ക്ലബ് ലോകകപ്പ് : യുവന്റസിനെ മറികടന്ന് റയൽ ക്വാർട്ടറിൽ
മോണ്ടറിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബൊറൂസിയ ഡോർട്മുണ്ട്

മിയാമി : യൂറോപ്യൻ വമ്പൻമാരായ റയൽ മാഡ്രിഡും ബൊറൂസിയ ഡോർട്ട്മുണ്ടും ക്ലബ് ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ . ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ പരാജയപ്പെടുത്തിയത്. യുവ സ്പാനിഷ് താരം ഗോൺസാലോ ഗാർഷ്യ നേടിയ ഗോളിലാണ് റയലിന്റെ വിജയം. ടൂർണമെന്റിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും ഒരു അസിസ്റ്റും നേടിയ ഗാർഷ്യ മികച്ച ഫോമിലാണ്. യുവന്റസിനെതിരെ ആദ്യ മിനുട്ട് മുതൽ ആക്രമിച്ച് കളിച്ച റയൽ മത്സരത്തിലുടനീളം 21 ഷോട്ടുകളാണ് പായിച്ചത്. ലക്ഷ്യത്തിലേക്കടിച്ച 11 എണ്ണത്തിൽ 10 എണ്ണവും സേവ് ചെയ്ത ഗോൾക്കീപ്പർ മിഷേൽ ഗ്രിഗോറിയോ യുവന്റസിനായി മികച്ച പ്രകടനം പുറത്തെടുത്തു.
മെക്സിക്കൻ ക്ലബായ മോണ്ടറിയെ പരാജയപ്പെടുത്തിയാണ് ബൊറൂസിയ ഡോർട്ട്മുണ്ട് ക്വാർട്ടർ ബെർത്തുറപ്പിച്ചത്. സ്‌ട്രൈക്കർ സെർഹോ ഗ്യുറാസ്സി ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഡോർട്മുണ്ടിന്റെ ജയം. മോണ്ടറിയുടെ ആശ്വാസ ഗോൾ ബെർടെറെമെയുടെ വകയായിരുന്നു. ക്വാർട്ടറിൽ റയൽ മാഡ്രിഡാണ് ഡോർട്മുണ്ടിന്റെ എതിരാളികൾ. മത്സരത്തിൽ മഞ്ഞക്കാർഡ് കണ്ട ജോബ് ബെല്ലിങ്ഹാമിന് ക്വാർട്ടർ ഫൈനൽ നഷ്ടമാവും. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ ജൂലൈ അഞ്ചിന് ആരംഭിക്കും.
Adjust Story Font
16

