Quantcast

ഹിജാബ് ധരിച്ച് നുഹൈല പന്തുതട്ടി; ഫിഫ ലോകകപ്പിൽ പുതുചരിത്രം

ഫിഫ ലോകകപ്പിൽ ഇതാദ്യമായാണ് ഹിജാബ് ധരിച്ച് ഒരു താരം കളത്തിലിറങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-24 09:24:38.0

Published:

24 July 2023 9:23 AM GMT

Morocco’s Nouhaila Benzina Becomes First Hijabi Player at Women’s World Cup
X

നുഹൈല ബെന്‍സീന

മെൽബൺ: ഫിഫ വനിതാ ലോകകപ്പിൽ മോറോക്കൻ പ്രതിരോധ താരം നുഹൈല ബെൻസീന ഇന്നു കളത്തിലിറങ്ങിയത് പുതിയൊരു ചരിത്രം കുറിച്ചുകൊണ്ടാണ്. ഇതാദ്യമായാണ് ഹിജാബ് ധരിച്ച് ഒരു താരം ലോകകപ്പിൽ പന്തുതട്ടുന്നത്. 'എച്ച്' ഗ്രൂപ്പിൽ രണ്ടു തവണ ലോകം ചാംപ്യന്മാരായ ജർമനിയെയാണ് മൊറോക്കോ നേരിടുന്നത്.

മൊറോക്കൻ വനിതാ ഫുട്‌ബോൾ ലീഗിലെ പ്രധാന ടീമുകളിലൊന്നായ മൊറോക്കൻ റോയൽ ആർമി ഫുട്‌ബോൾ ക്ലബിന്റെ താരമാണ് 25 കാരിയായ നുഹൈല. 2017ൽ മൊറോക്കോയുടെ അണ്ടർ-20 ടീമിൽ മിന്നും പ്രകടനം പുറത്തെടുത്താണ് താരം ശ്രദ്ധനേടുന്നത്. തൊട്ടടുത്ത വർഷം ദേശീയ ടീമിലേക്കും വിളിവന്നു.

ആസ്‌ട്രേലിയയും ന്യൂസിലൻഡും ആതിഥ്യംവഹിക്കുന്ന വനിതാ ലോകകപ്പിൽ ചരിത്രമെഴുതാൻ പോകുകയാണ് നുഹൈല ബെൻസീനയെന്ന് ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക ഹാൻഡിലിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. തലമറച്ച് (ലോകകപ്പ്) ചാംപ്യൻഷിപ്പിനിറങ്ങുന്ന ആദ്യ താരമാകുകയാണ് മൊറോക്കൻ താരമെന്നും ട്വീറ്റിൽ പറയുന്നു.

നുഹൈല കളിക്കുന്നത് കാണുമ്പോൾ തങ്ങൾക്കും ഇങ്ങനെയെല്ലാം ആകാനാകുമെന്ന ചിന്തയായിരിക്കും പെൺകുട്ടികളുടെ മനസിലെന്ന് മുസ്‌ലിം വുമൺ ഇൻ സ്‌പോർട്‌സ് നെറ്റ്‌വർക്ക് സഹസ്ഥാപക അസ്മാ ഹിലാൽ പറഞ്ഞു. തങ്ങളുടെ നാട്ടിലും ഇത്തരത്തിൽ സ്ത്രീകളെയും പെൺകുട്ടികളെയും ഉൾപ്പെടെ കളികളിൽ പങ്കാളികളാക്കുന്ന തരത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന തുറന്ന അന്തരീക്ഷം സൃഷ്ടിക്കണമെന്ന് എല്ലാ ഭരണാധികാരികളും നയനിർമാതാക്കളുമെല്ലാം ചിന്തിക്കുമെന്നും അവർ പറഞ്ഞു.

മൊറോക്കോയുടെ കന്നി ലോകകപ്പ് കൂടിയാണിത്. വനിതാ ലോകകപ്പ് യോഗ്യത നേടുന്ന ആദ്യത്തെ അറബ്-ഉത്തരാഫ്രിക്കൻ രാജ്യം കൂടിയാണ് മൊറോക്കോ. ഖത്തറിൽ നടന്ന പുരുഷ ലോകകപ്പിൽ മൊറോക്കോയുടെ വിസ്മയകരമായ കുതിപ്പ് ആവർത്തിക്കണമെന്ന് മനസിലുറപ്പിച്ചാകും പെൺപടയും ഇത്തവണ ഇറങ്ങുന്നത്.

വനിതാ ലോകകപ്പിൽ കളിക്കുന്ന ആദ്യ അറബ് ടീമായതിൽ അഭിമാനമുണ്ടെന്ന് മൊറോക്കോ ക്യാപ്റ്റൻ ഗിസ്ലാൻ ഷബ്ബാക് പ്രതികരിച്ചു. (അറബ് ലോകത്തെ കുറിച്ചുള്ള) നല്ല പ്രതിച്ഛായ സൃഷ്ടിക്കാനുള്ള വലിയ ഉത്തരവാദിത്തം തങ്ങളുടെ ചുമലിലുണ്ട്. മൊറോക്കൻ ടീം നേടിയെടുത്തതെല്ലാം ഇവിടെ പ്രദർശിപ്പിക്കേണ്ട ഉത്തരവാദിത്തവുമുണ്ടെന്നും അവർ പറഞ്ഞു.

2007ൽ ഹിജാബ് ധരിച്ച കനേഡിയൻ താരത്തെ കളിയിൽനിന്നു വിലക്കിയിരുന്നു. തലമറച്ച് കളിക്കുന്നത് വിലക്കി ഫിഫയും ഉത്തരവിറക്കിയിരുന്നു. പിന്നീട് 2012ൽ ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷന് പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിൽ തലമറച്ച് കളിക്കാൻ അനുവാദം നൽകി. 2014ഓടെ ശിരോവസ്ത്രത്തിനുള്ള വിലക്ക് ഫിഫ പൂർണമായി എടുത്തുമാറ്റുകയും ചെയ്തു.

Summary: Morocco’s Nouhaila Benzina Becomes First Hijabi Player at Women’s World Cup

TAGS :

Next Story