Quantcast

പ്രതിഷേധം കനത്തു; സമൂഹ മാധ്യമങ്ങളിൽ ഓറഞ്ച് ലോഗോ വീണ്ടും മഞ്ഞയാക്കി ബ്ലാസ്റ്റേഴ്‌സ്

ക്ലബിന്റെ ഐഡന്റിറ്റി മാറ്റി നിലവാരം കളയരുതെന്ന വ്യാപക വിമർശനമാണ് ഉയർന്നത്.

MediaOne Logo

Sports Desk

  • Published:

    29 Sept 2024 8:03 PM IST

The protest was heavy; Blasters changed the orange logo to yellow again on social media
X

കൊച്ചി: പ്രൊഫൈൽ ചിത്രത്തിന്റെ കളർ മാറ്റിയതിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്ന പശ്ചാത്തലത്തിൽ പഴയ പ്രൊഫൈൽ ചിത്രം അപ്‌ഡേറ്റ് ചെയ്ത് ബ്ലാസ്‌റ്റേഴ്‌സ്. മഞ്ഞയും നീലയും ചേർന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പനാനയുടെ ചിത്രത്തിന് പകരം ഓറഞ്ച് പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ അവതരിപ്പിച്ചതാണ് ആരാധക രോഷത്തിന് കാരണമായത്. ലോഗോ മാറ്റത്തിനെതിരെ ആയിരത്തിലധികം കമന്റുകളാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ന് സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുന്ന കേരള ക്ലബിന് നോർത്ത് ഈസ്റ്റാണ് എതിരാളികൾ. ടീമിന്റെ എവേ ജഴ്‌സി വെള്ളയും ഓറഞ്ചും നിറത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോഗോയും മാറ്റിയതെന്നാണ് സൂചന.



സംഭവം ചർച്ചയായതോടെ പഴയ ലോഗോ തന്നെ അപ്‌ഡേറ്റ് ചെയ്യുകയായിരുന്നു. ''ഒരു ക്ലബ്ബിന്റെ ഐഡന്റിറ്റി എന്ന് പറയുന്നത് അതിന്റെ പേരും ലോഗോയും തീം കളറുമാണ്. മഞ്ഞയും നീലയുമാണ് കെ.ബി.എഫ്.സിയുടെ തീം കളർ. അതാണ് അതിന്റെ ഐഡന്റിറ്റി. നിലവിൽ വളരെ നിലവാരമുള്ളതും ആകർഷകമായതുമായ നീല പ്രതലത്തിൽ മഞ്ഞ കൊമ്പനെ സൂചിപ്പിക്കുന്ന ലോഗോ മാറ്റിയിട്ട് അതിനേക്കാളോ അതിന്റെ അത്രയോ ഒട്ടും മനോഹരമോ ആകർഷകമോ അല്ലാത്ത ഒന്നിലേക്ക് മാറ്റി നിലവാരം കളയല്ലേ ' എന്നാണ് ഒരു ആരാധകൻ കമൻറ്‌സിൽ കുറിച്ചത്. ബ്ലാസ്റ്റേഴ്‌സ് കാവിയണിഞ്ഞ് സംഘിയായോ എന്നും വ്യാപക കമന്റുകളെത്തി. അതേസമയം, മൂന്നാം കിറ്റുമായി കളിക്കുന്ന ദിവസം പ്രൊഫൈൽ പിക്ചർ മാറ്റുന്നത് സാധാരണമാണെന്ന് ചൂണ്ടിക്കാട്ടിയും ആരാധകർ രംഗത്തെത്തി.

TAGS :

Next Story