Quantcast

'ഞാൻ നിങ്ങളെ മിസ് ചെയ്യും അച്ഛാ'; പിതാവിനെ അനുസ്മരിച്ച് മെസ്സിയുടെ വികാരഭരിതമായ കുറിപ്പ്

MediaOne Logo

Sports Desk

  • Published:

    12 Aug 2026 7:50 PM IST

ഞാൻ നിങ്ങളെ മിസ് ചെയ്യും അച്ഛാ; പിതാവിനെ അനുസ്മരിച്ച് മെസ്സിയുടെ വികാരഭരിതമായ കുറിപ്പ്
X

ബ്യുണസ് ഐറിസ്: അന്തരിച്ച പിതാവ് ജോർജ് മെസ്സിയെ അനുസ്മരിച്ച് അർജന്റൈൻ ഇതിഹാസ താരം ലയണൽ മെസ്സി വികാരഭരിതമായ കുറിപ്പ് പങ്കുവെച്ചു. അച്ഛനുവേണ്ടി ലോകകപ്പ് ജയിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും താരം കുറിപ്പിൽ കുറിച്ചു. പിതാവിനെ വല്ലാതെ മിസ് ചെയ്യുമെന്നും ഒരുപാട് ഇഷ്ടമാണെന്നും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. 2026 ഓഗസ്റ്റ് ഏഴിനാണ് മെസ്സിയുടെ പിതാവ് ജോർജ് മെസ്സി അന്തരിച്ചത്. ടൂർണമെന്റിലുടനീളം ചികിത്സയിലായിരുന്ന പിതാവിനെ ഓർത്ത് വികാരഭരിതനായ ലയണൽ മെസ്സിയെയാണ് കളത്തിൽ കണ്ടത്.

'അച്ഛാ, നിങ്ങൾ വിട്ടുപോയി എന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ തളർന്നുപോകുന്നില്ല, അല്ലെങ്കിൽ തളരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇനി ഒരിക്കലും നിങ്ങളെ കാണാൻ കഴിയില്ലെന്നതും സംസാരിക്കാൻ കഴിയില്ലെന്നതും എനിക്ക് ചിന്തിക്കാൻ പോലും പ്രയാസമാണ്. നിങ്ങൾ ഒരുപാട് വേദന അനുഭവിച്ചിരുന്നുവെന്നും ഇത് അവരുടെ (ദൈവത്തിന്റെ) തീരുമാനമാണെന്നും എനിക്കറിയാം, പക്ഷേ നിങ്ങൾ വളരെ വേഗത്തിലാണ് ഞങ്ങളെ വിട്ടുപോയത്. നമുക്ക് ഒന്നിച്ചിരുന്ന് ആസ്വദിക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ടായിരുന്നു.

കഴിഞ്ഞ ലോകകപ്പിൽ കളിക്കണമെന്ന് നിങ്ങൾ എന്നോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ടൂർണമെന്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് നിങ്ങളുടെ ആരോഗ്യാവസ്ഥ വളരെ മോശമായത്. ആദ്യമായാണ് നിങ്ങൾ ഒരു ടൂർണമെന്റിൽ എനിക്കൊപ്പം ഇല്ലാതിരുന്നത്, എന്നാൽ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുമെന്നും യാത്ര ചെയ്യാൻ പ്രാപ്തനാകുമെന്നും അമ്മ എന്നോട് പറഞ്ഞിരുന്നു. അച്ഛന് കാണാനായി ഞങ്ങൾ ഫൈനലിൽ എത്തും എന്ന് ഞാൻ പറഞ്ഞിരുന്നു.

ഓരോ മത്സരം കഴിയുമ്പോഴും നിങ്ങളുടെ സന്ദേശത്തിനായി ഞാൻ കാത്തിരിക്കുകയും അത് വളരെ അധികം ആഗ്രഹിക്കുകയും ചെയ്തിരുന്നു. സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. എങ്കിലും, നിങ്ങൾക്ക് സമയം ലഭിക്കാനും ഒരു മത്സരമെങ്കിലും കാണാൻ സാധിക്കാനും വേണ്ടി പരമാവധി മുന്നേറണം എന്ന് തന്നെയായിരുന്നു എന്റെ ചിന്ത.

ഞങ്ങൾ ഫൈനലിൽ എത്തിയെങ്കിലും നിങ്ങൾക്ക് അവിടെയെത്താൻ കഴിഞ്ഞില്ല. കിരീടം നേടി നിങ്ങൾക്ക് മുന്നിലെത്തിച്ച് അത് ആസ്വദിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല; എന്റെ കാലുകൾ ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന മട്ടിലായിരുന്നു. ഇത്തവണ ഞാൻ എന്റെ ശരീരത്തിന്റെ പരിമിതികളെ മറികടക്കാൻ ശ്രമിച്ചെങ്കിലും എനിക്കായില്ല. ഞാൻ പൂർണമായ ശാരീരിക ക്ഷമതയിലായിരുന്നില്ല മത്സരിച്ചത്.

ഞാൻ എത്തിയപ്പോൾ, പെനാൽറ്റിയിൽ ഞങ്ങൾ ഫൈനൽ തോറ്റു എന്നാണ് നിങ്ങൾ കരുതിയത്. സംഭവിച്ച കാര്യങ്ങളെക്കുറിച്ചൊന്നും നമുക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. നിങ്ങൾക്ക് ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ ചാമ്പ്യൻമാരായില്ല, പക്ഷേ ഓരോ മത്സരവും ഞങ്ങൾ എത്രത്തോളം ആസ്വദിച്ചുവെന്ന് നിങ്ങൾക്ക് അറിയില്ല. ഒരിക്കൽ കൂടി നിങ്ങൾ പറഞ്ഞതായിരുന്നു ശരി: ഞാൻ അവിടെയുണ്ടാവുകയും കളിക്കുകയും ചെയ്യണമായിരുന്നു.

നിങ്ങളില്ലാതെ ഞാൻ ഇനി എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല, എങ്ങനെ മുന്നോട്ട് പോകണമെന്നും അറിയില്ല. ഫുട്ബോൾ മാത്രമാണ് ഞാൻ കളിച്ചിട്ടുള്ളത്, ഇനി എത്രകാലം അത് തുടരുമെന്ന കാര്യത്തിൽ എനിക്കിപ്പോൾ വലിയ സംശയങ്ങളുണ്ട്. തുടക്കം മുതൽ നിങ്ങൾ എന്റെ ഒപ്പമുണ്ടായിരുന്നു; അവസാനത്തിലേക്ക് ഇനി വളരെ കുറച്ചു ദൂരം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. നമുക്ക് ഒന്നിച്ചു പൂർത്തിയാക്കാൻ സാധിക്കുന്നതുവരെ എന്തുകൊണ്ടാണ് നിങ്ങൾക്ക് അല്പം കൂടി പിടിച്ച് നിൽക്കാൻ കഴിയാതിരുന്നത്? ഞാൻ നിങ്ങളെ ഒരുപാട് ഓർക്കും, പക്ഷേ നിങ്ങൾ എപ്പോഴും എന്റെ മനസ്സിലുണ്ടാകും. ആത്മാവിന് നിത്യശാന്തി നേരുന്നു, ഇവിടെ നിന്ന് ഞങ്ങളെ സംരക്ഷിച്ചതുപോലെ മുകളിൽ നിന്നും ഞങ്ങളെ നോക്കിക്കൊള്ളുക. എല്ലാറ്റിനും നന്ദി. എനിക്ക് നിങളെ ഒരുപാട് ഇഷ്ടമാണ് അച്ഛാ.' - ലയണൽ മെസ്സിയുടെ പിതാവിനെ കുറിച്ചുള്ള കുറിപ്പ്

TAGS :

Next Story