സൂപ്പർ പോരിൽ യുനൈറ്റഡിന് ജയം; ബ്രൂണൊക്കും കാസമിറോക്കും ഗോൾ

മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ചെൽസിക്കെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡിന് ജയം. രണ്ട് റെഡ് കാർഡുകൾ കണ്ട മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസും (14') കാസെമിറോയുമാണ് (37') യുനൈറ്റടിന്റെ ഗോളുകൾ നേടിയത്. ചലോബയാണ് (80') ചെൽസിക്കായി ഗോൾ വല കുലുക്കിയത്.
ഓൾഡ് ട്രാഫൊർഡിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ യുനൈറ്റഡ് താരം എംബ്യുമോയെ ഫൗൾ ചെയ്തതിന് ചെൽസി ഗോൾ കീപ്പർ റോബർട്ട് സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയി. പത്ത് പേരുമായി കളിച്ച ചെൽസി 14ാം മിനിറ്റിൽ പുറകിലായി. മസറൂയിയുടെ ക്രോസിൽ തല വെച്ച ഡോർഗുവിന്റെ പാസിൽ കാൽ വെച്ച് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് യുനൈറ്റഡിന് ലീഡ് നൽകി. വൈകാതെ കോർണറിൽ നിന്ന് ഉണ്ടായ ചെൽസിയുടെ ഡിഫെൻസിവ് പിഴവ് മുതലെടുത്ത് കാസെമിറോ ആതിഥേയരുടെ ലീഡുയർത്തി. പക്ഷെ ഗോളടിച്ച കാസെമിറോ തന്നെ ആദ്യ പകുതിയുടെ അധിക സമയത്ത് ചിവപ്പു കാർഡ് കണ്ട് പുറത്താവുന്ന കാഴ്ചയും കണ്ടു. ഇരു ടീമുകളും പത്തു പേരായി ചുരുങ്ങിയതോടെ മത്സരത്തിൽ വീണ്ടും ചെൽസി ആധിപത്യം പുലർത്തി തുടങ്ങി. വെറും പത്ത് മിനിറ്റ് മാത്രം ബാക്കി നിൽക്കേ ചലോബ ചെൽസിക്ക് പ്രതീക്ഷ നൽകിയെങ്കിലും. ഡിഫൻഡ് ചെയ്തു കളിച്ച യുനൈറ്റഡ് വിജയം കരസ്ഥമാക്കി.
ജയത്തോടെ ഏഴ് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുനൈറ്റഡ് അതെ സമയം ലീഗിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയ ചെൽസി എട്ടു പോയിന്റുമായി ആറാം സ്ഥാനത്താണ്. യുനൈറ്റഡിന്റെ അടുത്ത മത്സരം ശനിയാഴ്ച ബ്രെൻഡ്ഫോർഡിനെതിരെയാണ്. ചെൽസിയുടെ അടുത്ത മത്സരം ലിങ്കൺ സിറ്റിക്കെതിരെ ഇഎഫ്എൽ കപ്പിലാണ്.
പ്രീമിയർ ലീഗിലെ മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് വെസ്റ്റ് ഹാമിനെയും (1-2) ലീഡ്സ് യുനൈറ്റഡ് വോൾവ്‌സിനെയും (1-3) പരാജയപ്പെടുത്തി. അതേസമയം ടോട്ടൻഹാം ബ്രൈറ്റൺ (2-2) മത്സരവും ബേൺലി നോട്ടിങ്ഹാം (1-1) മത്സരവും സമനിലയിൽ പിരിഞ്ഞു.
Adjust Story Font
16

