Quantcast

89ാം മിനിറ്റിലെ ജാവി ഗോളിൽ ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ബെംഗളൂരു

അവസാന മിനിറ്റിൽ ലഭിച്ച സുവർണാവസരം ഫെഡോർ സെർണിച് നഷ്ടപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2024-03-02 16:37:25.0

Published:

2 March 2024 4:29 PM GMT

89ാം മിനിറ്റിലെ ജാവി ഗോളിൽ ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ബെംഗളൂരു
X

ബെംഗളൂരു: അവസാന മിനിറ്റിലെ പിഴവിൽ ബെംഗളൂരുവിനോട് കീഴടങ്ങി(1-0) കേരള ബ്ലാസ്‌റ്റേഴ്‌സ്. സ്പാനിഷ് മിഡ്ഫീൽഡർ ജാവി ഹെർണാണ്ടസാണ് (89) ബെംഗളൂരുവിനായി വലകുലുക്കിയത്. അത്യന്തം ആവേശകരമായ സതേൺ ഡെർബിയിൽ ആക്രമണ പ്രത്യാക്രമണവുമായി ഇരു ടീമുകളും കളം നിറഞ്ഞു. തോൽവിയോടെ മഞ്ഞപ്പട പോയന്റ് ടേബിളിൽ 29 പോയന്റുമായി അഞ്ചാം സ്ഥാനത്തേക്ക് വീണു. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ബിഎഫ്‌സി ആറിലേക്കുയർന്നു. ഒരുവർഷം മുൻപത്തെ കണക്ക് തീർക്കാനെത്തിയ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു കടം ബാക്കിയാക്കിയാണ് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയത്.

ഐഎസ്എൽ പത്താം പതിപ്പിലെ ജീവൻമരണ പോരാട്ടത്തിൽ തുടക്കം മുതൽ എതിർ ബോക്‌സിലേക്ക് കൊമ്പൻമാർ ഇരമ്പിയെത്തി. വിപിൻ മോഹൻ-ഡാനിഷ് ഫാറൂഖി കൂട്ടുകെട്ട് മധ്യനിരയിൽ മികച്ചുനിന്നു. ഫൈനൽ തേർഡിലെ പ്രശ്‌നങ്ങളാണ് ആദ്യ പകുതിയിൽ കൊമ്പൻമാർക്ക് തിരിച്ചടിയായത്. 43ാം മിനിറ്റിൽ ഫെഡോർ സെർണിച്-ദിമിത്രിയോസ് നീക്കം ബെംഗളൂരു പ്രതിരോധത്തിൽ തട്ടിയവസാനിച്ച. ആദ്യ പകുതിയിൽ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് രണ്ട് മികച്ച അവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചുകളിച്ച സന്ദർശകർ തുടക്കത്തിൽതന്നെ നിഹാൽ സുധീഷിനെ പിൻവലിച്ച് മുഹമ്മദ് എയ്മനെ കളത്തിലിറക്കി. തൊട്ടടുത്ത മിനിറ്റിൽ ദിമിത്രിയോസിന്റെ ത്രൂബോളിൽ മുഹമ്മദ് എയ്മൻ ഷോട്ട് ഗോൾകീപ്പർ കൈപിടിയിലൊതുക്കി. ഹൈലൈൻ ഫുട്‌ബോൾ കളിച്ച് ബ്ലാസ്‌റ്റേഴ്‌സ് അവസാന മിനിറ്റുകളിൽ എതിർ ബോക്‌സിനെ നിരന്തരം വിറപ്പിച്ചെങ്കിലും ബെംഗളൂരു പ്രതിരോധം ഭേദിക്കാനായില്ല. 64ാം മിനിറ്റിൽ ഫെഡോർസെർണിച്-എയ്മൻ നീക്കം നഷ്ടമായി. 68ാം മിനിറ്റിൽ ഭാഗ്യം ബ്ലാസ്‌റ്റേഴ്‌സിനെ തുണച്ചു. ഗോൾകീപ്പർ കരൺജിതിന്റെ അവസരോചിത ഇടപടെലാണ് മഞ്ഞപ്പടക്ക് രക്ഷക്കെത്തിയത്.

അവസാന മിനിറ്റിൽ ഡെയ്‌സുകി സകായിയെ പിൻവലിച്ച് മലയാളി താരം കെപി രാഹുലിനെ വുകമനോവിച് കളത്തിലിറക്കി. ഏഴ് മിനിറ്റിന് ശേഷം ബിപിൻ മോഹന്റെ ത്രൂബോൾ സ്വീകരിച്ച് കെ.പി രാഹുൽ വലതുവിങിലൂടെ മുന്നേറി ബോക്‌സിലക്ക് നൽകിയ മികച്ച പന്ത് ഫിനിഷ് ചെയ്യുന്നതിൽ ഫെഡോർ സെർണിചിന് പിഴച്ചു. മറുവശത്ത് ലഭിച്ച അവസരം ആതിഥേയർ ഗോളാക്കി മാറ്റുകയും ചെയ്തു. 88ാം മിനിറ്റിൽ വലത് വിങിലൂടെ മുന്നേറിയ ചിങ്ബംസിങ് ബോക്‌സിൽ മാർക്ക് ചെയ്യാതിരുന്ന ഹാവിഹെർണാണ്ടസിലേക്ക് ക്രോസ് നൽകി. കൃത്യമായി പന്ത് വലയിലേക്ക് ഉതിർത്തു. കേരള ഗോൾകീപ്പർ നിസഹായനായി. 13ന് സ്വന്തം തട്ടകത്തിൽ കരുത്തരായ മോഹൻ ബഗാനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

TAGS :

Next Story