Quantcast

ഐപിഎല്ലിൽ ഈ സീസണിൽ ആദ്യ രണ്ടു സെഞ്ച്വറികളും നേടിയത് മലയാളി താരങ്ങൾ

സഞ്ജുവിനെ വിക്കറ്റിന് പിന്നിൽ സാക്ഷിയാക്കി നിർത്തിയാണ് പടിക്കലിന്‍റെ കിടിലൻ ഇന്നിങ്‌സ് പിറന്നത്.

MediaOne Logo

Nidhin

  • Updated:

    2021-04-24 01:48:53.0

Published:

23 April 2021 9:45 AM GMT

ഐപിഎല്ലിൽ ഈ സീസണിൽ ആദ്യ രണ്ടു സെഞ്ച്വറികളും നേടിയത് മലയാളി താരങ്ങൾ
X

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ മലയാളികൾക്ക് താരതമ്യേന ചെറിയ റോളാണുള്ളത്. പക്ഷേ ഈ ഐപിഎൽ സീസൺ ഇതുവരെ മലയാളി ബാറ്റ്‌സ്മാൻമാർക്ക് നല്ല കാലമാണ്. ഈ സീസണിലെ ആദ്യ രണ്ടു സെഞ്ച്വറികളും മലയാളികളാണ് നേടിയത്. ആദ്യ സെഞ്ച്വറി രാജസ്ഥാൻ റോയൽസിന്റെ നായകൻ തിരുവനന്തപുരംകാരൻ സഞ്ജു വിശ്വനാഥ് സാംസണിന്റെ വകയാണ്. സീസണിലെ രാജസ്ഥാന്റെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരേയാണ് സഞ്ജുവിന്റെ സെഞ്ച്വറി പിറന്നത്. 63 ബോളിലാണ് സഞ്ജു 119 റൺസ് നേടിയത്. ഈ സീസണിലെ നിലവിലെ ഏറ്റവും ഉയർന്ന സ്‌കോറും ഇതാണ്. 221 റൺസ് പിന്തുടർന്ന രാജസ്ഥാൻ ടീമിന്റെ നട്ടെല്ലായിരുന്നു ആ ഇന്നിങ്‌സ്. നാലു റൺസ് അകലെ ടീം തോറ്റെങ്കിലും കളിയിലെ താരമായി തെരഞ്ഞെടുത്തത് സഞ്ജുവിനെയായിരുന്നു. കുറച്ചു നേരത്തെങ്കിലും റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ്പ് തലയിൽ വയ്ക്കാനുള്ള അവസരവും സഞ്ജുവിന് അതുവഴി ലഭിച്ചു. 145 റൺസുമായി രാജസ്ഥാന് വേണ്ടിയുള്ള റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് സഞ്ജു. അതേസമയം നായകനെന്ന രീതിയിൽ സഞ്ജുവിന്റെ പ്രകടനം നിരാശജനകമാണ്. ബോളിങ് മാറ്റങ്ങൾ തെരഞ്ഞെടുക്കുന്നതിൽ സഞ്ജുവിന് പലപ്പോഴും തെറ്റ് പറ്റാറുണ്ട്. പഞ്ചാബുമായി നടന്ന മത്സരത്തിൽ എട്ട് പേരെ കൊണ്ടാണ് സഞ്ജു ബോൾ ചെയ്യിപ്പിച്ചത്. നാലു മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള രാജസ്ഥാൻ രണ്ടു പോയിന്റുമായി പോയിന്റ് ടേബിളിൽ അവസാനസ്ഥാനത്താണ്.

സീസണിലെ രണ്ടാം സെഞ്ച്വറി നേടിയത് ബാഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലാണ്. ഇന്നലെ രാജസ്ഥാനെതിരേ നടന്ന മത്സരത്തിൽ സഞ്ജുവിനെ വിക്കറ്റിന് പിന്നിൽ സാക്ഷിയാക്കി നിർത്തിയാണ് പടിക്കലിന്റെ കിടിലൻ ഇന്നിങ്‌സ് പിറന്നത്. 52 ബോളിൽ 101 റൺസ് നേടിയാണ് ദേവ്ദത്ത് പടിക്കലെന്ന എടപ്പാളുകാരന്റെ സെഞ്ച്വറി പിറന്നത്. 178 റൺസ് പിന്തുടർന്ന ബാഗ്ലൂർ പടിക്കലിന്റെയും കോലിയുടെടയും മികവിൽ പത്ത് വിക്കറ്റ് വിജയം കരസ്ഥമാക്കിയിരുന്നു. സീസണിലെ ആദ്യ മത്സരങ്ങളിൽ കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ലെങ്കിലും ഈ സെഞ്ച്വറി പടിക്കലിന്റെ ഗ്രാഫ് ഉയർത്തിയിരിക്കുകയാണ്. 137 റൺസുമായി ബാഗ്ലൂരിന്റെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് പടിക്കൽ.

അതേസമയം മലയാളി താരങ്ങളായ മുഹമ്മദ് അസഹ്‌റുദീൻ, സച്ചിൻ ബേബി, കെ.എം. ആസിഫ്, വിഷ്ണു വിനോദ്, ബേസിൽ തമ്പി എന്നീ മലയാളി താരങ്ങൾ വിവിധ ടീമുകളിലെ ബെഞ്ചുകളിൽ പ്ലെയിങ് ഇലവനിലേക്കുള്ള വിളി കാത്തു നിൽക്കുന്നുണ്ട്. അവരിൽ ചിലരെങ്കിലും തിളങ്ങാനും സാധ്യതയേറെയാണ്.

TAGS :

Next Story