ഏഴാം തവണയും ബാളൻഡോർ; കാൽപന്തുകാലത്തോളം പാടി നടക്കാൻ ഒരു ചരിതം കൂടി-മിശിഹാചരിതം

വിധിയും വിശ്വവും ഒരുപോലെ കൂടെ നിന്ന രാവിൽ ഒരിക്കൽ കൂടി മെസി സിംഹാസനസ്ഥനായി..

MediaOne Logo

Web Desk

  • Updated:

    2021-11-30 01:09:48.0

Published:

30 Nov 2021 1:09 AM GMT

ഏഴാം തവണയും ബാളൻഡോർ; കാൽപന്തുകാലത്തോളം പാടി നടക്കാൻ ഒരു ചരിതം കൂടി-മിശിഹാചരിതം
X

ഒരിക്കൽ കൂടി ലോകഫുട്‌ബോളർ എന്ന പദവിക്കൊപ്പം തന്റെ പേരെഴുതിച്ചേർത്തിരിക്കുകയാണ് ലയണൽ മെസി. മുമ്പൊക്കെയും രാജ്യത്തിനായി കിരീടമില്ലെന്ന പഴിയോട് കൂടിയായിരുന്നു മെസി ബാളൻ ഡോർ സ്വീകരിച്ചിരുന്നത്. എന്നാൽ ഇത്തവണ ആ ആക്ഷേപം കൂടി മറികടന്നാണ് പുരസ്‌കാര നേട്ടം.

വിജയത്തിന്റെ കഥകളെഴുതാൻ മഷി നിറച്ചുവെച്ച പേനയിൽ പൊടിപിടിച്ചിരുന്നു. അലമാരയിൽ മടക്കിവെച്ച വെള്ളയും നീലയും വരയുള്ള കുപ്പായം മങ്ങിയിരുന്നു. രാജാവെന്ന് വിളിക്കുമ്പോഴും കീരീടമില്ലാത്തവനെന്ന കുത്തുവാക്ക് കേട്ട് മുഷിഞ്ഞിരുന്നു. എല്ലാത്തിനും അറുതിവന്ന വർഷം. മെസി പൂർണതയിലേക്ക് പന്തടിച്ച വർഷമാണ് 2021.

കണക്കുകൾക്കപ്പുറമാണ് കളിമികവ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത, മഷി വറ്റിയാലും എഴുതിത്താരാത്ത മെസി മികവ്. ആദ്യം കണക്കുകൾ പറയാം. 2020-21 സീസണിൽ മെസി കളത്തിലുണ്ടായ 56 മത്സരങ്ങളിൽ 41 ഗോൾ, 17 അസിസ്റ്റ്, 28 തവണ കളിയിലെ താരം, കോപ്പ അമേരിക്ക കിരീടം, കോപ്പയിലെ മികച്ച താരം, കൂടുതൽ ഗോൾ, കൂടുതൽ അസിസ്റ്റ്, ലാലിഗയിലെ ടോപ് സ്‌കോറർക്കുള്ള പിച്ചിച്ചി അവാർഡ്, കോപ്പ ഡെൽറേ കിരീടം, സ്പാനിഷ് ലീഗിൽ മികച്ച താരമായി ആരാധകർ തെരഞ്ഞെടുത്തതും മറ്റാരെയുമല്ല.

വിധിയും വിശ്വവും ഒരുപോലെ കൂടെ നിന്ന രാവിൽ ഒരിക്കൽ കൂടി മെസി സിംഹാസനസ്ഥനായി.. കാൽപന്തുകാലത്തോളം പാടി നടക്കാൻ ഒരു ചരിതം കൂടി-മിശിഹാചരിതം.
ഇത് ആദ്യമായാണ് ഒരു കളിക്കാരൻ ഏഴു തവണ ബാളൻ ഡോർ സ്വന്തമാക്കുന്നത്. അർജന്റീനയെ കോപ അമേരിക്ക നേട്ടത്തിലേക്ക് നയിക്കുകയും 2020-21 സീസണിൽ ലാലിഗ ടോപ് സ്‌കോററാവുകയും ചെയ്തതാണ് മെസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡവ്‌സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോർജീന്യോക്കാണ് മൂന്നാം സ്ഥാനം.

ബാഴ്‌സലോണ താരം അലക്‌സിയ പുതല്ലാസിനാണ് ഈ വർഷത്തെ മികച്ച വനിതാ താരത്തിനുള്ള ബാളൻ ഡോർ ഫെമിന പുരസ്‌കാരം. മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി ഇറ്റലിയുടെ ജിയോലൂജി ഡൊന്നറൂമ്മ സ്വന്തമാക്കിയപ്പോൾ അണ്ടർ 21 താരത്തിനുള്ള കോപ ട്രോഫി സ്പെയിൻ താരം പെഡ്രി ഗോൺസാലസ് നേടി. സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന് മികച്ച സ്ട്രെക്കർക്കുള്ള പുരസ്‌കാരം ലെവൻഡവ്സ്‌കി സ്വന്തമാക്കി.

ഓരോ വർഷത്തെയും മികച്ച ഫുട്‌ബോളർക്ക് ഫ്രഞ്ച് മാഗസിൻ 'ഫ്രാൻസ് ഫുട്‌ബോൾ' നൽകുന്ന പുരസ്‌കാരം 2009, 2010, 2011, 2012, 2015, 2019 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും മെസിയുടെ കൈകളിലെത്തുന്നത്. കോവിഡ് മഹാമാരി കാരണം 2020-ൽ പുരസ്‌കാരം ആർക്കും നൽകിയിരുന്നില്ല. 2020-ലെ ഫിഫയുടെ മികച്ച ഫുട്‌ബോളർ പുരസ്‌കാരം നേടുകയും 2020-21 സീസണിൽ 29 ബുണ്ടസ് ലിഗ മത്സരങ്ങളിൽ നിന്നായി 41 ഗോൾ നേടുകയും ചെയ്ത ലെവൻഡവ്‌സ്‌കിക്ക് ഇത്തവണ ബാളൻ ഡോർ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നെങ്കിലും 29 വർഷത്തിനു ശേഷം അർജന്റീനയ്ക്ക് കോപ കിരീടം നേടിക്കൊടുക്കുകയും ടൂർണമെന്റിലെ താരമാവുകയും ചെയ്ത മെസി പുരസ്‌കാരം നിലനിർത്തുകയായിരുന്നു.

കോപ അമേരിക്ക കിരീടം, ടൂർണമെന്റിലെ സംയുക്ത ടോപ് സ്‌കോറർ, ടൂർണമെന്റിലെ മികച്ച കളിക്കാരൻ, ലാലിഗ ടോപ് സ്‌കോറർ, കോപ ദെൽ റേ കിരീടം, ടൂർണമെന്റിലെ മികച്ച താരം തുടങ്ങിയ നേട്ടങ്ങളാണ് മെസിയെ ഈ വർഷത്തെ മികച്ച ഫുട്‌ബോളർക്കുള്ള പുരസ്‌കാരത്തിന് അർഹനാക്കിയത്. രാജ്യാന്തര ഫുട്‌ബോളിൽ പറയത്തക്ക നേട്ടമില്ലാത്തത് ലെവൻഡവ്‌സ്‌കിക്ക് തിരിച്ചടിയായി.

ബാളൻ ഡോറിനായുള്ള വോട്ടെടുപ്പ് കഴിഞ്ഞ ബുധനാഴ്ച (നവംബർ 24) ന് അവസാനിച്ചിരുന്നു. ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ തെരഞ്ഞെടുത്ത 30 കളിക്കാരിൽ, ലോകമെങ്ങുമുള്ള 180 മാധ്യമപ്രവർത്തകർ നടത്തിയ വോട്ടെടുപ്പിനൊടുവിൽ അഞ്ചുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കി. 50 സ്‌പെഷ്യലിസ്റ്റ് മാധ്യമപ്രവർത്തകരാണ് അന്തിമ അഞ്ചുപേരിൽ നിന്ന് വിജയിയെ കണ്ടെത്തിയത്. അവസാന അഞ്ചുപേർക്ക് 6, 4, 3, 2, 1 എന്നിങ്ങനെ പോയിന്റ് നൽകി, ഏറ്റവുമധികം പോയിന്റ് നേടിയ താരത്തെ കണ്ടെത്തുകയായിരുന്നു.

Summary: Lionel Messi's seventh Ballon d'Or differs from all his rest

TAGS :

Next Story