Quantcast

അക്രം അഫീഫിന് ഹാട്രിക്; ജോർദാനെ കീഴടക്കി ഏഷ്യൻ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഖത്തർ

22,73, 90+5 മിനിറ്റുകളിലാണ് അക്രം അഫീഫ് ആതിഥേയർക്കായി വലകുലുക്കിയത്. യസാൻ അൽ നൈമത്തിലൂടെ(67)യാണ് ജോർദാന്റെ ആശ്വാസഗോൾ പിറന്നത്.

MediaOne Logo

Sports Desk

  • Published:

    10 Feb 2024 5:48 PM GMT

അക്രം അഫീഫിന് ഹാട്രിക്; ജോർദാനെ കീഴടക്കി ഏഷ്യൻ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഖത്തർ
X

ദോഹ: ഖത്തറിന് ലഭിച്ചത് മൂന്ന് പെനാൽറ്റി.. മൂന്നും ലക്ഷ്യത്തിലെത്തിച്ച് ഹാട്രിക് കുറിച്ച് സൂപ്പർ താരം അക്രം അഫീഫ്. ആദ്യാവസാനം നാടകീയത നിറഞ്ഞ കലാശ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ജോർദാനെ കീഴടക്കി വീണ്ടും വൻകരാ ചാമ്പ്യൻമാരായി ഖത്തർ.13 മാസം മുൻപ് ലയണൽ മെസി മുത്തമിട്ട ലുസൈൽ സ്റ്റേഡിയത്തിലാണ് ഖത്തറിന്റെയും കിരീടധാരണം. 22,73, 90+5 മിനിറ്റുകളിലാണ് അക്രം അഫീഫ് ആതിഥേയർക്കായി വലകുലുക്കിയത്. യസാൻ അൽ നൈമത്തിലൂടെ(67)യാണ് ജോർദാന്റെ ആശ്വാസഗോൾ പിറന്നത്.

ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിന്ന് ഖത്തറിനെതിരെ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് ജോർദാൻ നടത്തിയത്. ബോക്‌സിൽ പ്രതിരോധ താരങ്ങൾ വരുത്തിയ അനാവശ്യ പിഴവുകളാണ് ടീമിന് തിരിച്ചടിയായത്. 22ാം മിനിറ്റിലാണ് ജോർദാൻ ആദ്യ പെനാൽറ്റി വഴങ്ങിയത്. പന്തുമായി മുന്നേറിയ അക്രം അഫീഫിനെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അഫീഫ് തന്നെ അനായാസം വലയിലാക്കി. കിക്ക് നേരിട്ട ജോർദാൻ ഗോൾകീപ്പർ യസീൽ അബുലൈലയുടെ ദിശ ശരിയായെങ്കിലും പവർഫുൾ കിക്ക് തടുക്കാനായില്ല.

ആദ്യ പകുതിയിൽ നിരന്തരം ആക്രമിച്ച് കയറിയ ആതിഥേയരെ പ്രതിരോധിക്കാൻ എതിർ ഡിഫൻഡർമാർ മത്സരത്തിലുടനീളം പാടുപെട്ടു. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ലഭിച്ച രണ്ട് അവസരങ്ങൾ മൂസ അൽ തമരി നഷ്ടപ്പെടുത്തി. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണ നീക്കങ്ങളുമായാണ് ജോർദാൻ കളംനിറഞ്ഞു. ഇതോടെ പലപ്പോഴും ആതിഥേയർ പിൻകാലിലൂന്നിയാണ് കളിച്ചത്. തുടരെ ലക്ഷ്യത്തിലേക്ക് പന്തടിച്ച് ഖത്തർ ഗോൾകീപ്പറെ പരീക്ഷിച്ചു. ജോർദാൻ താരത്തിന്റെ അക്രോബാറ്റിക് ബുള്ളറ്റ് ഷോട്ട് ഗോൾകീപ്പർ മിഷാൽ ബർഷിം അവിശ്വസിനീയമാംവിധം തട്ടികയറ്റി.

59ാം മിനിറ്റിൽ നൂർ അൽ റവാബെയുടെ ബാക് ഹീൽ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയത്. കളിയുടെ ഗതിക്ക് അനുകൂലമായി 67ാം മിനിറ്റിൽ ജോർദാൻ സമനിലപിടിച്ചു. വലതുവിങിൽ നിന്ന് ബോക്‌സിലേക്ക് ഇഹ്‌സാൻ ഹദാദ് നൽകിയ ലോങ് ബോൾ സ്വീകരിച്ച് യാസൻ അൽ നയ്മത്ത് ഉതിർത്ത ബുള്ളറ്റ് കിക്ക് വലയിൽ വിശ്രമിച്ചു. എന്നാൽ ആറുമിനിറ്റിൽ ഖത്തർ വീണ്ടും ലീഡെടുത്തു. ഇറാൻ മധ്യനിരതാരം

അൽമാർഡിയുടെ പിഴവാണ് ഗോളിന് വഴിയൊരുങ്ങിയത്. ബോക്‌സിൽ ഖത്തർ താരത്തെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ആദ്യ ഗോളിന്റെ തനിയാവർത്തനമായി. വീണ്ടും ലീഡ് വഴങ്ങിയതോടെ അക്രമണ മൂർച്ചകൂട്ടി കളിയിലേക്ക് തിരിച്ചുവരാൻ ജോർദാൻ ശ്രമം നടത്തിയെങ്കിലും പ്രതിരോധകോട്ട മറികടന്ന് മുന്നേറാനായില്ല. ഉജ്ജ്വല സേവുമായി ഖത്തർ ഗോൾ കീപ്പറും കൈയടി നേടി. ഒടുവിൽ കളിയുടെ ഇഞ്ചുറി സമയത്ത് പന്തുമായി ബോക്‌സിലേക്ക് ഒറ്റക്ക് മുന്നേറിയ ഹഫീഫിനെ ഇത്തവണ വീഴ്ത്തിയത് ജോർദാൻ ഗോൾകീപ്പറായിരുന്നു. വാർ ഗോൾ അനുവദിച്ചതോടെ ഫൈനലിലെ ഹാട്രിക് നേട്ടമെന്ന അപൂർവ്വ നേട്ടവുമായി അക്രം അഫീഫ് ഖത്തർ ജനതയുടെ ഹീറോയായി.

TAGS :

Next Story