Quantcast

'കോച്ചിങ് കരിയറിൽ ഞാൻ പതിനഞ്ച് വർഷത്തെ ഇടവേളയെടുത്തേക്കാം' : പെപ് ഗാർഡിയോള

2027 ൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പെപ്പിന്റെ കരാർ അവസാനിക്കും

MediaOne Logo

Sports Desk

  • Published:

    28 July 2025 9:18 PM IST

കോച്ചിങ് കരിയറിൽ ഞാൻ പതിനഞ്ച് വർഷത്തെ ഇടവേളയെടുത്തേക്കാം : പെപ് ഗാർഡിയോള
X

മാഞ്ചസ്റ്റർ : കോച്ചിങ് കരിയറിൽ പതിനഞ്ച് വർഷം വരെ നീളുന്ന ഇടവേളയെടുക്കാൻ താൻ ആലോചിക്കുന്നുവെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. 2027 ൽ സിറ്റിയുമായുള്ള കരാർ അവസാനിച്ചാൽ താൻ വിശ്രമിക്കാനൊരുങ്ങുകയാണെന്നും അത് ചിലപ്പോൾ പതിനഞ്ച് വർഷം വരെ നീണ്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

'കരാർ അവസാനിക്കുന്നതോടെ ഞാൻ സിറ്റി വിടും. പിന്നാലെ വിശ്രമമെടുക്കാനാണ് തീരുമാനം. അത് എത്രകാലം നീളുമെന്ന് അറിയില്ല. ചിലപ്പോൾ പതിനഞ്ച് വർഷം വരെ പോയേക്കാം. ഇനി കുറച്ച് കാലം എനിക്ക് എന്നെത്തന്നെ ഒന്ന് പരിപാലിക്കണം' പെപ് പറഞ്ഞു.

കഴിഞ്ഞ നവംബറിലാണ് പെപ് സിറ്റിയുമായുള്ള കരാർ പുതുക്കുന്നത്. പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോയ ടീം പെപ്പിന് കീഴിൽ കിരീടമില്ലാത്ത ആദ്യ സീസണാണ് കഴിഞ്ഞ വർഷം അഭിമുഖീകരിച്ചത്. പ്രധാന താരങ്ങളുടെ പരിക്കുകളാണ് സിറ്റിക്ക് കഴിഞ്ഞ സീസണിൽ വിനയായത്. ബാലൻ ഡി ഓർ ജേതാവായ റോഡ്രി എസിഎല്ലിനേറ്റ പരിക്ക് മൂലം കഴിഞ്ഞ സീസണിൽ ഏറിയ പങ്കും പുറത്തിരുന്നത് ടീമിനിന്റെ താളം തെറ്റിച്ചുവെന്ന് പെപ് മുമ്പ് പ്രതികരിച്ചിരുന്നു.

'കഴിഞ്ഞ സീസണിലെ എവേ മത്സരങ്ങളിൽ എതിർ കാണികൾ എന്നെ കൂവി വിളിച്ചിരുന്നു. എന്നെ ടീം ഉടൻ പുറത്താക്കുമെന്നാണ് അവർ വിളിച്ചുപറഞ്ഞിരുന്നത്. കിരീടങ്ങൾ ജയിക്കുന്നത് എനിക്ക് വലിയൊരു കാര്യമായി തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ സീസണിൽ കിരീടമൊന്നും നേടാത്തത് എന്നെ വല്ലാതെ അലട്ടിയിട്ടുമില്ല' പെപ് കൂട്ടിച്ചേർത്തു.

അടുത്ത മാസം തുടങ്ങാനിരിക്കുന്ന പ്രീമിയർ ലീഗിന് മുന്നോടിയായി ഒരു പിടി താരങ്ങളെയാണ് പെപ് ടീമിലെത്തിച്ചത്. ആഗസ്റ്റ് 16 ന് വോൾവ്‌സിനെതിരെയാണ് സിറ്റിയുടെ ആദ്യ മത്സരം.

TAGS :

Next Story