ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ കളിക്കും; നാളത്തെ ഐഎസ്എൽ മത്സരം നടത്താൻ തീരുമാനം
ജിസിഡിഎ ചോദിച്ച വാടക നൽകാൻ കേരളം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് തയ്യാറായി

കൊച്ചി: ഫെബ്രുവരി 22 ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് - മുംബൈ സിറ്റി മത്സരം തടസങ്ങളില്ലാതെ മുന്നോട്ട് പോകും. സ്റ്റേഡിയം വിട്ടുനൽകാൻ ജിസിഡിഎ തീരുമാനിച്ചു. ഗ്രൗണ്ടിന്റെ വാടക നൽകാൻ ബ്ലാസ്റ്റേഴ്സിന് സാവകാശം നൽകാനും ധാരണയായി. വാടക കുടിശ്ശിക ഒരാഴ്ചക്കുള്ളിൽ അടക്കണമെന്ന് ജിസിഡിഎ.
പുതിയ ഐഎസ്എൽ സീസണിന് മുമ്പ് കേരള ഫുട്‍ബോളിലെ ചർച്ചാവിഷയങ്ങളിൽ ഒന്ന് ടീം കൊച്ചിയിൽ താനെ കളിക്കുമോ എന്നതായിരുന്നു. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയമായിരുന്നു അവരുടെ പുതിയ ലക്ഷ്യസ്ഥനമായി പറഞ്ഞ് കേട്ടിരുന്നത്. സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎയുമായി വാടക സംബന്ധിച്ച് നടന്ന ചർച്ചകൾ എങ്ങുമെത്താത്തതിനെ തുടർന്നായിരുന്നു അത്തരമൊരു നീക്കം. എന്നാൽ വീണ്ടും ചർച്ചകൾ നടന്നതിന്റെ ഫലമായി മത്സരം തിരികെ കൊച്ചിയിലേക്ക് മാറ്റിയിരുന്നു. പക്ഷെ മുംബൈക്കെതിരായ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് ജിസിഡിഎ വീണ്ടും വാടക കൂട്ടി ചോദിച്ചതോടെ മത്സരം നടക്കുമോയെന്നതിൽ വീണ്ടും സംശയങ്ങൾ ഉയർന്നു.
തുടർന്ന് മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായി നടക്കാനിരുന്ന വാർത്ത സമ്മേളനവും ജിസിഡിഎ അധികൃതർ തടഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ സൂപ്പർ ലീഗിന്റെയും സ്റ്റേഡിയത്തിലെ ഓഫീസുകൾ അടപ്പിക്കുകയും ചെയ്തു.
പരിഹാരം കണ്ടെത്താനുള്ള ചർച്ചകളുടെ ഫലമായി ജിസിഡിഎ ചോദിച്ച വാടക നൽകാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാവുകയും നാളത്തെ ഐഎസ്എൽ മത്സരം തടസങ്ങളില്ലാതെ മുന്നോട്ട് പോകുമെന്നുള്ള വാർത്ത ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Adjust Story Font
16

