ഇഞ്ചുറി ടൈം ത്രില്ലർ; വെസ്റ്റ് ഹാമിനെ തകർത്ത് യുണൈറ്റഡ് ആദ്യ നാലിൽ

കളിയവസാനിക്കാന്‍ സെക്കന്‍റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യുണൈറ്റഡിന്‍റെ തകര്‍പ്പന്‍ ഗോള്‍ പിറന്നത്

MediaOne Logo

Sports Desk

  • Updated:

    2022-01-23 01:40:57.0

Published:

23 Jan 2022 1:19 AM GMT

ഇഞ്ചുറി ടൈം ത്രില്ലർ; വെസ്റ്റ് ഹാമിനെ തകർത്ത് യുണൈറ്റഡ് ആദ്യ നാലിൽ
X

കളിയവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കേ പിറന്ന മനോഹരഗോളിൽ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. കളിയുടെ 93ാം മിനിറ്റിൽ യുവതാരം മാർകസ് റഷ്‌ഫോർഡിന്റെ ബൂട്ടിൽ നിന്ന് പിറന്ന ത്രില്ലർ ഗോളിലാണ് മാഞ്ചസ്റ്ററിന്റെ തകർപ്പൻ ജയം. ഇതോടെ നിർണ്ണായകമായ മൂന്നു പോയിന്റ് കരസ്ഥമാക്കിയ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍‌ ലീഗ് പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ തിരിച്ചെത്തി.

മാഞ്ചസ്റ്ററിന്‍റെ തട്ടകമായ ഓൾഡ് ട്രാഫോഡിലായിരുന്നു യുണൈറ്റഡ് - വെസ്റ്റ് ഹാം പോരാട്ടം. ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ആര്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. രണ്ടാം പകുതിയിലും ഗോൾ കണ്ടെത്താനുള്ള നിരവധി മുന്നേറ്റങ്ങളുണ്ടായി. എന്നാല്‍ കളിയുടെ അവസാന നിമിഷത്തിലാണ് ഓള്‍ ട്രാഫോഡിനെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ച യുണൈറ്റഡിന്‍റെ ത്രില്ലര്‍ ഗോള്‍ പിറന്നത്. 93ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് നീട്ടി നല്‍കിയ പന്ത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ടിലേക്ക്. പന്തിനെ ക്രിസ്റ്റ്യാനോ എഡിസന്‍ കവാനിക്ക് മറിച്ചു നല്‍കി. പന്തുമായി കുതിച്ച കവാനി പന്ത് യുവതാരം മാര്‍കസ് റഷ്ഫോര്‍ഡിന് നീട്ടി നല്‍കി. മനോഹരമായ ഒരു ഫിനിഷിലൂടെ റഷ്ഫോര്‍ഡ് മാഞ്ചസ്റ്ററിനെ വിജയതീരമണച്ചു. കളിയിലുടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കണക്കുകളില്‍ മാഞ്ചസ്റ്ററായിരുന്നു ഒരു പടി മുന്നില്‍.

മറ്റൊരു മത്സരത്തിൽ നോർവിച്ച് സിറ്റി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വാട്ട്ഫോർഡിനെ പരാജയപ്പെടുത്തി. ജോഷ് സർജിന്റിന്റെ ഇരട്ടഗോൾ നേട്ടമാണ് നോർവിച്ചിനെ വിജയത്തിലേക്ക് എത്തിച്ചത്. എമി ബുവൻഡിയ നേടിയ ഒറ്റ ഗോളിന് ആസ്റ്റൻവില്ല എവർട്ടണെ തോൽപ്പിച്ചു. ലീഡ്സ് യുണൈറ്റഡിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂകാസിൽ വിജയിച്ചു.

TAGS :

Next Story