ലോകകപ്പ് പരിശീലനം: അനിശ്ചിതത്വങ്ങൾക്കിടെ മെക്സിക്കോയിലെത്തി ഇറാൻ ടീം

ന്യൂയോർക്: ഫുട്ബാൾ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മെക്സിക്കോയിലെത്തി ഇറാൻ ടീം. തങ്ങളുടെ മത്സരങ്ങൾക്ക് വേദിയാകുന്ന അമേരിക്കയുമായുള്ള കടുത്ത നയതന്ത്ര തർക്കങ്ങൾക്കിടയിലാണ് ഇറാൻ ടീമെത്തിയത്. തുർക്കിയയിൽ മൂന്നാഴ്ചത്തെ പരിശീലന ക്യാമ്പ് പൂർത്തിയാക്കിയ സംഘം മെക്സിക്കൻ അതിർത്തി നഗരമായ ടിജുവാനയിലാണ് വിമാനമിറങ്ങിയത്.
അമേരിക്കയുമായി നിലനിൽക്കുന്ന യുദ്ധസമാന സാഹചര്യങ്ങളും വിസ അനുവദിക്കുന്നതിലെ അനിശ്ചിതത്വവും ഇറാന്റെ ലോകകപ്പ് ഒരുക്കങ്ങൾക്ക് പ്രതിസന്ധി സൃഷ്ട്ച്ചിരുന്നു. അരിസോണയിൽ ബേസ് ക്യാമ്പ് സ്ഥാപിക്കാനായിരുന്നു ഇറാൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചിരുന്നതെങ്കിലും വിസ സംശയത്തിലായതോടെ മെക്സിക്കോയിലേക്ക് മാറ്റി. കളിക്കാർക്ക് യു.എസ് വിസ അനുവദിച്ചെങ്കിലും സപ്പോർട്ട് സ്റ്റാഫിലെ 15 ഓളം പേർക്ക് വിസ നിഷേധിച്ചതും വിവാദമായിരുന്നു. ഇതിൽ ഇറാF ഫുട്ബോൾ ഫെഡറേഷൻ തലവൻ മെഹ്ദി താജ് ഉൾപ്പെടെയുള്ള പ്രധാന മാനേജീരിയൽ അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങൾ ഉൾപ്പെടുന്നു.
ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ളവരെയാണ് തടഞ്ഞതെന്നാണ് യു.എസിന്റെ ഭാഷ്യം. മത്സരത്തിൽ പങ്കെടുക്കാൻ കളിക്കാർക്ക് അനുമതിയുണ്ടെങ്കിലും കടുത്ത വിസ നിബന്ധനകളാണ് യു.എസ് ഏർപ്പെടുത്തിയിരിക്കുന്നത്. മത്സരദിവസം രാവിലെ യു.എസിൽ പ്രവേശിക്കുന്ന ടീം കളി കഴിഞ്ഞയുടൻ മെക്സിക്കോയിലേക്ക് മടങ്ങണമെന്നാണ് നിർദ്ദേശം. യു.എസിന്റെ ഈ കടുത്ത നിലപാടുകൾക്കെതിരെ ഫിഫ ഇടപെടണമെന്ന് തുർക്കിയിലെ ഇറാൻ എംബസി ആവശ്യപ്പെട്ടിരുന്നു.
ഒരു ലോകകപ്പ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് തങ്ങളുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ കായിക ടീമിന് ആതിഥേയത്വം വഹിക്കാൻ ഒരു രാജ്യം നിർബന്ധിതമാകുന്നത്. ജൂൺ 15ന് ന്യൂസിലൻഡിനെതിരെയും, ജൂൺ 21ന് ബെൽജിയത്തിനെതിരെയും ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യ മത്സരങ്ങൾ. ജൂൺ 26-ന് സീറ്റിലിൽ വെച്ച് ഈജിപ്തിനെയും ഇറാൻ നേരിടും.
Adjust Story Font
16

