Quantcast

സെനഗലിന്‍റെ കോട്ട പൊളിച്ച അതിവേഗക്കാര്‍; ബെല്ലിങ്ഹാമും ഫോഡനും കെട്ടഴിച്ചുവിട്ട ആക്രമണം

സെനഗലിനെ ചിത്രത്തില്‍ നിന്നേ ഇല്ലാതാക്കിയതിന് പിന്നില്‍ ചുക്കാന്‍ പിടിച്ചത് മിഡ്ഫീല്‍ഡില്‍ അധ്വാനിച്ച് കളിച്ച ജൂഡ് ബെല്ലിങ്ഹാമും മുന്നേറ്റങ്ങളുടെ കുന്തമുനയായ ഫില്‍ ഫോഡനും കൂടിയാണ്.

MediaOne Logo

Web Desk

  • Published:

    4 Dec 2022 9:12 PM GMT

സെനഗലിന്‍റെ കോട്ട പൊളിച്ച അതിവേഗക്കാര്‍; ബെല്ലിങ്ഹാമും ഫോഡനും കെട്ടഴിച്ചുവിട്ട ആക്രമണം
X

സാദിയോ മാനെയില്ലാതെ പ്രീക്വാര്‍ട്ടര്‍ വരെയെത്തിയ സെനഗലിനെ ഇംഗ്ലണ്ട് ഇത്രയും അനായാസമായി കീഴടക്കുമെന്ന് കടുത്ത ഇംഗ്ലീഷ് ആരാധകര്‍ പോലും കരുതിയിട്ടുണ്ടാകില്ല. കളിയുടെ തുടക്കം മുതല്‍ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ മികച്ച അറ്റാക്കിങ്ങുമായി സെനഗലിന്‍റെ ഗോള്‍മുഖത്ത് കയറിയിറങ്ങിക്കൊണ്ടേയികുന്നു. പക്ഷേ നായകന്‍ കൌലിബാലിയുടെ പിന്നില്‍ അണിനിരന്ന സെനഗല്‍ പ്രതിരോധ നിര ആദ്യമെല്ലാം ഇംഗ്ലീഷ് ആക്രമണത്തെ മനോഹരമായി പ്രതിരോധിച്ചു.

പക്ഷേ ആദ്യ ഗോള്‍ വീണതോടെ സെനഗലിന്‍റെ പ്രതിരോധം പാളി. പിന്നീട് ഇംഗ്ലണ്ട് തുടര്‍ ആക്രമണങ്ങളുമായി കളംപിടിച്ചു. സെനഗലിനെ ചിത്രത്തില്‍ നിന്നേ ഇല്ലാതാക്കിയതിന് ചുക്കാന്‍ പിടിച്ചതാകട്ടെ അതിവേഗം കൊണ്ട് മിഡ്ഫീല്‍ഡില്‍ അധ്വാനിച്ച് കളിച്ച ജൂഡ് ബെല്ലിങ്ഹാമും മുന്നേറ്റങ്ങളുടെ കുന്തമുനയായ ഫില്‍ ഫോഡനും കൂടിയാണ്.

38-ാം മിനിറ്റില്‍ ജോര്‍ദന്‍ ഹെന്‍ഡേഴ്‌സനിലൂടെയാണ് ഇംഗ്ലണ്ട് ആദ്യം സെനഗല്‍ കോട്ട മറികടക്കുന്നത്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ജൂഡ് ബെല്ലിങ്ഹാം എന്ന 19 കാരനും. ഹാരി കെയ്ന്‍ ജൂഡ് ബെല്ലിങ്ഹാമിന് നീട്ടിനല്‍കിയ പന്തില്‍ നിന്നായിരുന്നു ആ ഗോളിന്‍റെ പിറവി. സെനഗല്‍ ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് മുന്നേറി ബെല്ലിങ്ഹാം കട്ട്ബാക്ക് ചെയ്ത് നല്‍കിയ പന്ത് ഹെന്‍ഡേഴ്‌സന്‍ ഒരിഞ്ചു തെറ്റാതെ കൃത്യമായി വലയിലെത്തിച്ചു..

രണ്ടാം ഗോളിലും ബെല്ലിങ്ഹാമിന്‍റെ കൃത്യമായ സാന്നിധ്യം കാണാമായിരുന്നു. ആദ്യ പകുതിയുടെ ഇന്ന‍ജുറി ടൈമിന്‍റെ അവസാന മിനുട്ടില്‍ കൌണ്ടര്‍ അറ്റാക്കിലൂടെ പന്തുമായി മുന്നേറിയ ബെല്ലിങ്ഹാം ആ കുതിപ്പിൽ നിന്ന് അതിവേഗം ഫിൽ ഫോഡനിലേക്ക് പന്ത് മറിക്കുന്നു, ഫോഡന്‍ ഒട്ടും അമാന്തിക്കാതെ ആ പന്ത് നായകന് ഹാരി കെയ്ന് നല്‍കുന്നു. മനോഹരമായ ഫിനിഷ്... ഈ ലോകകപ്പിലല്‍ ഹാരി കെയ്ന്‍റെ പേരില്‍ രേഖപ്പെടുത്തുന്ന ആദ്യ ഗോള്‍.

മത്സരത്തിന്‍റെ 57-ാം മിനിറ്റിലാണ് സാകയുടെ മനോഹരമായ ഗോള്‍ പിറക്കുന്നത്. സെനഗല്‍ താരങ്ങളുടെ കയ്യില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് ഇടതുവിങ്ങിലൂടെ കുതിച്ചു പാഞ്ഞ ഫോഡന്‍ ഗോള്‍മുഖത്തേക്ക് നീട്ടിനല്‍കിയ പന്തിനെ സാക സുന്ദരമായി വലയിലെത്തിക്കുകയായിരുന്നു.

ലോകകപ്പ് നോക്കൌട്ട് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടവും ഫില്‍ ഫോഡന്‍ ഇന്നത്തെ മത്സരത്തില്‍ നിന്ന് സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇംഗ്ലണ്ട് താരം നോക്കൌട്ട് റൌണ്ടില്‍ രണ്ട് അസിസ്റ്റുകള്‍ നടത്തുന്നത്. 2002 ല്‍ ഡെന്മാര്‍ക്കിനെതിരെ ഡേവിഡ് ബെക്കാമാണ് ബെക്കാമാണ് അവസാനമായി നോക്കൊട്ടില്‍ ഇംഗ്ലണ്ടിനായി രണ്ട് അസിസ്റ്റുകള്‍ നടത്തിയത്

1966ന് ശേഷം ലോകകപ്പ് നോക്കൌട്ടില്‍ ഗോളിന് വഴിയൊരുക്കുന്ന ആദ്യ കൌമാരക്കാരനെന്ന നേട്ടം ഇംഗ്ലണ്ട് യുവതാരം ബെല്ലിങ്ഹാമും സ്വന്തമാക്കി.

ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന് എതിരാളികള്‍ ഫ്രാന്‍സ്

സെനഗലിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ഇംഗ്ലണ്ടിന് ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് എതിരാളികള്‍. പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ എത്തിയത്.

സെനഗലിനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ ആദ്യ രണ്ടു ഗോളുകളും പിറന്നത് ഫസ്റ്റ് ഹാഫിലാണ്. 38-ാം മിനിറ്റിൽ ജോർദാൻ ഹെൻഡേഴ്‌സണും ആദ്യ പകുതിയുടെ അധികസമയത്ത് ഹാരികെയ്‌നുമാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. 57-ാം മിനിറ്റിൽ സാക്കയാണ് മൂന്നാം ഗോൾ നേടിയത്.

ആദ്യ നിമിഷം മുതൽ ഇരുഭാഗത്തുനിന്നും തുടർച്ചയായി ആക്രമണങ്ങളുണ്ടായെങ്കിലും ഫിനിഷ് ചെയ്യുന്നതിലെ പിഴവ് ഇരുടീമുകൾക്കും വിനയായി. 21-ാം മിനിറ്റിലും 31-ാം മിനിറ്റിലും സെനഗലിന്റെ മികച്ച മുന്നേറ്റങ്ങളുണ്ടായി. 31-ാം മിനിറ്റിൽ സാർ അടിച്ച ഷോട്ട് ദിയയുടെ കൈകളിലെത്തിയെങ്കിലും ഇംഗ്ലണ്ട് ഗോളി പിക് ഫോർഡിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വീണുപോയി.

38-ാം മിനിറ്റിൽ ബെല്ലിങ്ഹാംമിന്റെ അസിസ്റ്റിലൂടെ ലഭിച്ച ക്രോസിലൂടെയാണ് ഹെൻഡേഴ്‌സൺ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അധികസമയത്തിന്റെ മൂന്നാം മിനിറ്റിലാണ് ഹാരി കെയ്‌ന്റെ ഗോൾ പിറന്നത്. ഗ്രൗണ്ടിന് നടുവിലൂടെ ഫോഡൻ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മാർക്ക് ചെയാതെ നിന്ന നായകന് ഫോഡൻ പന്ത് നീട്ടിനൽകുകയായിരുന്നു.

കെയ്‌ന്റെ ഈ ലോകകപ്പിലെ ആദ്യ ഗോൾ അങ്ങനെ പിറന്നു. രണ്ടാം പകുതിയിൽ മൂന്ന് മാറ്റങ്ങളോടെ വന്ന് മത്സരത്തിലേക്ക് തിരികെവരാം എന്ന് പ്രതീക്ഷിച്ച സെനഗലിന്റെ പ്രതീക്ഷയ്ക്ക് മുകളിലാണ് സാക്ക മൂന്നാമത് പ്രഹരിച്ചത്. ഇത്തവണയും ഫോഡനാണ് അസിസ്റ്റ് നൽകിയത്. ഇടക്കിടെ സെനഗലിന്റെ മുന്നേറ്റങ്ങളുണ്ടായെങ്കിലും ഗോളാക്കി മാറ്റാൻ അവർക്ക് സാധിച്ചില്ല. നാളെ ബ്രസീൽ ദക്ഷിണ കൊറിയേയും ജപ്പാൻ ക്രൊയേഷ്യയേയും നേരിടും

TAGS :

Next Story