Quantcast

ലോകകപ്പ് ഗ്രൂപ്പ് ഘട്ടം: പരാജയമറിയാതെ 15 മത്സരങ്ങളുമായി നെതർലൻഡ്‌സ്

1990-2010 കാലയളവിൽ ജർമനിയും നിലവിൽ ബ്രസീലുമാണ് ഈ നേട്ടം കൈവരിച്ച മറ്റു ടീമുകൾ

MediaOne Logo

Sports Desk

  • Published:

    25 Nov 2022 6:48 PM GMT

ലോകകപ്പ് ഗ്രൂപ്പ് ഘട്ടം: പരാജയമറിയാതെ 15 മത്സരങ്ങളുമായി നെതർലൻഡ്‌സ്
X

ഇക്വഡോറിനെതിരെയുള്ള മത്സരം സമനിലയിൽ കലാശിച്ചതോടെ നെതർലൻഡ്‌സിന് റെക്കോഡ്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പരാജയമറിയാതെ 15 മത്സരങ്ങളെന്ന നേട്ടമാണ് ടീം നേടിയത്. 1990-2010 കാലയളവിൽ ജർമനിയും നിലവിൽ ബ്രസീലുമാണ് ഈ നേട്ടം കൈവരിച്ച മറ്റു ടീമുകൾ. ഇരുടീമുകളും പരാജയമറിയാതെ 16 ഗ്രൂപ്പ് മത്സരങ്ങളാണ് പിന്നിട്ടിട്ടുള്ളത്. അതേസമയം, പരാജയമറിയാതെ നാലു തുടർ മത്സരങ്ങളെന്ന നേട്ടം ഇക്വഡോറും കൈവരിച്ചു.

ഇന്ന് ഖലീഫ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരമ്പിക്കളിച്ച ഇക്വഡോറിന് മുമ്പിൽ സമനില തെറ്റാതെ നെതർലൻഡ്സ് പിടിച്ചുനിൽക്കുകയായിരുന്നു. ഇരുടീമും ഓരോ ഗോൾ നേടി മത്സരം സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ ഡച്ചുകാർ വലകുലുക്കിയതിന് രണ്ടാം പകുതിയിൽ ഇക്വഡോർ പകരം വീട്ടുകയായിരുന്നു. നിർണായകമായ പോരാട്ടത്തിൽ കോഡി ഗാപ്‌കോയിലൂടെ ഡച്ചുകാർ നേടിയ ലീഡിനൊപ്പം നായകൻ എന്നർ വലൻസിയയിലൂടെ ഇക്വഡോർ സ്ഥാനം പിടിക്കുകയായിരുന്നു. ഇതോടെ ഇക്വഡോറിനും നെതർലൻഡ്സിനും നാലു പോയൻറായി. മത്സരം സമനിലയിലായതോടെ ഗ്രൂപ്പ് എയിൽ ഒരു വിജയവും കണ്ടെത്താനാകാതിരുന്ന ആതിഥേയരായ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായി. അടുത്ത മത്സരം ജയിച്ചാലും ഖത്തറിന് പരമാവധി മൂന്ന് പോയന്റാണ് ലഭിക്കുക.

മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ കോഡി ഗാപ്‌കോയാണ് ഇക്വഡോറിന്റെ വലകുലുക്കി നെതർലൻഡ്സിന് ലീഡ് നൽകിയത്. ഇത് ആദ്യ പകുതിയിലുടനീളം നിലനിർത്താൻ ഡച്ചുകാർക്ക് സാധിച്ചു. എന്നാൽ രണ്ടാം പകുതിയിൽ 49ാം മിനുട്ടിൽ വലൻസിയ ഡച്ച് വല കുലുക്കി. ബ്രൈറ്റ് ക്ലബ് താരം കൂടിയായ എസ്തുപിനാൻ ഉതിർത്ത ഷോട്ട് റിബൗണ്ടായി വന്നയുടൻ നായകൻ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. 58ാം മിനുട്ടിൽ എസ്തുപിനാൻ അടിച്ച ഷോട്ട് ഡച്ച് താരത്തിന്റെ ശരീരത്തിലും റീബൗണ്ടായെത്തിയ പന്ത് വലൻസിയ തിരിച്ചു വിട്ടപ്പോൾ പോസ്റ്റിലും തട്ടി മടങ്ങി.

51 ശതമാനം പന്തടക്കത്തോടെ ഇക്വഡോർ മികച്ച പോരാട്ടം തന്നെയാണ് ആദ്യ പകുതിയിലും നടത്തിയത്. പക്ഷേ ഗോളടിക്കാനയില്ലെന്ന് മാത്രം. 32ാം മിനുട്ടിൽ ഇക്വഡോർ നായകൻ തൊടുത്തുവിട്ട നിലംപറ്റിയ ഷോട്ട് അതിശയകരമായാണ് നെതർലാൻഡ് ഗോളി തട്ടിയകറ്റിയത്. ആദ്യ പകുതിയുടെ അധികസമയത്തിൽ ഇക്വഡോറിന് ലഭിച്ച ഫ്രീകിക്ക് ഫലപ്രദമാക്കാൻ കഴിഞ്ഞില്ലെങ്കിലും കോർണർ നേടാനായി. കോർണർ ഗോൾ വലയിലെത്തിക്കാനും ടീമിനായി. പെർവിസ് എസ്തൂപിനാനായിരുന്നു ഷോട്ട് ലക്ഷ്യത്തിലെത്തിച്ചത്. പക്ഷേ വാർ റിവ്യൂവിലൂടെ ഗോൾ നിഷേധിക്കപ്പെട്ടു.

ആദ്യ പകുതിയിൽ 49 ശതമാനം സമയമാണ് ഡച്ച് പടയുടെ പന്ത് കൈവശം വെച്ചത്. 84 ശതമാനമായിരുന്നു പാസിംഗ് കൃത്യത. എന്നാൽ ഇക്വഡോറിന് 86 ശതമാനം കൃത്യതയുണ്ടായിരുന്നു. ഇരുടീമുകളുടെയും ലൈനപ്പ് നേരത്തെ പുറത്തുവന്നിരുന്നു. നെതർലൻഡ്‌സ് ടീം: നോപ്പെർട്ട്(ഗോൾ കീപ്പർ), അകെ, വാൻ ജിക്, ടിംബർ, ബ്ലിൻഡ്, ഡി ജോങ്, കൂപ്‌മൈനേഴ്‌സ്, ഡംഫ്രൈസ്, ക്ലാസെൻ, ഗ്യാക്‌പോ, ബെർഗ്വിൻ.

ഇക്വഡോർ ടീം: ഗാലിൻഡെസ്(ഗോൾ കീപ്പർ), ടോറസ്, ഹിൻകാപി, പോറോസ്, എസ്തുപിനാൻ, പ്രസിയാദോ, കായ്‌ഡെകോ, മെൻഡെസ്, എനർ വലൻസിയ, പ്ലാറ്റ, എസ്ട്രാഡ.

ആദ്യകളിയിൽ സെനഗലിനോട് നെതർലൻഡ്‌സ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മത്സരത്തിലുടനീളം പറന്നുകളിച്ചത് സെനഗലായിരുന്നു. എന്നാൽ, കളി തീരാനിരിക്കെ അവസാന മിനിറ്റുകളിലാണ് ഡച്ച് പട രണ്ടു ഗോളും കണ്ടെത്തിയത്. എന്നാൽ, ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളിനു തോൽപിച്ചാണ് ഇക്വഡോർ വന്നത്.

World Cup Group Stage: Netherlands 15 matches unbeaten

TAGS :

Next Story