Quantcast

അയാളുടെ പേര് വിരാട് കോഹ്ലിയെന്നാണ്, ഒരേയൊരു ഇന്നിങ്സ് മതി തിരിച്ചുവരാന്‍; ഓര്‍മപ്പെടുത്തി കപില്‍ ദേവ്

ഇന്ന് ഏഷ്യാ കപ്പില്‍ ഹോങ്കോങിനെ നേരിടുന്ന ഇന്ത്യക്കായി കോഹ്‍ലി മികച്ച ഇന്നിങ്സ് തന്നെ കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

MediaOne Logo

Web Desk

  • Updated:

    2022-08-31 10:44:01.0

Published:

31 Aug 2022 10:38 AM GMT

അയാളുടെ പേര് വിരാട് കോഹ്ലിയെന്നാണ്, ഒരേയൊരു ഇന്നിങ്സ് മതി തിരിച്ചുവരാന്‍; ഓര്‍മപ്പെടുത്തി കപില്‍ ദേവ്
X

ഫോമിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സൂചന നല്‍കുന്ന കോഹ്‍ലിക്ക് പ്രശംസയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ കോഹ്‍ലി 35 റണ്‍‌സുമായി മികച്ച ഇന്നിങ്സ് കാഴ്ചവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് താരത്തിന്‍റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്കുള്ള കപിലിന്‍റെ മറുപടിയെത്തിയത്.

വിരാട് കോഹ്ലിയുടെ ഫോമിൽ തനിക്ക് ആശങ്ക ഇല്ലെന്ന് പറഞ്ഞ ക്രിക്കറ്റ് ഇതിഹാസം അദ്ദേഹത്തെ തിരികെ കളത്തിൽ കാണുന്നത് തന്നെ സന്തോഷകരമാണെന്നും കൂട്ടിച്ചേര്‍ത്തു. കളിക്കളത്തിലെ കോഹ്ലിയുടെ ആറ്റിറ്റ്യൂഡിനെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. കഴിഞ്ഞ പത്ത് വർഷമായി അത് കാണുന്നയാളാണ് ഞാന്‍. കോഹ്ലിയെ മറ്റാരെക്കാളും വലിയ കളിക്കാരനാക്കുന്നതും ഈ മനോഭാവം കൊണ്ടാണെന്നു അദ്ദേഹം പറഞ്ഞു.

കുറച്ചധികം നല്ല ഷോട്ടുകള്‍ കഴിഞ്ഞ മത്സരത്തില്‍ കോഹ്‍ലിയുടെ ബാറ്റില്‍ നിന്ന് പിറക്കുന്നത് കണ്ടു. ആദ്യത്തെ ഓവറില്‍ അദ്ദേഹത്തിന്‍റെ ക്യാച്ച് പാക് ഫീല്‍ഡര്‍ ഡ്രോപ് ചെയ്തത് ഭാഗ്യമായി, എന്നിരുന്നാലും കോഹ്‍ലി ആ മത്സരം നന്നായി കളിച്ചെന്ന് നിസംശയം പറയാം. ഒരേയൊരു ഇന്നിങ്സ് മതി കോഹ്‍ലിക്ക് ഫോമിലേക്ക് തിരികെയെത്താനെന്ന് പറഞ്ഞ കപില്‍ അദ്ദേഹം ഏഷ്യാ കപ്പിലൂടെ തിരികെ വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്തിനായി റണ്‍സ് അടിച്ചുകൂട്ടുന്നതിനേക്കാളും രാജ്യത്തെ പ്രതിനിധീകരിക്കുന്നു എന്ന യാഥാര്‍ഥ്യബോധ്യമായിരിക്കണം കളിക്കാരെ നയിക്കേണ്ടത്. താരങ്ങള്‍ മുന്‍ഗണന കൊടുക്കേണ്ടതും അതിനുതന്നെയാണ്. ഒരു താരവും എല്ലാ കളിയിലും പരാജയപ്പെടില്ല... കോഹ്ലിയുടെ കഴിവും പ്രതിഭയും വിലയിരുത്തുന്നവര്‍ക്ക് മനസിലാകും, അധികസമയമൊന്നും വേണ്ടി വരില്ല അദ്ദേഹത്തിന് ഫോമിലേക്ക് തിരിച്ചെത്താനെന്ന്. ഒരേയൊരു മികച്ച ഇന്നിങ്സ് മതി കോഹ്‍ലി പഴയ കോഹ്‍ലിയാകാന്‍. കപില്‍ പറഞ്ഞു.

ഇന്ന് ഏഷ്യാ കപ്പില്‍ ഹോങ്കോങിനെ നേരിടുന്ന ഇന്ത്യക്കായി കോഹ്‍ലി മികച്ച ഇന്നിങ്സ് തന്നെ കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം 7.30 ന് മത്സരം ആരംഭിക്കും.

TAGS :

Next Story