിച്ചതിന് പിന്നാലെയും സുവാരസിനെതിരെ കടുത്ത വിമർശനം ഉയർന്നു

MediaOne Logo
സുവാരസിന്റെ കൈ... ഘാനയുടെ കണ്ണീർ
X

ചില നിമിഷങ്ങൾ ഓർമ്മപ്പെടുത്തുമ്പോൾ പലർക്കും സന്തോഷവും സങ്കടവും അമർഷവുമെല്ലാം തോന്നാറുണ്ട്. ഒരു ഫുട്ബോൾ ആരാധകനെ സംബന്ധിച്ചിടത്തോളം അത്തരമൊരു നിമിഷമായിരുന്നു 2010 ലോകകപ്പിലെ ഘാന-യുറുഗ്വായ് ക്വാർട്ടർ ഫൈനലിലെ അവസാന നിമിഷം. യുറുഗ്വായ് സ്ട്രൈക്കർ ലൂയിസ് സുവാരസ് ഹീറോയും വില്ലനുമായ നിമിഷം.

പ്രീക്വാർട്ടറിൽ സൗത്ത് കൊറിയയെ തകർത്ത് യുറുഗ്വായ് ക്വാർട്ടറിലെത്തിയപ്പോൾ യുഎസ്എയെ തോൽപ്പിച്ചായിരുന്നു ആഫ്രിക്കൻ കരുത്തന്മാരുടെ ക്വാർട്ടർ പ്രവേശം. അനായാസമായി ഘാനയെ ക്വാർട്ടറിൽ തകർത്ത് യുറുഗായ് സെമിയിലെത്തുമെന്ന് പ്രവചിച്ചവരുടെ കണക്കുകളെല്ലാം തെറ്റാണെന്ന് തെളിയിച്ച് മത്സരത്തിന്റെ ആദ്യപകുതിയിൽ മുൻറ്റേരിയുടെ ഗോളിൽ ഘാനമുന്നിലെത്തി. തകർപ്പൻ ലോങ് റേഞ്ചർ യുറുഗ്വായ് കീപ്പർ മുസ്ലേരയെ ഭേദിച്ച് പോസ്റ്റിലേക്ക്. എന്നാൽ, രണ്ടാം പകുതിയുടെ പത്താം മിനുറ്റിൽ മിന്നും ഫ്രീകിക്കിലൂടെ ഫോർലാൻ യുറുഗ്വായെ ഒപ്പമെത്തിച്ചു.

പിന്നീട് ഇരുടീമുകളും നടത്തിയ ആക്രമങ്ങൾ ഫലം കാണാതെ വന്നതോടെ മത്സരം അധികസമയത്തേക്ക് കടന്നു. ഇനിയാണ് കഥ ആരംഭിക്കുന്നത്. അധിക സമയത്തെ അവസാന നിമിഷം. ഗോൾ വലയ്ക്ക് മുന്നിൽ നിസഹായനായി യുറുഗ്വായ് ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്ലേര, ഗോൾ ലക്ഷ്യമാക്കി ഡൊമനിക് അദിയയുടെ ഹെഡർ. ശരീരം കൊണ്ട് ബോൾ തടഞ്ഞിടാൻ കഴിയില്ലെന്ന് മനസിലാക്കിയ യുറുഗ്വായ് സ്ട്രൈക്കർ സുവാരസ് കൈ കൊണ്ട് പന്ത് തടഞ്ഞിടുന്നു.

ഉടനെ ഓടിയെത്തിയ റഫറി ഘാനയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുന്നു. സുവാരസിന് ചുവപ്പുകാർഡും. ഘാനയ്ക്കായി പെനാൽറ്റി എടുക്കാനായി എത്തിയത് അവരുടെ വിശ്വസ്തനായ സ്ട്രൈക്കർ അസമോവ ഗ്യാൻ. യുറുഗ്വായ് ഗോൾ കീപ്പർ മുസ്ലേരയെ ഒരു രീതിയിലും പരീക്ഷിക്കാതെ ഗ്യാന്റെ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി പുറത്തേക്ക്. തലകുനിച്ച് ഗ്യാൻ നടന്നുനീങ്ങുമ്പോൾ ഒരു ലോകകപ്പ് നേടിയ പ്രതീതിയിൽ ഗ്രൗണ്ടിന് പുറത്ത് സന്തോഷം കൊണ്ട് ഓടി നടക്കുകയായിരുന്നു ലൂയീസ് സുവാരസ്.

ലഭിച്ച അവസരം ഘാനയ്ക്ക് പ്രയോജനപ്പെടുത്താൻ സാധിക്കാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. യുറുഗ്വായുടെ ആദ്യ കിക്ക് ഫോർലാൻ അനായാസമായി സ്‌കോർ ചെയ്തു. മത്സരത്തിന്റെ അവസാനം ലഭിച്ച പെനാൽറ്റി പുറത്തടിച്ചെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ ഗ്യാന് പിഴച്ചില്ല. രണ്ടാം കിക്കെടുക്കാനെത്തിയ യുറുഗ്വായുടെ വിക്ടോറിനോയും ഘാനയുടെ സ്റ്റിഫൻ അപ്പിയാവും സ്‌കോർ ചെയ്തു.

യുറഗ്വായുടെ മൂന്നാം കിക്കെടുത്ത സ്‌കോട്ടി ലക്ഷ്യം കണ്ടപ്പോൾ ഘാനയുടെ ക്യാപ്റ്റൻ ജോൺ മെൻസാഹിന്റെ കിക്ക് തട്ടി അകറ്റി മുസ്ലേര യുറുഗ്വായ്ക്ക് മുൻതൂക്കം നൽകി. നാലാം കിക്കെടുത്ത യുറുഗ്വായുടെ മാക്സി പെരേര കിക്ക് പുറത്തേക്കടിച്ചു. അതോടെ മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസരവും ഘാനയ്ക്ക് ലഭിച്ചു. എന്നാൽ, ഘാനയ്ക്കായി കിക്കെടുത്ത ഡൊമനിക് അദയുടെ ഷോട്ട് തട്ടിയകറ്റി യുറുഗ്വായുടെ രക്ഷക്കനായി വീണ്ടും മുസ്ലേര അവതരിച്ചു. അഞ്ചാം കിക്കെടുത്ത യുറുഗ്വായുടെ സെബാസ്റ്റിയൻ അബ്രു അനായാസമായി സ്‌കോർ ചെയ്തതോടെ യുറുഗ്വായ് സെമിയിലേക്ക്.

ആഫ്രിക്കയുടെ മുഴുവൻ പ്രതീക്ഷയുമായി എത്തിയ ഘാന സെമി കാണാതെ പുറത്തേക്ക്. വിജയം ആഘോഷിക്കുന്ന യുറുഗായ് താരങ്ങളെക്കാൾ മൈതാനത്ത് തെളിഞ്ഞ് നിന്നത് ആഫ്രിക്കൻ കരുത്തരുടെ വിതുമ്പലായിരുന്നു. സെമിയിൽ എത്തുമെന്ന് ഘാനക്കാർ വിശ്വസിച്ചിരുന്നു. ഘാനയുടെ ഫുട്ബോൾ ചരിത്രത്തിൽ എന്നും എഴുതപ്പെട്ട ഏടായിരിക്കും 2010 ലോകകപ്പ്. ഘാന പുറത്തായതിന് പിന്നാലെ യുറുഗ്വായ്ക്കെതിരെയും സുവാരസിനെതിരെയും ഫുട്ബോൾ ലോകത്ത് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. 'ചതിക്കപ്പെട്ട് ലോകകപ്പ് സെമിയിലെത്തിയ ടീം എന്ന വിളി വരെ യുറുഗായ്ക്ക് നേരെ വന്നു.

എന്നാൽ, യുറുഗായുടെ ആഘോഷഘങ്ങൾക്ക് കൂടുതൽ ആയുസ് ഉണ്ടായിരുന്നില്ല. നെതർലൻഡിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റ് യുറുഗായ് സെമിയിൽ നിന്ന് പുറത്തേക്ക്. സെമിയിൽ തോറ്റ് മൂന്നാം സ്ഥാനത്തിനായി ജർമനിയെ നേരിട്ടപ്പോഴും യുറുഗായുടെ വിധി മറിച്ചായിരുന്നില്ല. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റ് 2010 ലോകകപ്പ് ടൂർണമെന്റിൽ നാലാം സ്ഥാനക്കാരായാണ് യുറുഗായ് ഫിനിഷ് ചെയ്തത്.

2010 ലോകകപ്പ് അവസാനിച്ചതിന് പിന്നാലെയും സുവാരസിനെതിരെ കടുത്ത വിമർശനം ഉയർന്നു. വിമർശനങ്ങൾക്ക് മറുപടിയുമായി സുവാരസും രംഗത്തെത്തി. ആ സമയത്ത് ഏത് താരവും ചെയ്യുന്ന പ്രവൃത്തി മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ഒരു താരത്തെ സംബന്ധിച്ച് അയാളുടെ ടീമിനെ മത്സരത്തിൽ വിജയിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടാകൂ. അതാണ് ഞാൻ ചെയ്തത്.

ഫുട്ബോൾ മത്സരത്തിൽ സംഭവിക്കുന്ന ഹാൻഡ് ബോളുകൾ കുറ്റമാണെന്ന് പറയുന്നത് ശരിയല്ല. എന്നാൽ, ഗോൾ ലക്ഷ്യമാക്കി പോകുന്ന പന്തിനെ ഒരു ഗോൾ കീപ്പറെ പോലെ തട്ടിയകറ്റുന്നത് ന്യായീകരിക്കുന്നതിലും അപ്പുറമാണ്. സ്വന്തം ടീമിന്റെ വിജയത്തെയും താൽപര്യത്തെയും കുറിച്ച് പറയുമ്പോൾ എതിർടീമിന്റെ വികാരങ്ങളെക്കുറിച്ച് ഓർക്കുന്നതും നല്ലതാണ്. വർഷം 12 കഴിഞ്ഞിട്ടും ഘാന-യുറുഗായ് മത്സരം വരുമ്പോൾ ആരാധകർക്ക് ആദ്യം ഓർമ്മയിലെത്തുക സുവാരസിന്റെ ഹാൻഡ് ബോൾ ആയിരിക്കും.

TAGS :

Next Story