കണ്ടിരിക്കാനാകില്ല, ഇസ്രായേലുമായുള്ള ഫുട്ബോൾ മത്സരത്തിലെ മുഴുവൻ ലാഭവും ഗസ്സക്കെന്ന് നോർവെ

ജനീവ: ഗസ്സയിലെ മാനുഷിക ദുരിതങ്ങളിൽ നിസ്സംഗത പാലിക്കാനാകില്ലെന്ന പ്രഖ്യാപനവുമായി നോർവീജിയൻ ഫുട്ബോൾ ഫെഡറേഷൻ. ഒക്ടോബർ 11ന് ഇസ്രായേലിനെതിരായ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്നുള്ള മുഴുവൻ ലാഭവും ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് ഫെഡറേഷൻ അറിയിച്ചു.
ഒക്ടോബർ 11ന് ഓസ്ലോയിൽ വെച്ചാണ് നോർവെയും ഇസ്രായേലും തമ്മിലുള്ള മത്സരം. ഈ മത്സരത്തിലെ ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം ഗസ്സയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് കൈമാറാനാണ് തീരുമാനം.
"ഗസ്സയിലെ സാധാരണ ജനങ്ങൾ ഏറെക്കാലമായി അനുഭവിക്കുന്ന മാനുഷിക ദുരിതങ്ങളെയും ആക്രമണങ്ങളെയും കണ്ടില്ലെന്ന് നടിക്കാനാകില്ല. ഗസ്സയിലെ ജീവനുകൾ രക്ഷിക്കുകയും അടിയന്തര സഹായം നൽകുകയും ചെയ്യുന്ന ഒരു മാനുഷിക സംഘടനയ്ക്ക് ഈ വരുമാനം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’’ -നോർവീജിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലിസ് ക്ലാവെനെസ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, നോർവേയുടെ പ്രഖ്യാപനത്തിനെതിരെ ഇസ്രായേൽ ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തി. ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കാനും നോർവെ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. സംഭാവന ചെയ്യുന്ന പണം തീവ്രവാദ സംഘടനകളിലേക്കോ തിമിംഗല വേട്ടയ്‌ക്കോ (Whale Hunting) കൈമാറുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇസ്രായേൽ പ്രസ്താവനയിൽ പരിഹസിച്ചു.
ഒക്ടോബർ 11-ന് നടക്കുന്ന മത്സരത്തിന് കനത്ത സുരക്ഷയൊരുക്കുമെന്ന് നോർവീജിയൻ ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. യുവേഫയുമായും പ്രാദേശിക പൊലീസുമായും ചേർന്നാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. സുരക്ഷാ കാരണങ്ങളാൽ സ്റ്റേഡിയത്തിലെ ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്താനും സാധ്യതയുണ്ട്.
യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് ഐയിൽ 15 പോയന്റുമായി നോർവെ ഒന്നാമതാണ്. ഒൻപത് പോയന്റുള്ള ഇറ്റലി രണ്ടാമതും അത്ര തന്നെ പോയന്റുള്ള ഇസ്രായേൽ മൂന്നാമതുമുണ്ട്. നേരത്തെ ഇറ്റലി കോച്ച് ഗട്ടൂസോയും ഇസ്രായേലിനെതിരെ രംഗത്തെത്തിയിരുന്നു.
Adjust Story Font
16

