Quantcast

നെയ്മറും പടയാളികളും വരുന്നു, സാമ്രാജ്യങ്ങൾ വീണ്ടെടുക്കാൻ

MediaOne Logo

Sports Desk

  • Published:

    19 May 2026 4:02 PM IST

neymar
X

റിയോ ഡി ജനീറോയിലെ 'മ്യൂസിയം ഓഫ് ടുമാറോ' വലിയ നിശബ്ദതയിലാണ്. ഒരു ലോകകപ്പ് സ്ക്വാഡിനേക്കാൾ വെയ്റ്റുള്ള ഒരു പേരിനായി ഹൃദയത്തിൽ സാംബതാളമിടിച്ചുകൊണ്ട് കോടാനുകോടി മനുഷ്യർ കാത്തിരിക്കുന്നു. ഒടുവിൽ കാർലോ ആഞ്ചലോട്ടി ആ പേര് ഉച്ചരിച്ചതേയുള്ളൂ... ബ്രസീലിയൻ തെരുവുകളിൽ ഒരൊറ്റ സെക്കൻഡ് കൊണ്ട് ആവേശം അണപൊട്ടി! പ്രഖ്യാപന ഹാളും ടിവി മുറികളും ഇൻസ്റ്റഗ്രാം റീലുകളുമെല്ലാം അയാളാൽ നിറഞ്ഞു. അധികം ആമുഖമൊന്നും വേണ്ടാത്ത ഒരാൾ... നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ! ചിറകറ്റുവെന്ന് കരുതിയ ഒരു കാനറിക്കിളി ഇതാ ഫിനിക്സ് പക്ഷിയെപ്പോലെ കനൽക്കൂനകളിൽ നിന്ന് ഉയിർത്തുവരുന്നു.

ഫുട്ബോളിന്റെ ചരിത്രപുസ്തകങ്ങൾ അളക്കുന്നത് കിരീടങ്ങളുടെ ലോഹത്തിളക്കം കൊണ്ട് മാത്രമല്ല. അത് ഇയാളെപ്പോലെയുള്ളവർ മനസ്സുകളിൽ തീർത്ത പ്രണയം കൊണ്ട് കൂടിയാണ്. പ്രായത്തിന്റെ ഭാരവും പരിക്കിന്റെ ശാപവും പേറി ഇനിയയാൾക്ക് ആ പത്താം നമ്പർ ജേഴ്‌സിയിലേക്കൊരു മടങ്ങിവരവില്ലെന്ന് പലരും പ്രവചിച്ചതാണ്. പക്ഷേ മുറിവുകൾ തുന്നിക്കൂട്ടിയും ഒടിവുകളിൽ മരുന്നുപുരട്ടിയും സാംബ ഫുട്ബോളിന്റെ അവസാനത്തെ സുൽത്താൻ വരികയാണ്. നെഞ്ചിൽ ആളിക്കത്തിയ പരിക്കിന്റെ വേദനകളെയും പരിഹാസങ്ങളെയും സാന്റോസിന്റെ മണ്ണിൽ ചോരയും നീരും നൽകി അവൻ അതിജീവിച്ചിരിക്കുന്നു.

18 മാസമായി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിട്ടുനിന്ന ആ പത്താം നമ്പറുകാരൻ വീണ്ടും കാനറിപ്പടയുടെ മഞ്ഞക്കുപ്പായത്തിലേക്ക് മടങ്ങിയെത്തുമ്പോൾ സാവോപോളോയിലെ തെരുവുകൾ മുതലിങ്ങ് കേരളത്തിലുള്ളവർക്ക് വരെ ഒരുപോലെ സന്തോഷിക്കുന്നു. ഫിറ്റ്നസ് ഒരു ചോദ്യമുയർത്തുന്നുവെങ്കിലും നാലാം ലോകകപ്പിലും നെയ്മർ തന്നെ കളിമെനയുമെന്നാണ് പ്രതീക്ഷകൾ.

സാമ്രാജ്യം വീണ്ടെടുക്കാൻ ബ്രസീൽ

നെയ്മറിന് മാത്രമല്ല, ബ്രസീലിനാകെയും ഇതൊരു വീണ്ടെടുപ്പിന്റെ പോരാട്ടമാണ്. അഞ്ച് വട്ടം ലോകകിരീടത്തിൽ മുത്തമിട്ട, ലോക ഫുട്ബോളിന്റെ അപ്രഖ്യാപിത രാജാക്കന്മാർക്ക് തങ്ങളുടെ നഷ്ട സാമ്രാജ്യം തിരിച്ചുപിടിച്ചേ തീരൂ. അവസാനമായി ഒരു ലോകകപ്പ് ട്രോഫി ബ്രസീലിലേക്ക് എത്തിയിട്ട് നീണ്ട 24 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 2002-ൽ റൊണാൾഡോയും റൊണാൾഡീഞ്ഞോയും റിവാൾഡോയുമെല്ലാം ചേർന്ന് വിരിയിച്ചെടുത്ത ലോകകപ്പ് ഇപ്പോൾ ഒരു ഓർമ മാത്രമാണ്. ഇന്ന് സ്ക്വാഡിലുള്ള പലരുമന്ന് ജനിച്ചിട്ട് പോലുമില്ല. 2006-ൽ സിനദിൻ സിദാനെന്ന നക്ഷത്രത്തിന് മുന്നിൽ വീണുപോയി. 2010-ൽ ഡച്ച് പടയോട്ടത്തിൽ കണ്ണീരുമായി മടങ്ങി. 2014ൽ ജർമ്മനിക്ക് മുന്നിൽ ഏറ്റുവാങ്ങിയ ബെലോ ഹൊറിസോണ്ടെ ദുരന്തം ഇന്നും മനസ്സുകളിലുണ്ട്. 2018-ലും 2022-ലും ക്വാർട്ടർ ഫൈനൽ വരെ മാത്രം നീണ്ട പടയൊരുക്കം...സുന്ദരമായ ജോഗോ ബോണിറ്റോയാൽ ലോകത്തെ ഭരിച്ച ബ്രസീലിന് യൂറോപ്യൻ കരുത്തിന് മുന്നിൽ പതറുന്ന ടീം എന്ന ചീത്തപ്പേര് ഇക്കുറി മാറ്റിയെടുത്തേ തീരൂ.


ഈ ദൗത്യത്തിനായി യൂറോപ്യൻ കോച്ച് കാർലോ ആഞ്ചലോട്ടിയെത്തന്നെ എത്തിച്ചു. സസ്പെൻസുകൾക്കൊടുവിൽ 26 പടയാളികളും റെഡിയായിട്ടുണ്ട്. വല കാക്കാൻ ലിവർപൂളിന്റെ വിശ്വസ്തൻ അലിസൺ ബെക്കർ, എഡേഴ്സൺ, വെവേർട്ടൺ എന്നിവരാണുള്ളത്. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ അലിസൺ ബെക്കർ തന്നെയാകും ആദ്യ ഓപ്ഷൻ.

കഴിഞ്ഞ കുറച്ചു കാലമായി ബ്രസീലിന് ചീത്തപ്പേര് കേൾപ്പിക്കുന്നത് പ്രതിരോധ നിരയാണ്. ഗണ്ണേഴ്സിന്റെ ഗബ്രിയേൽ മഗാലസ്, പിഎസ്ജിയുടെ വെറ്ററൻ മാർക്കിഞ്ഞോസ്, റോമയുടെ വെസ്‍ലി, യുവന്റസിന്റെ ബ്രെമർ എന്നീ യൂറോപ്യൻ അതികായർ​ക്കൊപ്പം നാട്ടിലെ ക്ലബായ ഫ്ലെമെംഗോയിൽ കളിക്കുന്ന ഡാനിലോ, ലിയോ പെരേര, അലക്സ് സാൻഡ്രോ എന്നിവരും ചേരും. റഷ്യയിൽ സെനിറ്റിനൊപ്പം പന്തുതട്ടുന്ന ഡഗ്ലസ് സാന്റോസും അൽ അഹ്ലിയുടെ റോജർ ഇബാനാസും ചേരുന്നതോടെ പട്ടിക പൂർത്തിയാകും.

കളി മെനയുന്ന മധ്യനിരയിലും ബ്രസീലിന് കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ കോപ്പ അമേരിക്കയിലടക്കം ആ ദൗർബല്യം വെളിയായിരുന്നു. ന്യൂകാസിലിന്റെ മിന്നും താരം ബ്രൂണോ ഗിമറായസ്, മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഈ സീസണിൽ മിന്നും ഫോമിൽ കളിച്ച കാസെമിറോ, ബോട്ടഫോഗോയുടെ ഡാനിലോ സാന്റോസ്, അൽ ഇത്തിഹാദിൽ കളിക്കുന്ന ഫാബിഞ്ഞോ, ഫ്ലെമെംഗോയുടെ ലൂക്കാസ് പക്വേറ്റ എന്നിവരാണ് ലിസ്റ്റിലുള്ളത്. എല്ലാവരും പരിചിത മുഖങ്ങൾ തന്നെ.

മുന്നേറ്റ നിരയിലേക്ക് വന്നാൽ അവിടെയും പേരുകൾക്ക് കുറവൊന്നുമില്ല. സാക്ഷാൽ നെയ്മർ തന്നെ ഹോട്ട് ടോപിക്. കൂടെ റയലിന്റെ ചാട്ടുളി വിനീഷ്യസ് ജൂനിയറും ബാഴ്സയുടെ ഓമനപുത്രൻ റഫീഞ്ഞയും ചേരുന്നു. മാജിക്കൽ ടച്ചുമായി ഓൾഡ് ട്രാഫോർഡിനെ കോരിത്തരിപ്പിച്ച മത്തേവൂസ് കുഞ്ഞയാണ് മറ്റൊരാൾ. റയലിൽ ബെഞ്ചിലിരുന്ന കാലത്തിന് ശേഷം ലിയോണിലേക്ക് ലോണിൽ പോയി മിന്നും ഫോമിലുള്ള എൻഡ്രിക്, ഗണ്ണേഴ്സിന്റെ അതിവേഗക്കാരൻ ഗബ്രിയേൽ മാർട്ടിനെല്ലി, ബ്രെന്റ്ഫോർഡിന്റെ ഇഗോർ തിയാഗോ, ബേൺമൗത്തിന്റെ കൗമാരക്കാരൻ റയാൻ, സെനിറ്റിന്റെ ലൂയിസ് എൻഡ്രിക് എന്നിവരാണ് മറ്റുള്ളവർ. ടൂർണമെന്റിലെത്തന്നെ ഏറ്റവും മികച്ച അറ്റാക്കിങ് നിരയുള്ള ടീമുകളിലൊന്ന്.

ആഞ്ചലോട്ടിയുടെ ഈ സ്ക്വാഡിലേക്ക് കണ്ണോടിച്ചാൽ ഒരു കാര്യം വ്യക്തമാണ് — അദ്ദേഹം പരിചയസമ്പത്തിനും ഫോമിനും ഒപ്പം യുവത്വത്തിന്റെ വന്യമായ വേഗതയ്ക്കും തുല്യ പ്രാധാന്യം നൽകിയിട്ടുണ്ട്. ആരൊക്കെ ആദ്യ ഇലവനിൽ ഇറങ്ങണമെന്നത് ഏറെ ആലോചനകൾക്കും ടാക്റ്റിക്കൽ തീരുമാനങ്ങൾക്കും ശേഷമാകും. ഫിറ്റ്നസും ടീം കോമ്പിനേഷനും പ്രധാന ഘടകമാകും.

ചില നഷ്ടങ്ങളും വെല്ലുവിളികളും

പക്ഷേ, ഈ സന്തോഷത്തിനിടയിലും ആരാധകരെയും അൻചലോട്ടിയെയും ഒരുപോലെ അലട്ടുന്ന ചില വലിയ നഷ്ടങ്ങളുമുണ്ട്. പരിക്ക് മൂലം പല വലിയ പേരുകൾക്കും യൂറോപ്പിലെ മിന്നും താരങ്ങൾക്കും പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പേര് റോഡ്രിഗോയുടേതാണ്. ACL ഇഞ്ച്വറി മൂലം റോഡ്രിഗോയ്ക്ക് ഈ ലോകകപ്പ് പൂർണ്ണമായും നഷ്ടമായി. കൂടാതെ റൈറ്റ് ബാക്കായും സെന്റർ ബാക്കായും തിളങ്ങാനാകുന്ന എഡർ മിലിറ്റാവോയും പരിക്കിന്റെ പിടിയിൽ. ഇതിനെല്ലാം പുറമെ പ്രീമിയർ ലീഗിൽ മിന്നിയിരുന്ന ചെൽസിയുടെ കൗമാര താരം എസ്തേവാവോ വില്യനും ഇല്ല. ചെൽസിയുടെത്തന്നെ ജോവോ പെഡ്രോയും മിഡ്ഫീൽഡർ ആൻഡ്രേ സാന്റോസും ഇല്ലാത്തതും വലിയ നഷ്ടമാണ്. ഖത്തറിൽ വണ്ടർ ഗോളടിച്ച റിച്ചാർലിസണും ലിസ്റ്റിലില്ല. സിറ്റിയുടെ സാവീന്യോ 55 അംഗ ലിസ്റ്റിൽ പോലും ഇടം പിടിച്ചിരുന്നില്ല. യുണൈറ്റഡിലെ പരിഹാസങ്ങൾക്ക് ശേഷം റയൽ ബെറ്റിസിൽ പോയി കരിയർ വീണ്ടെടുത്ത ആന്റണിക്കും ഇടമില്ല.


ഈ ടീമിന്റെ ഏറ്റവും വലിയ കരുത്ത് വേഗതയും താളവുമുള്ള മുന്നേറ്റ നിര തന്നെയാണ്. വിനീഷ്യസ്, നെയ്മർ, റഫീഞ്ഞ, മാർട്ടിനെലി, കുന്യ എന്നിവരെല്ലാം ഏത് പ്രതിരോധത്തെയും കീറിമുറിക്കാൻ പോന്നവർ തന്നെയാണ്. ഒറ്റയ്ക്ക് കളി തിരിക്കാൻ പോന്നവരാണ് ഇവരെയെല്ലാം. എന്നാൽ ബ്രസീലിനെ വർഷങ്ങളായി അലട്ടുന്ന ഒരു വലിയ ബലഹീനത ഈ ടീമിലും പ്രകടമാണ് — അതാണ് ഫുൾബാക്ക് പൊസിഷനുകൾ. റൈറ്റ് ബാക്കിൽ കളിക്കാൻ പോന്ന ലോകോത്തര താരങ്ങളുടെ അഭാവം വ്യക്തമാണ്. വെറ്ററൻ താരം ഡാനിലോ, റോമയുടെ വെസ്ലി, അല്ലെങ്കിൽ സെന്റർ ബാക്കായ ഇബാനസിനെ റൈറ്റ് ബാക്കാക്കുക എന്നിവ മാത്രമാണ് അൻചലോട്ടിയുടെ മുന്നിലുള്ള ഓപ്ഷനുകൾ. ലെഫ്റ്റ് ബാക്കിൽ ഡഗ്ലസ് സാന്റോസോ അലക്സ് സാൻഡ്രോയോ ഇറങ്ങേണ്ടി വരും. യൂറോപ്യൻ ടീമുകളുടെ അതിവേഗ വിങ്ങർമാരെ തടയാൻ ഈ ഫുൾബാക്കുകൾക്ക് സാധിക്കുമോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്.

ബ്രസീലിയൻ കോച്ചുമാരെ മാറ്റി ഇപ്പോൾ ആ കസേരയിലിരിക്കുന്നത് സാക്ഷാൽ ആഞ്ചലോട്ടിയാണ്. ക്ലബ് ഫുട്ബോളിലെ സകല കിരീടങ്ങളും ചൂടിയ അതികായൻ! 2025-ൽ ബ്രസീലിന്റെ ചുമതലയേറ്റ അദ്ദേഹത്തിന് 2030 ലോകകപ്പ് വരെ കരാർ നീട്ടി നൽകിയിട്ടുണ്ട്. ജൂൺ 13-ന് ന്യൂജേഴ്‌സിയിൽ മൊറോക്കോയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ പോരാട്ടം. ഗ്രൂപ്പ് സി-യിൽ ഹെയ്തിയും സ്കോട്ട്ലൻഡുമാണ് മറ്റ് എതിരാളികൾ.

പരിക്കിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് നെയ്മർ മുന്നിൽ നടക്കുമ്പോൾ, വിനീഷ്യസും റഫീഞ്ഞയും ഇരുവശങ്ങളിൽ നിന്നും തീ തുപ്പുമ്പോൾ, തന്ത്രങ്ങളുടെ ആശാൻ കാർലോ അൻചലോട്ടി ഡഗ് ഔട്ടിലിരുന്ന് കരുക്കൾ നീക്കുമ്പോൾ... കാനറിപ്പട കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം കാണുന്നില്ല.

TAGS :

Next Story