‘ഗ്രൗണ്ട് മോശം, സനാൻ അൺഫിറ്റ്’: തുറന്നടിച്ച് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ആഷ്ലി വെസ്റ്റ് വുഡ്

പൂനെ: ഒരു മത്സരത്തെക്കുറിച്ചും ടീമിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ചും വ്യക്തമായി അറിയണമെങ്കിൽ മുഖ്യ പരിശീലകനെത്തന്നെ കേൾക്കണം. ഗാലറിയുടെ ആരവങ്ങൾക്കും സ്കോർബോർഡിന്റെ തിളക്കത്തിനും അപ്പുറം ഡ്രസ്സിങ് റൂമിലെ ഉള്ളുകളികൾ കൃത്യമായി അറിയാവുന്നത് ആ ഒരാൾക്ക് മാത്രമാണ്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ആധികാരിക ജയം, ഒപ്പം പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം. ഏതൊരു പരിശീലകനും ആഹ്ലാദത്തിൽ മതിമറക്കേണ്ട നിമിഷമാണിത്. എന്നാൽ പൂനെയിലെ ഫൈനൽ വിസിലിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിന് പറയാനുണ്ടായിരുന്നത് മറ്റു ചിലതായിരുന്നു.
നായകൻ അഡ്രിയാൻ ലൂണ എവിടെയായിരുന്നു? രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് എന്തിനാണ് കിതച്ചത്? താരങ്ങളുടെ ഫിറ്റ്‌നസ് രഹസ്യങ്ങൾ എന്തൊക്കെയാണ്? ഒന്നിനും മറുപടി ഒളിച്ചുവെക്കാൻ വെസ്റ്റ്‌വുഡ് തയ്യാറായില്ല.
'റഫറിമാരിൽ നിന്ന് പ്രൊട്ടക്ഷൻ കിട്ടിയില്ല, മോശം പിച്ച്'
ആദ്യം മത്സരഫലത്തെക്കുറിച്ച് വെസ്റ്റ്‌വുഡ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:"മൂന്ന് പോയിന്റും ക്ലീൻ ഷീറ്റും കിട്ടിയതിൽ ഞാൻ സന്തുഷ്ടനാണ്. പക്ഷേ സത്യം പറഞ്ഞാൽ, ഈ കളിയിൽ ഒരു ക്ലീൻ ഷീറ്റ് ഞങ്ങൾ അർഹിച്ചിരുന്നോ എന്ന് ചോദിച്ചാൽ ഞാൻ സംശയിക്കും. കാരണം അത്രമാത്രം മോശമായ പിച്ചിലായിരുന്നു ഞങ്ങൾ കളിച്ചത്. റഫറിമാരിൽ നിന്ന് യാതൊരു പ്രൊട്ടക്ഷനും ഞങ്ങൾക്ക് ലഭിച്ചില്ല. ഗ്രൗണ്ടിൽ നിരന്തരം ഫൗളുകൾ നടന്നിട്ടും എനിക്ക് കിട്ടിയ മഞ്ഞക്കാർഡല്ലാതെ കളിയിൽ വേറെ കാർഡുകളൊന്നും ഞാൻ കണ്ടില്ല! ഈ പോക്ക് കണ്ടിട്ട് ഇതൊരു നീണ്ട സീസൺ തന്നെയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്."
തുടർന്ന് അദ്ദേഹം ഏറ്റവും കൂടുതൽ സംസാരിച്ചത് ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചാണ്. ആരാധകർ മനസ്സിലാക്കേണ്ട പ്രധാന കാര്യവും അതുതന്നെയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
"അഞ്ച് ആഴ്ച നീളേണ്ട ഒരു പ്രീ-സീസണിൽ നമ്മൾ വെറും എട്ടോ ഒമ്പതോ ദിവസങ്ങൾ മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്. ശരിക്കും ഇതൊരു പ്രീ-സീസൺ സൗഹൃദ മത്സരം പോലെയായിരുന്നു! ഇവിടെ വന്ന് 5-0 ത്തിനോ 6-0 ത്തിനോ ജയിച്ച്, എല്ലാം പെർഫെക്റ്റാണെന്ന് വെറുതെ വ്യാമോഹിക്കുന്നതിനേക്കാൾ എനിക്കിഷ്ടം ഇത്തരമൊരു മത്സരമാണ്. കാരണം എവിടെയൊക്കെയാണ് നമ്മൾ ഇംപ്രൂവ് ചെയ്യേണ്ടത് എന്ന് ഇനിയുള്ള ദിവസങ്ങളിൽ കൃത്യമായി കീറിമുറിച്ച് പരിശോധിക്കാം. അടുത്ത ആഴ്ച നോർത്ത് ഈസ്റ്റിനെ നേരിടുമ്പോൾ ഇതിനേക്കാൾ എത്രയോ മടങ്ങ് ശക്തമായി ഞങ്ങൾ തിരിച്ചുവരും!"
ലൂണയ്ക്ക് എന്താണ് സംഭവിച്ചത്?
തുടർന്ന് ആരാധകർ ഒന്നടങ്കം കാത്തിരുന്ന ആ വലിയ ചോദ്യവുമെത്തി—ക്യാപ്റ്റൻ അഡ്രിയാൻ ലൂണ എവിടെയായിരുന്നു? പല അഭ്യൂഹങ്ങളും പ്രചരിച്ച ആ വിഷയത്തിൽ വെസ്റ്റ്‌വുഡ് യാഥാർത്ഥ്യം വെളിപ്പെടുത്തി. ലൂണയ്ക്ക് പരിക്കല്ല, മറിച്ച് ഉപ്പൂറ്റിയിൽ വന്ന വലിയ കുമിളകളാണ് വില്ലനായത്.
"ലൂണയുടെ ഉപ്പൂറ്റിയിൽ രണ്ട് വലിയ ബ്ലിസ്റ്റേഴ്സ് വന്നിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന് പരിശീലിക്കാൻ പറ്റിയിരുന്നില്ല. മുറിവിലേക്ക് വായു കടക്കാൻ വേണ്ടി ചെരുപ്പിട്ടാണ് അദ്ദേഹം നടന്നിരുന്നത് പോലും. ആ സമയത്ത് പൂനെയിലെ ഈ പരുക്കൻ പിച്ചിലേക്ക് നോക്കിയപ്പോൾ എനിക്ക് തോന്നി, അദ്ദേഹത്തെ കളിപ്പിച്ച് വെറുതെ റിസ്ക് എടുക്കേണ്ടതില്ലെന്ന്. മുറിവുരഞ്ഞ് ഇൻഫെക്ഷനായാൽ അടുത്ത ദിവസങ്ങളിലെല്ലാം അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരും. എന്നാൽ ഇപ്പോൾ വിശ്രമം നൽകിയതോടെ തിങ്കളാഴ്ച മുതൽ ലൂണയ്ക്ക് പൂർണ്ണ ഫിറ്റ്‌നസോടെ ട്രെയിനിംഗിൽ പങ്കെടുക്കാം. നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങാൻ ഒരാഴ്ച അദ്ദേഹത്തിന് മുന്നിലുണ്ട്. റിസ്ക് ഒഴിവാക്കാനാണ് ഞങ്ങൾ അദ്ദേഹത്തെ മാറ്റിവെച്ചത്."
സനാന്റെ ഫിറ്റ്‌നസിൽ കടുത്ത അതൃപ്തി
എന്നാൽ പ്രസ്സ് കോൺഫറൻസിൽ എല്ലാവരെയും ഞെട്ടിച്ചത് മലയാളി താരം മുഹമ്മദ് സനാനെക്കുറിച്ചുള്ള വെസ്റ്റ്‌വുഡിന്റെ വാക്കുകളായിരുന്നു. സാധാരണ ഒരു കോച്ചും തന്റെ താരങ്ങളെക്കുറിച്ച് പരസ്യമായി പറയാൻ മടിക്കുന്ന പച്ചയായ സത്യം അദ്ദേഹം തുറന്നുപറഞ്ഞു:
"രണ്ടാം പകുതിയിൽ 1-0 ന് മുന്നിൽ നിന്നപ്പോൾ എനിക്ക് വേണമെങ്കിൽ കൂടുതൽ ഡിഫൻഡർമാരെ വെച്ച് കളി പൂട്ടിയിടാമായിരുന്നു. പക്ഷേ എനിക്ക് താരങ്ങൾക്ക് മാച്ച് ടൈം നൽകണമായിരുന്നു, അവരെ ഫിറ്റാക്കണമായിരുന്നു. ഇന്ത്യൻ ക്യാമ്പിൽ നിന്നെത്തിയ സനാൻ ഈ ക്ലബ്ബിലെ ഏറ്റവും അൺഫിറ്റായ പ്ലെയറാണ്! നാഷണൽ ടീം ക്യാമ്പിൽ ഇത്രയും നാൾ പരിശീലിച്ചിട്ട് അവൻ അവിടെ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, അത്രയും ദയനീയമായ കണ്ടീഷനിലാണ് അവൻ തിരിച്ചെത്തിയത്. അവന് ഇനിയും മിനിറ്റുകൾ വേണം, കഠിനമായി അധ്വാനിക്കണം. അതുപോലെ എബിൻദാസും സ്വാഭാവികമായി അത്ര ഫിറ്റല്ല, പക്ഷേ അവന് നല്ലൊരു മനസ്സുണ്ട്. അതുകൊണ്ട് തന്നെയാണ് കളി കൂടുതൽ ഓപ്പൺ ആകും എന്ന് അറിഞ്ഞിട്ടും അവരെയൊക്കെ ഞാൻ കളത്തിലിറക്കിയത്."
യാത്രാക്ഷീണം വകവെക്കാതെ എത്തിയ മോമോ യാൻസാനെ
അതോടൊപ്പം, മത്സരത്തിന് തലേദിവസം രാത്രി മാത്രം ഹോട്ടലിലെത്തി, നീണ്ട യാത്രയുടെ ക്ഷീണം പോലും മറന്ന് കളിക്കാൻ വാശിപിടിച്ച വിദേശ താരം മോമോ യാൻസാനെയെ വെസ്റ്റ്‌വുഡ് വാനോളം പുകഴ്ത്തി.
"മോമോയെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. 22 മണിക്കൂർ യാത്ര ചെയ്ത് തലേദിവസം രാത്രി ഒൻപത് മണിക്കാണ് അവൻ എത്തിയത്. എന്നിട്ടും കളി തുടങ്ങണം എന്ന് പറഞ്ഞ് അവൻ നിർബന്ധം പിടിച്ചു. സത്യത്തിൽ രണ്ടാം പകുതിയിൽ അവനെ ഞാൻ ഇറക്കാൻ പാടില്ലായിരുന്നു. പക്ഷേ ടീമിന് എന്തോ ഒരു സ്പാർക്ക് വേണമെന്ന് തോന്നി. അവൻ വന്നു, ആന്ദ്രേ ഗ്രീനിന്റെ ഗോളിന് വഴിയൊരുക്കി! ഗ്രീൻ ഒരവസരം പാഴാക്കിയെങ്കിലും രണ്ടാമതൊന്ന് കിട്ടിയാൽ വലയിലെത്തിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു, അവൻ അത് ചെയ്തു!"
മുന്നറിയിപ്പും പ്രതീക്ഷയും
ടീം ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്ന വലിയ മുന്നറിയിപ്പോടെയും പ്രതീക്ഷയോടെയുമാണ് വെസ്റ്റ്‌വുഡ് വാർത്താസമ്മേളനം അവസാനിപ്പിച്ചത്. കൂടുതൽ കോച്ചിംഗ് സ്റ്റാഫുകൾ ഈ ആഴ്ച ടീമിനൊപ്പം ചേരും. ഡിഫൻഡർ ഫാലുവും ടീമിനൊപ്പം എത്തിക്കഴിഞ്ഞു. അടുത്ത ആഴ്ച ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ ഇറങ്ങുമ്പോൾ, പൂർണ്ണ സജ്ജനായ അഡ്രിയാൻ ലൂണയും ഫിറ്റ്‌നസ് വീണ്ടെടുത്ത താരങ്ങളുമായി കൂടുതൽ അപകടകാരികളായ ഒരു കേരള ബ്ലാസ്റ്റേഴ്സിനെയാകും മൈതാനത്ത് കാണാൻ കഴിയുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

