ഇന്ത്യയിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ വാതുവയ്പ്പ്; ഇംഗ്ലീഷ്, ഓസീസ് താരങ്ങൾക്കെതിരായ ആരോപണം ഐസിസി തള്ളി

2018ല്‍ 'ക്രിക്കറ്റ്‌സ് മാച്ച് ഫിക്‌സേഴ്‌സ്' എന്ന തലക്കെട്ടിൽ അൽജസീറ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററികളിലാണ് താരങ്ങള്‍ക്കെതിരെ ആരോപണമുയര്‍ന്നത്

MediaOne Logo

Web Desk

  • Updated:

    2021-05-17 16:42:32.0

Published:

17 May 2021 4:42 PM GMT

ഇന്ത്യയിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ വാതുവയ്പ്പ്; ഇംഗ്ലീഷ്, ഓസീസ് താരങ്ങൾക്കെതിരായ ആരോപണം ഐസിസി തള്ളി
X

ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ ഇംഗ്ലണ്ട്, ഓസീസ് താരങ്ങൾ വാതുവയ്പ്പ് നടത്തിയതായുള്ള ആരോപണങ്ങൾ തള്ളി ഐസിസി. 2016ലും 2017ലുമായി ഇന്ത്യയിൽ നടന്ന രണ്ടു മത്സരങ്ങളിലാണ് വാതുവയ്പ്പ് നടന്നതായി ആരോപണമുയർന്നിരുന്നത്. അൽജസീറ ചാനൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിലായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ, വിശ്വസനീയമായ തെളിവുകളുടെ അഭാവത്തിൽ ആരോപണത്തിൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് ഇന്ന് ഐസിസി അറിയിച്ചു.

2018ലാണ് 'ക്രിക്കറ്റ്‌സ് മാച്ച് ഫിക്‌സേഴ്‌സ്' എന്ന തലക്കെട്ടിൽ രണ്ട് ഡോക്യുമെന്ററികൾ അൽജസീറ സംപ്രേഷണം ചെയ്തത്. ക്രിക്കറ്റിലെ വിവിധ രൂപങ്ങളിലുള്ള അഴിമതികൾ അവതരിപ്പിക്കുന്നതായിരുന്നു രണ്ടു ഡോക്യുമെന്ററികളും. 2018 മെയ് മാസം പുറത്തുവിട്ട ഡോക്യുമെന്ററിയിൽ, 2016ൽ ചെന്നൈയിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിലും, 2017ൽ റാഞ്ചിയിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിലും വാതുവയ്പ്പ് നടന്നതായി ആരോപണമുണ്ടായിരുന്നു. വാതുവയ്പ്പുകാർ നിർദേശിച്ച നിരക്കിലാണ് രണ്ടു മത്സരത്തിലും ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും ബാറ്റ്‌സ്മാന്മാർ റൺസ് സ്‌കോർ ചെയ്തതെന്നാണ് ഡോക്യുമെന്ററിയിൽ പറയുന്നത്.

2018 ഒക്ടോബറിൽ പുറത്തുവിട്ട ഡോക്യുമെന്ററിയിൽ 2011-12 കാലയളവിൽ 15 രാജ്യാന്തര മത്സരങ്ങളിൽ വാതുവയ്പ്പ് നടന്നതായും ആരോപണമുണ്ടായി. ഇതിൽ ഇംഗ്ലണ്ട് ഏഴും ഓസ്‌ട്രേലിയ അഞ്ചും പാക്കിസ്ഥാൻ മൂന്നും കേസുകളിൽ ഉൾപെട്ടതായാണ് പറയുന്നത്. രണ്ടു കേസുകളും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു കീഴിലുള്ള അഴിമതി വിരുദ്ധ വിഭാഗം അന്വേഷിച്ചു. ഡോക്യുമെന്ററി പുറത്തുവിട്ട എല്ലാ തെളിവുകളും വീഡിയോകളുടെ എഡിറ്റ് ചെയ്യാത്ത രൂപവുമടക്കം അന്വേഷണ വിഭാഗം പരിശോധിച്ചു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ നടന്ന ടെസ്റ്റുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് ആരോപണമുയർന്ന അഞ്ചു താരങ്ങളെയും ഐസിസി കുറ്റവിമുക്തരാക്കിയത്. ആരോപണങ്ങൾ അവിശ്വസനീയമാണെന്നും മതിയായ തെളിവില്ലെന്നും ഐസിസി വ്യക്തമാക്കി. കുറ്റാരോപിതരുടെ പേരുകൾ ഐസിസി പുറത്തുവിട്ടിട്ടില്ല.

TAGS :

Next Story