Quantcast

മിന്നും തുടക്കവുമായി രോഹിതും ഗില്ലും, രാഹുല്‍ ടീമില്‍; രസംകൊല്ലിയായി മഴയും... ഇന്ത്യ - പാക് പോരാട്ടം വീണ്ടും മഴയെടുക്കുമോ?

ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലുമൊത്ത് 16 ഓവറില്‍ 121 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് രോഹിത് പടുത്തുയര്‍ത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-09-10 12:26:41.0

Published:

10 Sep 2023 12:21 PM GMT

India vs Pakistan Asia Cup 2023,Super 4, Colombo,India ,Pakistan,Asia Cup, 2023 ,Asia Cup 2023
X

പാകിസ്താനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ടോസ് നേടിയ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിങിനയക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ പോലും ഇങ്ങനെയൊരു തുടക്കം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ പാക് പേസര്‍മാരുടെ ആക്രമണത്തില്‍ തകര്‍ന്നുപോയ ഇന്ത്യയുടെ മുന്‍നിര ആദ്യ മത്സരത്തിന്‍റെ എല്ലാ ക്ഷീണവും തീര്‍ക്കുന്ന പ്രകടനമാണ് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ കാഴ്ചവെച്ചത്. നായകന്‍ രോഹിത് ശര്‍മ തന്നെ ഇന്ത്യയുടെ തിരിച്ചടിക്ക് തുടക്കമിട്ടു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലുമൊത്ത് 16 ഓവറില്‍ 121 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് രോഹിത് പടുത്തുയര്‍ത്തിയത്. 49 പന്തില്‍ ആറ് ബൌണ്ടറിയും നാല് സിക്സറുമുള്‍പ്പെടെ രോഹിത് ശര്‍മ 56 റണ്‍സെടുത്തു. 52 പന്തില്‍ പത്ത് ബൌണ്ടറിയുള്‍പ്പെടെ ഗില്‍ 58 റണ്‍സെടുത്തു.

അടുത്തടുത്ത ഓവറുകളില്‍ ഇരുവരുടേയും വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യക്കായി വണ്‍ഡൌണായി വിരാട് കോഹ്ലിയും ഏറെ നാളുകള്‍ക്ക് ശേഷം ടീമിലെത്തുന്ന കെ.എല്‍ രാഹുലും ക്രീസിലെത്തി. എട്ട് റണ്‍സോടെ കോഹ്ലിയും 17 റണ്‍സോടെ രാഹുലും നില്‍ക്കുമ്പോള്‍ മത്സരത്തിന്‍റെ ആവേശം കെടുത്താന്‍ രസംകൊല്ലിയായി മഴയെത്തി. മഴയെത്തുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 24.1 ഓവറില്‍ രണ്ട് വിക്കറ്റിന് 147 റണ്‍സെന്ന നിലയിലാണ്.

പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി ടീമിന് പുറത്തായിരുന്ന രാഹുല്‍ ഏഷ്യാ കപ്പ് സ്ക്വാഡിലൂടെയാണ് വീണ്ടും ടീമിലെത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ പൂര്‍ണമായും ഫിറ്റ്നസ് കൈവരിക്കാത്തതുകൊണ്ട് രാഹുലിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിക്കിന് ശേഷമുള്ള മികച്ച തിരിച്ചുവരവ് തന്നെയാകും രാഹുല്‍ ഇന്നത്തെ മത്സരത്തോടെ ലക്ഷ്യം വെക്കുന്നത്.

നേരത്തെ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ-പാക് കളി മഴ മുടക്കിയ അതേ സ്റ്റേഡിയത്തില്‍ തന്നെയാണ് ഇന്നും മത്സരം നടക്കുന്നത്. കൊളംബോയിൽ ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഗ്രൂപ്പ് റൗണ്ടിൽ മഴയെടുത്ത മത്സരാവേശം തിരികെ കിട്ടുമെന്ന പ്രതീക്ഷയിലിരിക്കുന്ന ആരാധകരെ നിരാശയിലാഴ്ത്തി ഇന്ത്യന്‍ ഇന്നിങ്സിന്‍റെ 24-ാം ഓവറില്‍ മഴയെത്തുകയായിരുന്നു. ഇന്നലെ വൈകിട്ടും, രാത്രിയിലും കൊളംബോയിൽ കനത്ത മഴ പെയ്തിരുന്നു.

സൂപ്പർ ഫോറിൽ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ ഇന്ത്യയോട് ഏറ്റുമുട്ടാൻ എത്തുന്നത്. ആദ്യമത്സരത്തിൽ പാകിസ്താനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷനും, ഹാർദിക് പാണ്ഡ്യയും ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് കരുത്താകുന്നു. ഇന്ത്യയ്ക്കെതിരെ 35 റൺസിന് നാല് വിക്കറ്റ് എടുത്ത ഷഹീൻ അഫ്രീദിയിലും, മൂന്നു വിക്കറ്റുകൾ വീതം നേടിയ നസീം ഷായിലും, ഹാരിസ് റഊഫിലുമാണ് പാക്ക് ബൗളിംഗ് നിര പ്രതീക്ഷ വെയ്ക്കുന്നത്.ലോകകപ്പ് ടീം പ്രഖ്യാപിച്ചതിനുശേഷ ഉള്ള ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണ് ഇന്ന്.



TAGS :

Next Story