Quantcast

മെസി പി.എസ്.ജിയിലെത്തിയപ്പോൾ എംബാപ്പെയെവിടെ പോയി?

ബ്രസീൽ സൂപ്പർ താരം നെയ്മറടക്കമുള്ളവരോടൊത്തുള്ള മെസ്സിയുടെ ഫോട്ടോകൾ ക്ലബ് തന്നെ പുറത്തുവിട്ടിരുന്നു

MediaOne Logo

Sports Desk

  • Published:

    4 Jan 2023 2:29 PM GMT

മെസി പി.എസ്.ജിയിലെത്തിയപ്പോൾ എംബാപ്പെയെവിടെ പോയി?
X
പാരീസ്: കരിയറിലാദ്യമായി ലോകകിരീടം നേടിയ ശേഷം പാരീസ് സെയൻറ് ജെർമെയ്ൻ ക്ലബിൽ തിരിച്ചെത്തിയ അർജൻറീനൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് വൻവരവേൽപ്പാണ് ലഭിച്ചത്. എന്നാൽ ക്ലബിലെ സഹതാരമായ ഫ്രഞ്ച് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെ ദൃശ്യങ്ങളിലൊന്നുമുണ്ടായിരുന്നില്ല. ഇതോടെ എന്തുകൊണ്ടാണ് താരം ഇല്ലാതിരുന്നതെന്ന ചോദ്യങ്ങളുയരുകയാണ്. ബ്രസീൽ സൂപ്പർ താരം നെയ്മറടക്കമുള്ളവരോടൊത്തുള്ള മെസ്സിയുടെ ഫോട്ടോകൾ ക്ലബ് തന്നെ പുറത്തുവിട്ടിരുന്നു. മെസി സ്ഥലത്തെത്തുന്നതും മൈതാനിയിലേക്കിറങ്ങുന്നതുമായ വീഡിയോകളും പുറത്തുവിട്ടു. എന്നിലിതിലൊന്നും എംബാപ്പെയുണ്ടായിരുന്നില്ല. ഇതിന് ഉത്തരം നൽകി സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുകയാണ്.

ലോകകപ്പിന് ശേഷം മെസ്സിയും നെയ്മറുമില്ലാതെ ഇറങ്ങിയ പി.എസ്.ജി ഫ്രഞ്ച് ലീഗിൽ ലെൻസിനോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പി.എസ്.ജി യുടെ പരാജയം. ഈ തോൽവിക്ക് ശേഷം കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ അവധി നൽകിയതോടെ മൊറോക്കൻ താരം അഷ്‌റഫ് ഹക്കീമിക്കൊപ്പം യാത്രയിലാണ് എംബാപ്പെ. അവർ എപ്പോൾ ടീമിൽ തിരിച്ചെത്തുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മെസി സ്ഥലത്തെത്തുന്നതിന് മുമ്പേ ഇവർ അവധിയിൽ പ്രവേശിച്ചിരുന്നു.

ഹക്കീമിയും എംബാപ്പെയും ന്യൂയോർക്കിലേക്കാണ് പോയിരിക്കുന്നത്. അവിടെ ബ്രൂക്ക്‌ലിൻ നെറ്റ്‌സും സാൻ അന്റോണിയോ സ്പർസും തമ്മിലുള്ള എൻ.ബി.എ മത്സരം കാണാൻ അവർ എത്തിയിരുന്നു. തുടർന്ന് അവർ കളി കാണുന്നതും നെറ്റ്‌സിന്റെ ജേഴ്‌സി കൈപറ്റുന്നതുമൊക്കെയായുള്ള വീഡിയോയും ഫോട്ടോകളും വിവിധ ട്വിറ്റർ ഹാൻഡിലുകൾ പങ്കുവെച്ചിട്ടുണ്ട്. എംബാപ്പെക്കൊപ്പം ഹക്കീ ബാസ്‌കറ്റ് ബോൾ കാണുന്ന വീഡിയോ മൊറോക്കൻ ദേശീയ ടീമിലെ സഹതാരം ഔനാഹി രസകരമാക്കിയാണ്പുറത്തുവിട്ടത്.

'അവർ കൈ കൊണ്ട് ബോൾ തൊടുന്നു' എന്ന് അഷ്‌റഫ് ഹക്കീമി പറയുന്നതായി വീഡിയോയിൽ കാണിക്കുന്നു. 'ഇത് ബാസ്‌ക്കറ്റ് ബോളാണ് അഷ്‌റഫ് ' എന്ന് എംബാപ്പെ മറുപടി കൊടുക്കുന്നു...' ഇങ്ങനെ ഹക്കീമിയെ പരിഹസിച്ചാണ് വീഡിയോക്ക് സബ് ടൈറ്റിൽ കൊടുത്തിരിക്കുന്നത്.

ഹക്കീമിയും എംബാപ്പെയും ടൈം സ്‌ക്വയറിൽ മുഖംമറച്ച് ഇറങ്ങി തെരുവിലെ കലാപ്രകടനങ്ങൾ കാണുന്ന ദൃശ്യങ്ങളും ട്വിറ്ററിൽ പ്രചരിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചാണ് അർജൻറീന കിരീടത്തിൽ മുത്തമിട്ടത്. 3-3 സമനിലയിൽ പിരിഞ്ഞ ശേഷം ഷൂട്ടൗട്ടിലായിരുന്നു മെസ്സിപ്പടയുടെ വിജയം.

മെസി പി.എസ്.ജിയിൽ തിരിച്ചെത്തിയ വിവരം ക്ലബ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലയണൽ മെസി ക്ലബ്ബുമായുള്ള കരാർ 2024 വരെ നീട്ടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പുതിയ കരാർ തയ്യാറാക്കുന്നതിനായുള്ള ചർച്ചകൾ തുടർന്ന് നടക്കുമെന്നാണ് നിരീക്ഷകനായ ഫബ്രിസിയോ റൊമാനോ പറയുന്നത്. ഈ ആഴ്ച കരാർ ഒപ്പിടാനിടയില്ലെന്നും തിരക്കില്ലെന്നും മെസി ക്ലബിലെത്തിയ വീഡിയോ പങ്കുവെച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്കെത്തിയതിന് പിന്നാലെ ലോക ചാമ്പ്യൻ ലയണൽ മെസ്സിയും സൗദിയിലേക്കെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അൽ നസ്ർ ക്ലബ്ബാണ് ക്രിസ്റ്റ്യാനോയെ റെക്കോഡ് തുകയ്ക്ക് സൗദിയിലെത്തിച്ചതെങ്കിൽ സൗദിയിലെ അവരുടെ പ്രധാന എതിരാളികളായ അൽ ഹിലാൽ ക്ലബ്ബാണ് താരത്തെ സൗദിയിലേക്കെത്തിക്കാൻ ശ്രമിക്കുന്നതെന്നാണ് ഇറ്റാലിയൻ പത്രമായ 'കാൽസിയോ മെർകാറ്റോ' പറഞ്ഞിരുന്നത്.

ക്രിസ്റ്റ്യാനോ തങ്ങളുടെ പ്രധാന എതിരാളികളായ അൽ നസ്റിനൊപ്പം ചേർന്നതിന് തൊട്ടുപിന്നാലെ അൽ ഹിലാൽ ക്ലബ് മെസ്സിയുടെ ജഴ്‌സികൾ അവരുടെ ക്ലബ് ഷോപ്പിൽ വിൽപ്പനയ്ക്കെത്തിച്ചതോടെയാണ് മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾക്ക് പ്രചാരമേറിയത്. അൽ ഹിലാൽ ക്ലബ് മെസ്സിയുമായി സമീപഭാവിയിൽ തന്നെ ലോകത്തെ ഏറ്റവും വലിയ തുകയ്ക്ക് കരാറിലെത്തുമെന്നാണ് പറയപ്പെടുന്നത്. സംഭവം സത്യമായാൽ ഫുട്‌ബോൾ ട്രാൻസ്ഫർ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കരാറായിരിക്കും നടക്കാൻ പോകുന്നത്. അൽ നസ്ർ ക്ലബിന്റെ ഏറ്റവും വലിയ എതിരാളിയായ അൽ ഹിലാൽ സാക്ഷാൽ ലയണൽ മെസ്സിയെ തങ്ങളുടെ നിരയിൽ എത്തിക്കാൻ എന്തും ചെയ്യുമെന്നും ഇറ്റാലിയൻ പത്രം മുമ്പും പറഞ്ഞിരുന്നു. കുവൈത്തിലെ മുൻ ഇൻഫർമേഷൻ മന്ത്രി ഡോ. സാദ് ബിൻ തഫേല അൽ അജ്മി അടക്കം ഈ സാധ്യത എടുത്തു പറഞ്ഞു. മെസ്സിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ അൽ ഹിലാൽ ഗൗരവമായി തുടരുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

ലോകകപ്പ് ഇടവേളക്ക് ശേഷം മെസ്സിയുമായി കരാർ ചർച്ചകളിലേക്ക് കടക്കുമെന്ന് പിഎസ്ജി സൂചന നൽകിയിരുന്നു. മെസ്സിയും കിലിയൻ എംബാപ്പെയും ക്ലബ്ബിനൊപ്പം വേണമെന്നായിരുന്നു പി.എസ്.ജി പ്രസിഡന്റ് നാസർ അൽ ഖലീഫി അറിയിച്ചിരുന്നത്. ഇതിൽ ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ട ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെ മൂന്നു ദിവസത്തിനകം ക്ലബിലെത്തിയിരുന്നു. 2021 ആഗസ്റ്റ് 10ന് ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയ മെസ്സി ഇത്തവണ ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. രണ്ടു സീസണിലേക്കായിരുന്നു താരവുമായുള്ള കരാർ. ആവശ്യമാണെങ്കിൽ ഒരു വർഷം ദീർഘിപ്പിക്കാമെന്നും കരാറിലുണ്ടായിരുന്നു.

Where did Mbappe go when Messi came to PSG after winning the World Cup?

TAGS :

Next Story