Quantcast

"എംബാപ്പെയെ ഞങ്ങള്‍ക്ക് വേണം"; 1500 കോടി വാഗ്ദാനം ചെയ്ത് റയല്‍ മാഡ്രിഡ്

താരത്തെ വിടില്ലെന്ന നിലപാടാണ് ക്ലബിനുള്ളതെങ്കിലും കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ എംബാപ്പെയെ ഫ്രീയായി നല്‍കേണ്ടി വരുമെന്നത് പി.എസ്.ജിയെ പ്രതിരോധത്തിലാക്കുന്നു

MediaOne Logo

Web Desk

  • Updated:

    2021-08-27 09:31:29.0

Published:

27 Aug 2021 9:22 AM GMT

എംബാപ്പെയെ ഞങ്ങള്‍ക്ക് വേണം;  1500 കോടി വാഗ്ദാനം ചെയ്ത് റയല്‍ മാഡ്രിഡ്
X

പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ ടീമിലെത്തിക്കാന്‍ അവസാന ശ്രമവുമായി റയൽ മാഡ്രിഡ്. 170 ദശലക്ഷം യൂറോ(1476 കോടി)യുടെ പുതിയ ഓഫറാണ് പി.എസ്.ജിക്ക് റയൽ മുമ്പോട്ടു വെച്ചിരിക്കുന്നത്. കൂടാതെ താരത്തിന്റെ പ്രകടനത്തിനനുസരിച്ച് 80 കോടിയും നല്‍കാമെന്ന് റയല്‍ അറിയിച്ചു. നേരത്തെ വാഗ്ദാനം ചെയ്ത 170 ദശലക്ഷം യൂറോയുടെ ഓഫർ തൃപ്തികരമല്ലെന്ന് പി.എസ്.ജി അറിയിച്ചിരുന്നു. വിഷയത്തിൽ ഇനി റയലുമായി ചർച്ചയില്ലെന്നും എംബാപ്പെയ്ക്ക് പോകണമെങ്കിൽ ക്ലബിന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആകാമെന്നും പിഎസ്ജി സ്‌പോട്ടിങ് ഡയറക്ടർ ലിയനാർഡോ വ്യക്തമാക്കി.

'കിലിയൻ എംബാപ്പെ പോകുകയാണ് എന്ന് തോന്നുന്നു. അതെനിക്ക് വ്യക്തമാണ്. അദ്ദേഹത്തെ നിലനിർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒരു കളിക്കാരൻ പോകുകയാണ് എങ്കിൽ അത് ഞങ്ങളുടെ മാനദണ്ഡ പ്രകാരമാകണം. എംബാപ്പെയ്ക്ക് മാത്രമല്ല, ടീമിലെ എല്ലാവർക്കും ഇതു ബാധകമാണ്' - അദ്ദേഹം പറഞ്ഞു. 160 മില്യൺ യൂറോയാണോ റയൽ മുമ്പോട്ടുവച്ചത് എന്ന് സ്ഥിരീകരിക്കാൻ ലിയനാർഡോ തയ്യാറായില്ല. എംബാപ്പെയുടെ മൂല്യം ഓഫർ ചെയ്ത തുകയേക്കാൾ കൂടുതലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എസ്.ജിയുമായി ഒരു വർഷത്തെ കരാർ കൂടിയാണ് എംബാപ്പെക്കുള്ളത്. താരത്തെ വിടില്ലെന്ന നിലപാടാണ് ക്ലബിനുള്ളതെങ്കിലും കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ എംബാപ്പെയെ ഫ്രീയായി നല്‍കേണ്ടി വരുമെന്നത് പി.എസ്.ജിയെ പ്രതിരോധത്തിലാക്കുന്നു. മെസി കൂടി വന്നതോടെ മെസി-നെയ്മർ-എംബാപ്പെ ത്രയം അണിനിരക്കുന്ന സ്വപ്നതുല്യമായ മുന്നേറ്റനിരയാണ് പി.എസ്.ജിയുടെ ലക്ഷ്യം.

ബാഴ്സലോണയിൽ നിന്ന് ഇതിഹാസ താരം ലയണൽ മെസി ക്ലബിലെത്തിയതിന് പിന്നാലെയാണ് 22കാരൻ ക്ലബ് വിടുന്നതായുള്ള വാർത്തകൾ പരന്നത്. ട്രാൻസ്ഫർ വിപണി മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ വാർത്ത സ്ഥിരീകരിച്ചിരുന്നു. റയലിന്റെ ഓഫറിന് മുമ്പിൽ പി.എസ്.ജി ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

കൊറോണ മൂലം റയലിന് 300 മില്യൺ പൗണ്ട് നഷ്ടം കണക്കാക്കുന്നുണ്ടെങ്കിലും എംബാപ്പെ നിരവധി മാസങ്ങളായി മാഡ്രിഡിലേക്ക് മാറാനുള്ള ശ്രമങ്ങളിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. "നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്കുള്ള വീണ്ടെടുക്കൽ ഉടനടി ഉണ്ടാകില്ല എന്നാണ്. അതിനാൽ, ക്ലബ് ഇതുവരെ നടത്തിയ ചെലവ് നിയന്ത്രണ ശ്രമങ്ങൾ തുടരും" ജൂലൈയിൽ പ്രസിദ്ധീകരിച്ച കഴിഞ്ഞ സീസണിലെ റയലിന്റെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പി.എസ്.ജിക്കായി 174 കളികളിൽ നിന്ന് 133 ഗോളും 63 അസിസ്റ്റുമാണ് എംബാപ്പെയുടെ പേരിലുള്ളത്. 2017ൽ മൊണോക്കോയിൽ നിന്ന് ദീർഘകാല വായ്പയിലാണ് ഇദ്ദേഹം ടീമിലെത്തിയത്. പിന്നീട് ക്ലബുമായി കരാർ ഒപ്പുവച്ചു. ലീഗ് വണ്ണിന്‍റെ ഈ സീസണില്‍ ഒരു ഗോളും രണ്ട് അസിസ്റ്റും താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

താരത്തിന് മുമ്പാകെ ആറു വർഷത്തെ കരാർ പി.എസ്.ജി ഓഫർ ചെയ്തതായും എംബാപ്പെ അതു നിരസിച്ചതായും റിപ്പോർട്ടുണ്ട്. കൂടുമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം താരം ക്ലബ് പ്രസിഡണ്ട് നാസർ അൽ ഖലീഫിയുമായി ചർച്ച നടത്തിയിരുന്നു.

TAGS :

Next Story