മൈക്കിൾ കാരിക്ക് പുതിയ മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ

മാഞ്ചസ്റ്റർ: പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി ചുമതലയേൽക്കാനൊരുങ്ങി മൈക്കിൾ കാരിക്ക്. താൽകാലിക പരിശീലക സ്ഥാനത്തേക്കാണ് മുൻ യുനൈറ്റഡ് താരം എത്തുന്നത്. 2025 ജൂൺ വരെ മിഡിൽസ്‌ബറോ പരിശീലകനായിരുന്നു കാരിക്ക്. യുനൈറ്റഡിന്റെ ട്രെയിനിങ് ഗ്രൗണ്ടായ ക്യാരിങ്‌ടണിൽ എത്തിയ ഇംഗ്ലീഷ് പരിശീലകൻ ഇന്ന് തന്നെ ഔദ്യോഗികമായി കരാറിൽ ഒപ്പ് വെക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
2006 മുതൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ജേഴ്സിയണിഞ്ഞിട്ടുള്ള കാരിക്ക് 2018 ലാണ് വിരമിക്കുന്നത്. അതിന് ശേഷം ഹോസെ മൗറിന്യോക്കൊപ്പം അദ്ദേഹത്തിന്റെ കോച്ചിങ് സ്റ്റാഫിന്റെ ഭാഗമായി പ്രവർത്തിച്ചു. മൗറീന്യോ പുറത്തായതിന് പിന്നാലെ ടീമിന്റെ താത്കാലിക പരിശീലകനായി കാരിക്കിനെ ചുമതലയേൽപ്പിച്ചിരുന്നു. തുടർന്ന് ഒലെ ഗണ്ണാർ സോൾഷെയറിന്റെ കോച്ചിങ് സ്റ്റാഫിന്റെ ഭാഗമായും മൈക്കിൾ കാരിക്ക് പ്രവർത്തിച്ചിട്ടുണ്ട്. 2021 നവംബറിൽ സോൾഷെയർ പുറത്തായതിന് പിന്നാലെ വീണ്ടും താത്കാലിക പരിശീലകനായി കാരിക്ക് ചുമതലയേറ്റിരുന്നു. പക്ഷെ ഡിസംബറിൽ റാൽഫ് രാഗ്നിക്ക് യുനൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് എത്തിയതോടെ കാരിക്ക് സ്ഥാനമൊഴിഞ്ഞു.
പിന്നീട് 2022 ഒക്ടോബറിൽ ചാംപ്യൻഷിപ് ക്ലബ് മിഡിൽസ്‌ബറോയിലെത്തിയ കാരിക്ക് 2025 വരെ ആ സ്ഥാനത്തുണ്ടായിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ് പരിശീലക സ്ഥാനത്ത് നിന്ന് റൂബൻ അമോറിമിനെ യുനൈറ്റഡ് പുറത്താക്കിയത്. നിലവിലെ സീസൺ അവസാനിക്കുന്നത് വരെ താത്കാലിക പരിശീലകന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു യുനൈറ്റഡ്. മുൻ താരവും പരിശീലകരുമായ ഒലെ ഗണ്ണാർ സോൾഷെയറും മൈക്കിൾ കാരുമായിരുന്നു പ്രധാനാമായും പട്ടികയിലുണ്ടായിരുന്നത്.
പുതിയതായി ചുമതലയേൽക്കാൻ പോകുന്ന മൈക്കിൾ കാരിക്കിന് മുമ്പിലുള്ള ആദ്യ മത്സരം ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും രണ്ടാം മത്സരം പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാമതുള്ള ആർസനലുമായിട്ടാണ്.
Adjust Story Font
16

