ലിവർപൂളും ചെൽസിയും തോറ്റു; മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം

ലണ്ടൻ: പ്രീമിയർ ലീഗിൽ ലിവർപൂളിനും ചെൽസിക്കും തോൽവി. ക്രിസ്റ്റൽ പാലസിനോടാണ് നിലവിലെ ചാമ്പ്യന്മാർ തോൽവിയേറ്റുവാങ്ങിയത്. ഇഞ്ചുറി ടൈമിൽ എഡി എൻകെറ്റിയ (90+7') നേടിയ ഗോളിലാണ് പാലസ് ലിവർപൂളിനെ വീഴ്ത്തിയത്. ഇസ്മായില സാറിലൂടെ (9') പലസാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. കിയെസയാണ് (87') ലിവർപൂളിനായി വല കുലുക്കിയത്. മറ്റൊരു മത്സരത്തിൽ ബ്രൈറ്റൻ ചെൽസിയെ പരാജയപ്പെടുത്തി (1-3). ഡാനി വെൽബെക്ക് (77', 90+10') ഇരട്ട ഗോൾ നേടിയപ്പോൾ ഡി കുയ്പ്പർ (90+2) ഒരു ഗോളും ബ്രൈറ്റനായി നേടി. എൻസോ ഫെർണാണ്ടസിലൂടെ (24') മത്സരത്തിലെ ആദ്യ ഗോൾ നേടിയത് ചെൽസിയായിരുന്നു. ബ്ലൂസ് ഡിഫൻഡർ ചാലോബ രണ്ടാം പകുതിയുടെ തുടക്കത്തിൽ ചുവപ്പു കാർഡ് കണ്ട് പുറത്തായി.
ലീഗിലെ മറ്റൊരു മത്സരത്തിൽ ഏർലിങ് ഹാളണ്ടിന്റെ (90', 90+3') ഇരട്ട ഗോൾ മികവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ബേൺലി ഡിഫൻഡർ മാക്സിം എസ്റ്റെവ് (12', 65') രണ്ട് തവണ സ്വന്തം പോസ്റ്റിലേക്ക് ഗോളടിച്ചു. മതെയൂസ് ന്യുനസാണ് (61') സിറ്റിയുടെ മറ്റൊരു ഗോൾ നേടിയത്. ജെയ്ഡൻ ആന്റണിയാണ് (38') ബേൺലിയുടെ ഗോൾ സ്‌കോറർ. പത്ത് പോയിന്റുമായി സിറ്റി അഞ്ചാം സ്ഥാനത്തേക്ക് കയറി. അതെ സമയം ലീഡ്സ് യുനൈറ്റഡ് ബോൺമൗത്ത് മത്സരം 2-2 സമനിലയിൽ പിരിഞ്ഞു.
ലിവർപൂളിന്റെ അടുത്ത മത്സരം ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ ഗാലറ്റസ്റെയുമായാണ്. അതുപോലെ തന്നെ ചെൽസി ബെൻഫിക്കയെയും മാഞ്ചസ്റ്റർ സിറ്റി മൊണാക്കോയെയും നേരിടും.
Adjust Story Font
16

