Quantcast

ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ചേരാൻ സാദിയോ മാനെയും; ബയേണും അൽനസ്‌റും തമ്മിൽ ധാരണയായി

ക്രിസ്റ്റ്യാനോയ്ക്കു പുറമെ മാഴ്‌സെലോ ബ്രോസോവിച്ച്, ഫോഫാന, അലെക്‌സ് ടെല്ലെസ്, ഡേവിഡ് ഒസ്പിന എന്നിങ്ങനെ വമ്പൻ താരനിരയ്‌ക്കൊപ്പമാണ് മാനെ ചേരാനിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-28 16:53:37.0

Published:

28 July 2023 4:45 PM GMT

Bayern Munichc superstar Sadio Mane set to join Cristiano Ronaldo at Al-Nassr, Sadio Mane set to join Cristiano Ronaldo at Al-Nassr, Sadio Mane to Al-Nassr, Sadio Mane, Al Nassr
X

സാദിയോ മാനെ

റിയാദ്: ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം സാദിയോ മാനെയും സൗദിയിലേക്ക്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനസ്‌റിനൊപ്പമാണ് താരം ചേരുന്നത്. മാനെയെ കൈമാറാൻ ബയേണും അൽനസ്‌റും തമ്മിൽ ധാരണയായതായി ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് മാനെയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ബയേണും അൽനസ്‌റും തമ്മിൽ ചർച്ച നടന്നത്. 34 മില്യൻ പൗണ്ടിന്(ഏകദേശം 359 കോടി രൂപ) ആണ് താരത്തെ സൗദി പ്രോ ലീഗ് ക്ലബ് വാങ്ങുന്നത്. ഇതേ ശമ്പളം തന്നെയാണ് താരത്തിന് ലഭിക്കുകയെന്നും ഫുട്‌ബോൾ ജേണലിസ്റ്റായ ജെയിംസ് ബെംഗെ പറയുന്നത്. നിലവിൽ വാക്കാലുള്ള ധാരണയേ ആയിട്ടുള്ളൂ. രേഖാമൂലമുള്ള കരാർ, മെഡിക്കൽ അടക്കമുള്ള മറ്റു നടപടിക്രമങ്ങൾ അടുത്ത ദിവസങ്ങളിലുണ്ടാകും.

കഴിഞ്ഞ വർഷമാണ് ലിവർപൂളിൽനിന്ന് സെനഗലിന്റെ സൂപ്പർ ഹീറോയായ സാദിയോ മാനെ ബയേണിലെത്തുന്നത്. ജർമൻ ടീമിനു വേണ്ടി 38 മത്സരങ്ങളിൽനിന്നായി 12 ഗോളും അടിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടീമിന് ബുണ്ടസ്‌ലിഗ കിരീടവും നേടിക്കൊടുത്താണ് താരം ക്ലബ് വിടുന്നത്.

2022 ഡിസംബറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വമ്പൻ തുകയ്ക്ക് ക്ലബിലെത്തിച്ചാണ് സൗദിയിലെ പുതിയ ഫുട്‌ബോൾ വിപ്ലവത്തിന് അൽനസ്ർ തുടക്കമിട്ടത്. ഇതിനു പിന്നാലെ ഇന്റർ മിലാന്റെ ക്രൊയേഷ്യൻ പ്രതിരോധ താരം മാഴ്‌സെലോ ബ്രോസോവിച്ചും ലെൻസിന്റെ ഐവറി കോസ്റ്റ് താരം ൃഫോഫാനയും മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ബ്രസീൽ താരം അലെക്‌സ് ടെല്ലെസുമെല്ലാം ടീമിനൊപ്പം ചേർന്നു.

കൊളംബിയൻ താരം ഡേവിഡ് ഒസ്പിനയും ബ്രസീൽ താരം ആൻഡേഴ്‌സൻ ടാലിസ്‌കയും ക്രിസ്റ്റ്യാനോ എത്തുന്നതിനുമുൻപ് തന്നെ അൽനസ്‌റിലുണ്ട്. മാനെ കൂടി എത്തുന്നതോടെ വമ്പൻ താരനിരയുമായായിരിക്കും അൽനസ്ർ ഇനി കളത്തിലിറങ്ങുക. ക്ലബിന്റെ പ്രകടനത്തിനു പുറമെ സൗദി ലീഗിന്റെ വമ്പൻ കുതിപ്പിനും ഇടയാക്കാൻ പോകുന്നതായിരിക്കും പുതിയ നീക്കങ്ങൾ.

Summary: Bayern Munich's superstar Sadio Mane set to join Cristiano Ronaldo at Al-Nassr

TAGS :

Next Story