‘ഇംഗ്ലീഷ് പഠിക്കാതിരുന്നത് വലിയ അബദ്ധം’; കരിയറിലെ ആ നഷ്ടബോധം തുറന്നുപറഞ്ഞ് ലയണൽ മെസ്സി

ന്യൂയോർക്: ‘ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം’ എന്നൊരു ബൈബിൾ വാക്യമുണ്ട്. അതുപോലെ ഫുട്ബോൾ ലോകം മുഴുവൻ കാൽക്കലാക്കിയിട്ടും ചെറുപ്പത്തിൽ ഇംഗ്ലീഷ് പഠിക്കാതിരുന്നതിൽ സ്വയം പഴിചാരി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാൽ ലയണൽ മെസ്സി. എട്ട് ബാലൺ ഡി ഓറുകൾ, ലോകകപ്പ് കിരീടം, ചാമ്പ്യൻസ് ലീഗ് ട്രോഫികൾ തുടങ്ങി ഒരു പ്രൊഫഷണൽ ഫുട്ബോളർക്ക് നേടാൻ കഴിയുന്ന സകല നേട്ടങ്ങളും സ്വന്തമാക്കി കരിയർ പൂർത്തിയാക്കുമ്പോഴും ഉള്ളിൽ നീറ്റലായി അവശേഷിക്കുന്ന ആ വലിയ നഷ്ടബോധത്തെക്കുറിച്ച് മെസ്സി തുറന്നുപറഞ്ഞ വാക്കുകളാണ് ഇപ്പോൾ കായികലോകത്ത് വീണ്ടും വലിയ ചർച്ചയാകുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു മെക്സിക്കൻ പോഡ്‌കാസ്റ്റിൽ മെസ്സി പങ്കുവെച്ച മനസ്സ്തുറക്കലാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചെറുപ്പകാലത്ത് ഇംഗ്ലീഷ് ഭാഷ പഠിക്കാൻ സാധിക്കാതെ പോയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമെന്ന് മെസ്സി വ്യക്തമാക്കുന്നു
"എനിക്ക് വലിയൊരു നഷ്ടബോധമുണ്ട്. ചെറുപ്പത്തിൽ കുറച്ചെങ്കിലും ഇംഗ്ലീഷ് പഠിക്കാൻ എനിക്ക് ആവശ്യത്തിന് സമയം ഉണ്ടായിരുന്നു, പക്ഷേ ഞാനത് ചെയ്തില്ല. ജീവിതത്തിൽ ലോകോത്തര വ്യക്തിത്വങ്ങളെയും ഇതിഹാസങ്ങളെയും നേരിൽ കണ്ടുമുട്ടാൻ എനിക്ക് ഒട്ടനവധി അവസരങ്ങൾ കിട്ടിയിട്ടുണ്ട്. അവരോട് മനസ്സ് തുറന്ന് സംസാരിക്കാനും ചിരിക്കാനും പറ്റിയ ഇടങ്ങളിലെല്ലാം, ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് മാത്രം സാധിക്കാതെ പോയി. 'ഞാൻ എത്ര വലിയ മണ്ടനായിരുന്നു, എന്റെ സമയം ഞാൻ എത്ര വെറുതെ കളഞ്ഞു' എന്നാണ് അപ്പോഴൊക്കെ ഞാൻ ചിന്തിച്ചത്."
തനിക്ക് സംഭവിച്ച ആ വലിയ വീഴ്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ട്, ഇപ്പോൾ തന്റെ മക്കളോട് മികച്ച വിദ്യാഭ്യാസം നേടാനും പുതിയ ഭാഷകൾ പഠിക്കാനും മെസ്സി കർശനമായി നിർദേശിക്കുന്നുണ്ട്. ലോകം കീഴടക്കാൻ കായിക പ്രതിഭ മാത്രം പോരാ, ആ ലോകത്തോട് കൃത്യമായി സംവദിക്കാൻ ഭാഷ കൂടി അറിഞ്ഞിരിക്കണം എന്ന വലിയ സന്ദേശമാണ് ഇതിലൂടെ മെസ്സി നൽകുന്നത്.
മെസ്സിയുടെ ഈ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ മലയാളി ഫുട്ബോൾ പ്രേമികൾക്കിടയിലും സംഭവം ട്രോളുകളായും ഗൗരവമേറിയ ചർച്ചകളായും നിറയുകയാണ്. "പഠിച്ചുനടക്കേണ്ട കാലത്ത് കളിച്ചുനടന്നാൽ ഇങ്ങനെയുണ്ടാകും" എന്ന തരത്തിലുള്ള രസകരമായ കമന്റുകൾ മുതൽ, സ്വന്തം ജീവിതത്തിൽ ഭാഷയറിയാത്തതുകൊണ്ട് വലിയ അവസരങ്ങൾ നഷ്ടപ്പെട്ട അനുഭവങ്ങൾ പങ്കുവെക്കുന്നവർ വരെ കമന്റ് ബോക്സുകളിൽ സജീവമാണ്.
Adjust Story Font
16

