ഫോർമുല വൺ പോസ്റ്റ് സീസൺ ടെസ്റ്റിംഗിൽ പങ്കെടുത്ത് കുശ് മൈനി

അബൂദബി: ചൊവ്വാഴ്ച അബൂദബിയിലെ യാസ് മറീന സർക്യൂട്ടിൽ വെച്ച് നടക്കുന്ന പോസ്റ്റ് സീസൺ ടെസ്റ്റിംഗിൽ ആലിപീൻ ടീമിനായി ഇന്ത്യൻ ഡ്രൈവർ കുശ് മൈനി പങ്കെടുത്തു. ആല്പീന്റെ രണ്ടാമത്തെ ഡ്രൈവറായ ഫ്രാങ്കോ കൊളപിന്റോയെ മാറ്റി നിർത്തിയതുകൊണ്ടാണ് മൈനിക്കും ഫോർമുല ടൂ ഡ്രൈവറായ പോൾ ആരോണും അവസരം ലഭിച്ചത്. നരെയ്ൻ കാർത്തികേയനും, കരുൺ ഛന്ദോക്കിനും ശേഷം എഫ് വൺ ടെസ്റ്റിംഗിൽ പങ്കെടുക്കുന്ന മൂന്നാത്തെ ഇന്ത്യൻ താരമായി കുശ് മൈനി മാറി.
അല്പീന്റെ അക്കാദമി താരമായ 25 വയസ്സുകാരൻ മൈനി കഴിഞ്ഞ സീസണിൽ ഫോർമുല ടൂവിൽ ഡാംസ് റെയ്‌സിംഗ് ടീമിനായി മത്സരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഫോർമുല ഈയിൽ മഹീന്ദ്രയുടെയും റിസർവ് ഡ്രൈവറാണ് താരം. 2025 ഫോർമുല ടൂ സീസണിൽ മൊണാക്കോയിൽ സ്പ്രിന്റ് റെയ്‌സ് ജയം നേടിയ മൈനി 32 പോയിന്റുമായി പട്ടികയിൽ 16 സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൈനിയുടെ മൂന്നാമത്തെ ഫോർമുല ടൂ സീസണായിരുന്നു ഇത്.
2026 സീസൺ മുതൽ വേർസ്റ്റാപ്പന്റെ സഹ താരമായി റെഡ് ബുളിൽ മത്സരിക്കാൻ പോകുന്ന ഇസാക്ക് ഹാഡ്‌ജർ, റേസിംഗ് ബുൾസ് ടീം സൈൻ ചെയ്ത ഇന്ത്യൻ വംശജനായ ഡ്രൈവർ ആർവിഡ് ലിന്റ്‌ബ്ലാഡ് എന്നിവരും ടെസ്റ്റിംഗിൽ പങ്കെടുക്കും.
Adjust Story Font
16

