Quantcast

ആഴ്‌സനലോ ലിവർപൂളോ; ക്രിസ്മസ് നമ്പർവൺ പോരാട്ടത്തിലേക്ക് വമ്പൻമാർ

ഗണ്ണേഴ്‌സിനെതിരെ അവസാനം നേർക്കുനേർവന്ന പത്ത് മത്സരത്തിലും ലിവർപൂൾ തോറ്റിട്ടില്ല. ഏഴ്മാച്ച് വിജയിച്ചപ്പോൾ മൂന്നെണ്ണം സമനിലയിലായി.

MediaOne Logo

Web Desk

  • Published:

    22 Dec 2023 12:15 PM GMT

ആഴ്‌സനലോ ലിവർപൂളോ; ക്രിസ്മസ് നമ്പർവൺ പോരാട്ടത്തിലേക്ക് വമ്പൻമാർ
X

ലണ്ടൻ: പ്രീമിയിർ ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാരുടെ ആവേശപോരാട്ടത്തിന് കളമൊരുങ്ങുന്നു. ശനിയാഴ്ചയാണ് ലീഗിലെ തലപ്പത്തുള്ള ആഴ്‌സനലും രണ്ടാംസ്ഥാനക്കാരായ ലിവർപൂളും ഏറ്റുമുട്ടുന്നത്. വിജയിക്കുന്ന ടീമിന് നമ്പർവൺ നേട്ടവുമായി ക്രിസ്മസ് ആഘോഷിക്കാം. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ അവരെ മറികടന്ന് ഒന്നാമതെത്തുകയെന്നത് ഗണ്ണേഴ്‌സിന് വലിയവെല്ലുവിളിയാണ്.

ഇരുടീമുകളും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞാൽ ടേബിളിൽ മൂന്നാമതുള്ള ആസ്റ്റൺവില്ലക്ക് ഒന്നാമതെത്താനുള്ള അവസരമൊരുങ്ങും. അവസാന സ്ഥാനക്കാരായ ഷെഫീൽ യുണൈറ്റഡുമായി സ്വന്തംതട്ടകത്തിലാണ് വില്ലയുടെ മത്സരം. 17 കളിയിൽ 39 പോയന്റാണ് പ്രീമിയർലീഗിൽ ആഴ്‌സനലിന്റെ സമ്പാദ്യം. ഒരുപോയന്റ് മാത്രം കുറവുള്ള ലിവർപൂളും ആസ്റ്റൺവില്ലയും രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നു.

ലീഗ് കപ്പിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ 5-1 കീഴടക്കിയ ചെമ്പട വലിയ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്‌സിനെ നേരിടാനൊരുങ്ങുന്നത്. ആസ്റ്റൺവില്ലയോട് രണ്ട് ഗോളിന്റെ അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങിയെങ്കിലും ആഴ്‌സനൽ കഴിഞ്ഞമാച്ചിൽ ബ്രൈട്ടനെ കീഴടക്കി വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു. അടുത്തകാലത്തൊന്നും ആൻഫീൽഡിൽ വിജയിക്കാനായില്ലെന്ന കുറവ് ആർട്ടെറ്റയുടെ സംഘത്തിന് തിരുത്തേണ്ടതുണ്ട്.

ഗണ്ണേഴ്‌സിനെതിരെ അവസാനം നേർക്കുനേർവന്ന പത്ത് മത്സരത്തിലും ലിവർപൂൾ തോറ്റിട്ടില്ല. ഏഴ്മാച്ച് വിജയിച്ചപ്പോൾ മൂന്നെണ്ണം സമനിലയിലായി. ലീഗിൽ ആഴ്‌സനലിനെതിരായ നൂറാം മത്സരമാണ് ശനിയാഴ്ചയിലേതെന്ന പ്രത്യേകതയുമുണ്ട്. മിന്നും ഫോമിലുള്ള മുഹമ്മദ് സലയെ പിടിച്ചു കെട്ടുകയെന്നത് ആഴ്‌സനൽ പ്രതിരോധത്തിന് വലിയതലവേദനയാകും. ഗോൾവേട്ടക്കാരിൽ മാഞ്ചസ്്റ്റർ സിറ്റിയുടെ ഹാളണ്ടിന് പിറകിൽ രണ്ടാമതാണ് ഈജിപ്ഷ്യൻ താരം. ബ്രസീൽതാരം ഗബ്രിയേൽ ജീസുസിനെ മുൻനിർത്തിയുള്ള ആക്രമണത്തിനാകും സന്ദർശകർ ശ്രമിക്കുക. മുന്നേറ്റനിരയിൽ ബുക്കായോ സാക്കെയും മാർട്ടിനലിയും സ്ഥാനംപിടിക്കും.

TAGS :

Next Story