Quantcast

ജോർജ് വിയ മുതൽ മുഹമ്മദ് സലാഹ് വരെ; യൂറോപ്പിൽ ഉദിച്ചുയർന്ന ആഫ്രിക്കൻ ഇതിഹാസങ്ങൾ

യൂറോപ്പിലേക്കുള്ള ഫുട്ബോൾ കുടിയേറ്റത്തിൽ ആഫ്രിക്കയിൽ നിന്നുള്ള നിരവധി താരങ്ങളാണ് കാൽപ്പന്ത് ഭൂപടത്തിൽ മുദ്രപതിപ്പിച്ചത്

MediaOne Logo

നബിൽ ഐ.വി

  • Updated:

    2025-08-31 09:25:48.0

Published:

29 Aug 2025 4:03 PM IST

ജോർജ് വിയ മുതൽ മുഹമ്മദ് സലാഹ് വരെ; യൂറോപ്പിൽ ഉദിച്ചുയർന്ന ആഫ്രിക്കൻ ഇതിഹാസങ്ങൾ
X

ദുരന്തജീവിതങ്ങളും പരിഷ്കൃതസമൂഹത്തെ ലജ്ജിപ്പിക്കുന്ന അടിമവ്യാപാരവും മനുഷ്യത്വമില്ലായ്മയും ഒരുമിച്ചു കൂടിയ ഒരു ഇരുണ്ട മുഖമായിരുന്നു ഫുട്ബോൾ വരവറിയിച്ച കാലത്ത് ആഫ്രിക്കയ്ക്ക് ഉണ്ടായിരുന്നത്. സ്വപ്നത്തിന്റെ പ്രലോഭനത്തിൽ എരിഞ്ഞടങ്ങിയ ഒരുപാട് ജീവിതങ്ങൾ അവിടെയുണ്ടായിരുന്നു. എങ്കിലും തോറ്റോടാൻ സമ്മതിക്കാതെ പോരാട്ടത്തിന്റെ പ്രതീകമായ നിരവധി താരങ്ങൾ ആഫ്രിക്കയുടെ മണ്ണിലുണ്ടായിരുന്നു.

1860കളുടെ തുടക്കത്തിൽ കോളനിവൽക്കരണം നിലനിന്നിരുന്ന കാലത്താണ് ആഫ്രിക്കയിൽ ആദ്യമായി ഫുട്ബോളിന്റെ വിത്തു മുളച്ചത്. യൂറോപ്യന്മാരായിരുന്നു ഫുട്ബോളെന്ന വിനോദത്തെ ആഫ്രിക്കയിൽ കൊണ്ടുവന്നത്. 1862ൽ ദക്ഷിണാഫ്രിക്കയിൽ സൈനികരും സിവിൽ സർവീസുകാരും തമ്മിൽ ആദ്യ മത്സരം കളിച്ചു. എന്നാൽ ഇന്നത്തെ പോലെയുള്ള നിയമങ്ങൾ അന്നുണ്ടായിരുന്നില്ല. 1863 ഒക്ടോബർ 26ന് അവർ ഫുട്ബോളിന് ഒരു നിയമാവലി തയ്യാറാക്കി. ആഫ്രിക്കയിലെ ആദ്യത്തെ ഔദ്യോഗിക ഫുട്ബോൾ സംഘടനയായ പീറ്റർമാരിറ്റ്സ്ബർഗ് കൗണ്ടി ഫുട്ബോൾ അസോസിയേഷൻ 1880ൽ സ്ഥാപിതമായി. 1900ന് മുൻപ് തന്നെ ദക്ഷിണാഫ്രിക്കയിലും ഈജിപ്തിലും അൾജീരിയയിലും ടീമുകൾ രൂപീകരിച്ചു.


സാവേജസ് എഫ്‌സി (പീറ്റർമാരിറ്റ്സ്ബർഗ് - ദക്ഷിണാഫ്രിക്ക), എൽ'ഒരനൈസ് ക്ലബ് (ഓറാൻ - അൾജീരിയ), ഗെസിറ എസ്‌സി (അലക്സാണ്ട്രിയ - ഈജിപ്ത്) എന്നിവയാണ് നിലവിലുള്ള ഏറ്റവും പഴയ ആഫ്രിക്കൻ ഫുട്ബോൾ ക്ലബുകൾ. 1882ൽ ട്രീ ക്ലബ്ബുകൾ കളിക്കാൻ തുടങ്ങി, തുടർന്ന് അലക്സാണ്ട്രിയ എസ്‌സി (1890), 1897ൽ അൾജീരിയയിൽ നിന്നുള്ള സി‌എ‌എൽ ഒറാൻ എന്നിവയും രൂപീകരിച്ചു. വളരെയധികം അന്ധവിശ്വാസം നിലനിന്ന ഒരു ഭൂഖണ്ഡമായിരുന്നു ആഫ്രിക്ക. അതുകൊണ്ടുതന്നെ ടീമുകളുടെ വിജയത്തിനായി അവർ മന്ത്രവാദികളെ ആശ്രയിച്ചിരുന്നു.

1990കളിൽ ആഫ്രിക്കയിലെ ഫുട്ബോളിൽ മാറ്റങ്ങളുടെ വലിയ തിരമാലകൾ ഉണ്ടായി. യൂറോപ്പിലേക്കുള്ള ഫുട്ബോൾ കുടിയേറ്റമായിരുന്നു അതിൽ ഏറ്റവും വലുത്. നിരവധി പ്രതിഭാധനരായ യുവതാരങ്ങൾ യൂറോപ്പിലേക്ക് ചേക്കേറാൻ ആ​ഗ്രഹിച്ചു. തങ്ങളുടെ ജീവിതവും കരിയറും ഉയർത്താൻ, നല്ലൊരു കരിയർ വാർത്തെടുക്കാൻ. പണമില്ലാത്ത, വീടില്ലാത്ത, ജോലിക്ക് പെർമിറ്റ് ഇല്ലാത്ത നിരവധി യുവ താരങ്ങൾ യൂറോപ്പിലേക്ക് കുടിയേറാൻ ആ​ഗ്രഹിച്ചു.

1957ൽ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ (സിഎഎഫ്) സ്ഥാപിതമായി. ഈജിപ്ത്, എത്യോപ്യ, ദക്ഷിണാഫ്രിക്ക, സുഡാൻ എന്നീ നാല് രാജ്യങ്ങളായിരുന്നു സിഎഎഫിൽ അം​ഗമായുണ്ടായത്. അതേ വർഷം തന്നെ ആദ്യത്തെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് നടന്നു. ഫൈനലിൽ എത്യോപ്യയെ 4-0ന് പരാജയപ്പെടുത്തി ഈജിപ്ത് പ്രഥമ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് നേടി. ഫുട്ബോൾ വളർന്നപ്പോൾ ഭൂഖണ്ഡത്തിലുടനീളം ഫുട്ബോൾ അസോസിയേഷനുകൾ വളർന്നു. 1962ലെ ടൂർണമെന്റിനായി യോഗ്യതാ റൗണ്ടുകൾ ചേർത്തു. ഫിഫ ലോകകപ്പിൽ പങ്കെടുത്ത ആദ്യ ആഫ്രിക്കൻ രാജ്യം ഈജിപ്ത് ആയിരുന്നു (1934ൽ). 1966 വരെ ഭൂഖണ്ഡത്തിൽ നിന്ന് ലോകകപ്പിൽ പങ്കെടുത്ത ഒരേയൊരു ടീമും ഈജിപ്ത് ആയിരുന്നു.



ആഫ്രിക്കയിൽ നിന്നും നിരവധി താരങ്ങൾ യൂറോപ്പിലേക്ക് ചുവടുമാറ്റം നടത്തിയെങ്കിലും തങ്ങളുടെ കരിയർ ബിൽഡ് ചെയ്ത് നിലയുറപ്പിക്കാൻ എല്ലാവർക്കും സാധിച്ചിരുന്നില്ല. എന്നിരുന്നാലും ചില താരങ്ങൾ ലോക ഫുട്ബോൾ ചരിത്രത്തിലും ആരാധകരുടെ മനസിലും ഇടംപിടിച്ചിട്ടുണ്ട്.

ജോർജ് വിയ

1966 ഒക്ടോബർ ഒന്നിന് ജനനം. ജന്മനാടായ ലൈബീരിയയിൽ കരിയർ ആരംഭിച്ച താരം ഫ്രാൻസ്, ഇറ്റലി, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ക്ലബ്ബുകൾക്കായി 14 വർഷം ബൂട്ടുകെട്ടി. ബാലൺ ഡി ഓർ, ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ അവാർഡുകൾ നേടിയ ഏക ആഫ്രിക്കൻ കളിക്കാരനായി വിയ മാറി.



അന്താരാഷ്ട്ര തലത്തിൽ ലൈബീരിയയെ പ്രതിനിധീകരിച്ച് വിയ 75 മത്സരങ്ങൾ വിജയിക്കുകയും 18 ഗോളുകൾ നേടുകയും ചെയ്തു. രണ്ട് തവണ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ കളിച്ചു.

ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് വിയ ലൈബീരിയയിൽ രാഷ്ട്രീയത്തിൽ സജീവമായത്. കോൺഗ്രസ് ഫോർ ഡെമോക്രാറ്റിക് ചേഞ്ച് രൂപീകരിച്ച അദ്ദേഹം 2005ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ എല്ലെൻ ജോൺസൺ സർലീഫിനോട് പരാജയപ്പെട്ടു. 2011ലെ തെരഞ്ഞെടുപ്പിൽ വിൻസ്റ്റൺ ടബ്മാനോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. തുടർന്ന് 2014ലെ തെരഞ്ഞെടുപ്പിൽ മോണ്ട്സെറാഡോ കൗണ്ടിയിൽ നിന്ന് ലൈബീരിയ സെനറ്റിലേക്ക് വിയ തിരഞ്ഞെടുക്കപ്പെട്ടു. 2017ലെ വിയ ലൈബീരിയയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.



ദിദിയർ ദ്രോഗ്‌ബ

വിരമിച്ച് വർഷങ്ങൾക്കിപ്പുറവും ഒരു കളിക്കാരൻ ആരാധക ഹൃദയത്തിൽ മായാതെനിൽക്കുന്നുണ്ടെങ്കിൽ, മെതാനത്ത് അയാൾ തീർത്ത മാന്ത്രികതയൊന്നുമാത്രമായിരിക്കും അതിന് കാരണം. ചെൽസിയുടെ എക്കാലത്തേയും മികച്ച സ്‌ട്രൈക്കറായി മാറിയ ഇതിഹാസ താരം. ദ്രോഗ്ബക്ക് ശേഷവും ചെൽസിയിൽ ലോകോത്തര സ്‌ട്രൈക്കർമാർ വന്നിട്ടുണ്ട്. ഗോളടിച്ചിട്ടുമുണ്ട്. എന്നാൽ ഐവറികോസ്റ്റുകാരൻ തീർത്ത അവിസ്മരണീയ നമിഷങ്ങൾ റീ ക്രിയേറ്റ് ചെയ്യാൻ മറ്റാർക്കുമായില്ല.



1978 മാർച്ച് 11ന് ജനനം. ഐവറി കോസ്റ്റ് ദേശീയ ടീമിന്റെ എക്കാലത്തെയും മികച്ച ടോപ്പ് സ്കോററും മുൻ ക്യാപ്റ്റനുമായിരുന്നു. 2006ലും 2009ലും ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ആഫ്രിക്കൻ പുരുഷ ഗോൾ സ്കോറർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്ത് ദ്രോഗ്‌ബയുണ്ട്. യൂത്ത് ടീമുകളിൽ കളിച്ചതിന് ശേഷം, 21-ാം വയസിൽ ലീഗ് 2 ക്ലബ്ബായ ലെ മാൻസിനായി ദ്രോഗ്ബ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചു . 2002-03 സീസൺ ലീഗ് 1 ടീമായ ഗ്വിംഗാമ്പിനായി 34 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടി. അവിടെ നിന്ന് 2003ൽ ഫ്രഞ്ച് ക്ലബ് മാർസെയിലെത്തി.



2004 ജൂലൈയിൽ മാർസെയിൽ നിന്ന് 24 മില്യൺ പൗണ്ടിന് താരം പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലെത്തി. ആദ്യ സീസണിൽ തന്നെ 16 ഗോളുമായി ദ്രോഗ്ബ വരവ് ഗംഭീരമാക്കി. അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചെൽസിയെ പ്രീമിയർലീഗ് കിരീടനേട്ടത്തിലെത്തിക്കുന്നതിലും ദ്രോഗ്ബയുടെ നിർണായക പങ്കുണ്ടായിരുന്നു. അമ്പരപ്പിക്കുന്ന കളിമികവിൽ ആ 26 കാരൻ പതുക്കെ ആരാധക ഹൃദയത്തിലേക്ക് ചേക്കേറി. 'ദ്രോഗ്‌ബെയുണ്ടെങ്കിൽ വിജയമുണ്ട്' എന്ന തിയറിയിലേക്ക് ചെൽസി ഫുട്‌ബോൾ പതിയെ മാറി. ചാമ്പ്യൻസ് ലീഗ്, കമ്യൂണിറ്റി ഷീൽഡ്, എഫ്.എ കപ്പ് കിരീടങ്ങൾ ചെൽസിയുടെ കൂടാരത്തിലേക്കെത്തി. 2012 മാർച്ചിൽ, 100 പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന ആദ്യ ആഫ്രിക്കൻ കളിക്കാരനായി അദ്ദേഹം മാറി.

മുഹമ്മദ് സലാഹ്

പ്രാചീനകാലത്തെ ഏഴ് ലോകാത്ഭുതങ്ങളിൽ നിലനിൽക്കുന്ന ഒരേയൊരു ലോകാത്ഭുതമായ ഗിസ പിരമിഡുകൾ തലപൊക്കത്തോടെ ഉയർത്തെഴുന്നേറ്റ് നിൽക്കുന്ന ഈജിപ്ത്. എന്നാൽ പിരമിഡുകളും മമ്മികളും കൊണ്ട് മാത്രം പ്രസിദ്ധമായ ദേശമല്ല ഈജിപ്ത്. ആഫ്രിക്കൻ ഭൂഖണ്ഡത്തെ കാൽപ്പന്ത് ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഒരു താരം ഈജിപ്തിലുണ്ടായിരുന്നു.

1992 ജൂൺ 15ന് ജനനം. 2010ൽ കെയ്‌റോയിലെ എൽ മൊകാവ്ലൂണിനൊപ്പം ഈജിപ്ഷ്യൻ പ്രീമിയർ ലീഗിൽ മുഹമ്മദ് സലാഹ് തന്റെ കരിയർ ആരംഭിച്ചു. അധികം താമസിക്കാതെ തന്നെ അദ്ദേഹം സ്വിറ്റ്സർലൻഡിലെ ബേസൽ ടീമിനൊപ്പം ചേർന്നു. ആദ്യ സീസണിൽ തന്നെ ടീമിനെ ലീഗ് കിരീടം നേടാൻ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ആ വർഷത്തെ സാഫ് ഗോൾഡൻ പ്ലെയർ അവാർഡും സലാഹ് നേടി.



സലയുടെ പ്രകടനങ്ങൾ പിന്നീട് പ്രീമിയർ ലീഗ് ടീമായ ചെൽസിയെ ആകർഷിച്ചു. 2014ൽ അദ്ദേഹം 11 ദശലക്ഷം പൗണ്ട് ഫീസിന് ക്ലബിൽ ചേർന്നു. എന്നാൽ ആദ്യ സീസണിൽ സലയുടെ സേവനം വേണ്ട രീതിയിൽ അവർ പ്രയോജനപ്പെടുത്തിയില്ല. ഒടുവിൽ ഇറ്റാലിയൻ സീരി എ ക്ലബായ റോമ 15 ദശലക്ഷം യൂറോയ്ക്ക് സലയുമായി കരാർ ഒപ്പിട്ടു.

പന്തിനുമേലുള്ള സലായുടെ മായാജാലം 2017ൽ പോയിന്റ് നിലയിൽ റോമയെ രണ്ടാമതെത്തിച്ചു. തുടർന്ന് അന്നത്തെ റെക്കോർഡ് ട്രാൻസ്ഫർ തുകയായ 36.9 ദശലക്ഷം പൗണ്ടിന് സലാഹ് ലിവർപൂളിലെത്തി. പ്രീമിയർ ലീഗിലേക്കുള്ള രണ്ടാംവരവിൽ ടീമിന്റെ കേന്ദ്രബിന്ദുവായി സലാഹ് മാറി. ആ വർഷം 36 ലീഗ് മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ നേടി പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് പുരസ്‌കാരം സലാഹ് നേടി. 2018 ലെ മികച്ച ഫിഫ മെൻസ് പ്ലെയർ അവാർഡിലും അദ്ദേഹം മൂന്നാം സ്ഥാനത്തെത്തി.



2017ൽ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിന്റെ ഫൈനലിൽ എത്താൻ ഈജിപ്തിനെ അദ്ദേഹം സഹായിച്ചു. കൂടാതെ 2018 ഫിഫ ലോകകപ്പിന് ടീമിനെ യോഗ്യത നേടാൻ നിർണായക പങ്കുവഹിക്കുകയും യോഗ്യതാറൗണ്ടിൽ ടോപ് സ്‌കോറർ ആവുകയും ചെയ്തു. ഇന്ന് സലാഹ് എന്ന പേര് കൂട്ടിച്ചേർക്കാതെ ലിവർപൂൾ എന്ന പേര് പൂർണമാവില്ലെന്ന രീതിയിൽ ആ 33 കാരന്റെ കയ്യൊപ്പ് ഫുട്ബോൾ ചരിത്രത്തിൽ അടയാളപ്പെടുത്തി.

യൂറോപ്പിലേക്കുള്ള ഫുട്ബോൾ കുടിയേറ്റത്തിൽ ആഫ്രിക്കയിൽ നിന്നുള്ള നിരവധി താരങ്ങളാണ് കാൽപ്പന്ത് ഭൂപടത്തിൽ മുദ്രപതിപ്പിച്ചത്. ആഫ്രിക്കയിൽ നിന്നെത്തി മൂന്ന് കാലഘട്ടങ്ങളിൽ യൂറോപ്പിനെ അടക്കിവാണ ഇതിഹാസങ്ങളാണ് ജോർജ് വിയയും ദിദിയർ ദ്രോഗ്‌ബയും മുഹമ്മദ് സലായും. എന്നാൽ യൂറോപ്പിലെ ആഫ്രിക്കൻ കരുത്ത് ഇവരിൽ മാത്രം അവസാനിക്കുന്നതല്ല. സാമുവൽ എറ്റോ, യായ ടൂറെ, റിയാദ് മഹ്രെസ്, സാഡിയോ മാനെ തുടങ്ങി പകരം വയ്ക്കാനില്ലാത്ത നിരവധി താരങ്ങൾ ഈ മൂന്ന് കാലഘട്ടത്തിലായിയൂറോപ്പിൽ തങ്ങളുടെ മായാജാലം പുറത്തെടുത്തു.......

TAGS :

Next Story