Quantcast

ഖത്തർ ലോകകപ്പിൽ ക്രിസ്റ്റ്യാനോയും സംഘവും ഉണ്ടാകില്ലേ?

പ്ലേ ഓഫിൽ മത്സരിക്കുന്ന 12 ടീമുകളിൽ വിജയിക്കുന്ന മൂന്നു രാജ്യങ്ങളാണ് ലോകകപ്പിലെത്തുക

MediaOne Logo

Sports Desk

  • Published:

    15 Nov 2021 2:57 PM GMT

ഖത്തർ ലോകകപ്പിൽ ക്രിസ്റ്റ്യാനോയും സംഘവും ഉണ്ടാകില്ലേ?
X

ഖത്തർ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഉണ്ടാകില്ലേ? ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സെർബിയ തോൽപ്പിച്ചതോടെ പ്ലേ ഓഫിൽ മത്സരിക്കാൻ നിർബന്ധിതരായിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സെർബിയ ഗംഭീര തിരിച്ചുവരവ് നടത്തി പോർച്ചുഗലിന്റെ ലോകകപ്പ് പ്രവേശനത്തിൽ ആശങ്കയുടെ കരിനിഴൽ പടർത്തിയത്. വിജയത്തോടെ സെർബിയ ഖത്തറിലേക്കുള്ള യോഗ്യത സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ പ്ലേഓഫിൽ പോർച്ചുഗലിന്റെ എതിരാളി ആരാണെന്ന് വ്യക്തമായിട്ടില്ല.

പ്ലേ ഓഫ് എങ്ങനെ?

ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നേടിയ 10 ടീമുകളും യുവേഫ നാഷൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിലെ രണ്ടു ജേതാക്കളുമടങ്ങുന്ന 12 ടീമുകൾ നാലുരാജ്യങ്ങൾ വീതമുള്ള മൂന്നു വിഭാഗമാകും. ഇവയിൽ മത്സരിച്ച് വിജയിക്കുന്ന മൂന്നു ടീമുകളാണ് ലോകകപ്പിലെത്തുക. ഓരോ ഗ്രൂപ്പിലുമായി മൂന്നു സെമി ഫൈനലും എല്ലാത്തിനുമായി ഒരു ഫൈനലും നടക്കും. വിക്ടർ ലിൻഡോൾഫിന്റെ സ്വീഡനാണ് പോർച്ചുഗലിന് നേരിടേണ്ടിവരുന്ന ഒരു ടീം. സ്‌പെയിനോട് തോറ്റ് അവരുടെ ഗ്രൂപ്പിൽ രണ്ടാമതാണ് സ്വീഡൻ. സ്‌കോട്‌ലാൻഡ്, നോർത്ത് മാസിഡോണിയ, റഷ്യ എന്നീ ടീമുകളും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്ലേഓഫ് കളിക്കുന്നുണ്ട്. മറ്റു ഗ്രൂപ്പുകളിലെ ചിത്രം തെളിഞ്ഞുവരാനുണ്ട്. 2022 മാർച്ച് 24 നും 29 നുമിടയിലാണ് പ്ലേ ഓഫ് മത്സരങ്ങൾ നടക്കുക. ക്ലബ് സീസണിൽ പ്ലേ ഓഫ് മത്സരം നടക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനും നിർണായകമാണ്. ക്ലബ് ടീമിലുള്ള റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, ഡിയാഗോ ഡാലറ്റ് എന്നിവരാണ് പോർച്ചുഗലിനായി കളിക്കുന്നത്. നവംബർ 26 ന് നാലുമണിക്കാണ് പ്ലേഓഫ് നറുക്കെടുപ്പ് നടക്കുക.

യൂറോപ്യൻ യോഗ്യത മത്സരങ്ങളിൽ ഗ്രൂപ്പ് എ യിലെ പോയൻറ് നില

സെർബിയ : 20 പോയൻറ്

പോർച്ചുഗൽ: 17

റിപബ്ലിക് ഓഫ് അയർലാൻഡ് : 9

ലക്‌സംബർഗ്: 9

അസർബൈജാൻ : 1

വഴിമുടക്കിയത് സെർബിയ

ഖത്തർ ലോകകപ്പ് യോഗ്യതയ്ക്ക് ഒരു സമനില മതി എന്ന നിലയിലാണ് പോർച്ചുഗൽ ഞായറാഴ്ച വൈകീട്ട് സെർബിയയുമായി ഏറ്റുമുട്ടാനിറങ്ങിയത്. ഇരുടീമുകൾക്കും 17 വീതം പോയൻറാണുണ്ടായിരുന്നത്. ആ വഴിക്ക് തന്നെയാണ് കാര്യങ്ങൾ നീങ്ങിയതും. കളി തുടങ്ങി രണ്ടാം മിനുറ്റിൽ തന്നെ പോർച്ചുഗലിനായി റെനറ്റോ സാഞ്ചസ് ആദ്യ ഗോൾ നേടി. ബെർണാഡോ സിൽവയുടെ പാസിൽ നിന്ന് റെനറ്റോ ഗോൾ കണ്ടെത്തുകയായിരുന്നു. എന്നാൽ അരമണിക്കൂറിനപ്പുറം 33ാം മിനുറ്റിൽ ദസൻ ടാഡികിലൂടെ സെർബിയ തിരിച്ചടിച്ചു. ആർക്കും പരിക്കുകളില്ലാതെ ഒന്നാം പകുതി കഴിഞ്ഞു.

രണ്ടാം പകുതിയിൽ അതും കളി അവസാനിക്കാനിരിക്കെയാണ്(90ാം മിനുറ്റ്) പോർച്ചുഗീസ് ആരാധകരുടെ ഹൃദയം തകർത്ത ഹെഡർ ഗോൾ വരുന്നത്. പകരക്കാരനായി ഇറങ്ങിയ അലക്സാണ്ടർ മിട്രോവിച്ചാണ് ആ ഗോൾ കണ്ടെത്തിയത്. ടാഡിച്ചിന്റെ മനോഹരമായ ക്രോസിൽ നിന്നായിരുന്നു മിട്രോവിച്ചിന്റെ സുന്ദര ഗോൾ. തന്റെ പെനാൽട്ടി നഷ്ടം രാജ്യത്തിനു യൂറോ യോഗ്യത നഷ്ടമാക്കിയപ്പോൾ അതിനു രാജ്യത്തിനു ലോകകപ്പ് യോഗ്യത നേടി നൽകിയാണ് ഇത്തവണ മിട്രോവിച്ചിന്റെ പ്രായശ്ചിത്തം. പന്ത് അടക്കത്തിൽ അടക്കം സെർബിയ ആണ് കൂടുതൽ മുന്നിട്ട് നിന്നത്. സെർബിയക്കെതിരെയുള്ള മത്സരം ജയിച്ച് ലോകകപ്പിനെത്തുമെന്നായിരുന്നു റൊണാൾഡോ പറഞ്ഞിരുന്നത്. എന്നാൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് പരാജയം നേരിടേണ്ടി വന്നതോടെ താരം കോച്ച് ഫെർണാണ്ടോ സാന്റേസിനെതിരെ കയർക്കുക വരെ ചെയ്തിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

TAGS :

Next Story