റയൽ ക്യാമ്പിൽ അടിപിടി; പരിക്കേറ്റ ഫെഡറികോ വാൽവർഡെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്

മാഡ്രിഡ്: റയൽ മാഡ്രിഡ് ക്യാമ്പിൽ സഹ താരം ചോമേനിയുമായി നടന്ന സംഘർഷത്തിൽ പരിക്കേറ്റ ഫെഡറികോ വാൽവർഡെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ചോമേനിയുടെ അടികൊണ്ട യുറുഗ്വേ താരത്തിന് സ്വബോധം നഷ്ടമായെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വീൽചെയറിലാണ് താരം മടങ്ങിയതെന്നുമാണ് സ്പാനിഷ് മാധ്യമമായ ഡിയാരിയോ എഎസ് റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ച നടന്ന പരിശീലന സെഷനിലാണ് സംഭവം.
നേരത്തെ ബുധനാഴ്ചയും ഇരു താരങ്ങളും തമ്മിൽ സംഘർഷത്തിലേർപ്പെട്ടതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാഴാഴ്ച വീണ്ടും ട്രെയ്‌നിങ്ങിന് ശേഷം ഇരു താരങ്ങളും തമ്മിൽ ഏറ്റുമുട്ടിയെന്നും അതിന് ശേഷം ഡ്രസിങ് റൂമിലെത്തിയ ശേഷമാണ് ചോമേനി വാൽവാർഡയെ തല്ലുന്നതെന്നും ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. ട്രെയ്നിങ്ങിനിടെയാണ് തല്ലുണ്ടായതെന്നും മറ്റ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റയൽ മാഡ്രിഡൊ ഇരു താരങ്ങളുടെ പ്രതിനിധികളോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
നേരത്തെ റയൽ താരങ്ങളായ അന്റോണിയോ റൂഡിഗറും അൽവാരോ കരേറാസും തമ്മിൽ ട്രെയ്നിങ് ഗ്രൗണ്ടിൽ ഏറ്റുമുട്ടിയതായി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ ആർബലോവയും റയൽ ക്യാപ്റ്റൻ ഡാനി കാർവഹാളും തമ്മിൽ സ്വരച്ചേർച്ചകൾ ഉണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എംബാപ്പയുടെ ടീമിൽ നിന്നുള്ള അഭാവവും സീസണിലെ നിർണായക മത്സരത്തിന് മുന്നോടിയായി താരം തന്റെ കാമുകിയുമായി ഇറ്റലിയിൽ സമയം ചിലവിടുന്ന ചിത്രങ്ങളും മാഡ്രിഡ് ആരാധകർക്കിടയിൽ രോഷം ഉണ്ടാക്കിയിരുന്നു.
Adjust Story Font
16

