Quantcast

പടിയിറങ്ങി പ്രൊഫസർ... ബ്രസീലിയൻ ഫുട്‌ബോളില്‍ ടിറ്റെ യുഗമവസാനിക്കുന്നു

ക്രൊയേഷ്യക്കെതിരായ ഞെട്ടിക്കുന്ന തോല്‍വിക്ക് പിറകെയാണ് ടിറ്റെയുടെ പടിയിറക്കം

MediaOne Logo

Web Desk

  • Updated:

    2022-12-09 20:37:23.0

Published:

9 Dec 2022 8:24 PM GMT

പടിയിറങ്ങി പ്രൊഫസർ... ബ്രസീലിയൻ ഫുട്‌ബോളില്‍ ടിറ്റെ യുഗമവസാനിക്കുന്നു
X

ദോഹ: ക്രൊയേഷ്യക്കെതിരായ ഞെട്ടിക്കുന്ന തോല്‍വിക്ക് പിറകെ കോച്ച് ടിറ്റെ ബ്രസീലിന്‍റെ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങി. മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടിറ്റെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ''എന്‍റെ കാലയളവ് അവസാനിച്ചിരിക്കുന്നു. വാക്ക് പാലിക്കുന്നു.. ഇനി ബ്രസീലിന്‍റെ പരിശീലകസ്ഥാനത്ത് ഉണ്ടാവില്ല''- ടിറ്റെ പറഞ്ഞു.

ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് ടിറ്റെ നേരത്തേ തന്നെ അറിയിച്ചിരുന്നു. തന്‍റെ കരിയറില്‍ ഇനി നേടാനൊന്നും ബാക്കിയില്ലെന്നും ലോകകപ്പ് മാത്രമാണ് അവശേഷിച്ചിരുന്നത് എന്നുമാണ് ടിറ്റെ ലോകകപ്പിന് മുമ്പ് പറഞ്ഞത്. 2016 ലാണ് ടിറ്റെ ബ്രസീല്‍ ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. 2019 ല്‍ ബ്രസീല്‍ കോപ്പ അമേരിക്ക കിരീടം ചൂടിയത് ടിറ്റെക്ക് കീഴിലാണ്. ടിറ്റെയുടെ പരിശീലന കാലയളവില്‍ 81 മത്സരങ്ങളില്‍ നിന്നായി ബ്രസീല്‍ 61 വിജയങ്ങള്‍ നേടിയപ്പോള്‍ ഏഴ് തോല്‍വിയും 13 സമനിലകളും വഴങ്ങി.

ഖത്തർ ലോകകപ്പിൽ നിര്‍ണ്ണായക ക്വാർട്ടർ പോരാട്ടത്തില്‍ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യക്ക് മുന്നില്‍ ബ്രസീല്‍ വീണത്. ഷൂട്ടൗട്ടിൽ ക്രൊയേഷ്യ നാലുവട്ടം പന്ത് ബ്രസീൽ വലയില്‍ കയറ്റി. എന്നാൽ ബ്രസീലിന്റെ രണ്ടു താരങ്ങൾ കിക്ക് പാഴാക്കി. റോഡ്രിഗോയും മാർക്വിനോസുമാണ് കിക്ക് നഷ്ടപ്പെടുത്തിയത്. പെനാൽട്ടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയാണ് ആദ്യ കിക്കെടുത്തത്. നിക്കോളാസ് വ്‌ളാസിച് പന്ത് കൂളായി വലയിലാക്കി. റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി തടുത്തു. പിന്നീട് നികോള വ്‌ളാസിചും ഗോൾ നേടി. കാസിമിറോയും കിക്ക് വലയിലെത്തിച്ചു. തുടർന്ന് വന്ന മോഡ്രിച്ചും ഗോളാക്കി. പിന്നീട് വന്ന പെഡ്രോ മഞ്ഞ പടയ്ക്ക് ആശ്വാസമേകിയപ്പോൾ ഒർസിച് സമ്മർദ്ദം അതിജീവിച്ച് ക്രൊയേഷ്യക്ക് അടുത്ത ഗോൾ നേടി. എന്നാൽ അടുത്ത ക്വിക്കെടുത്ത മാർക്വിനോസിന് ടീമിന്റെ പ്രതീക്ഷകൾ കാക്കാനായില്ല. റോഡ്രിഗോയടിച്ച ഷോട്ട് ലിവാക്കോവിച്ച് തടഞ്ഞപ്പോൾ മാർക്വിനോസിന്റെ കിക്ക് പോസ്റ്റിനടിച്ച് പുറത്തായി.

TAGS :

Next Story