Quantcast

മോര്‍ ടു ഗോ മൊറോക്കോ...

ഈ പടയോട്ടം തുടർന്നാൽ മൊറോക്കോ ലോക കിരീടത്തില്‍ മുത്തമിട്ടാലും അത്ഭുതപ്പെടാനില്ല

MediaOne Logo

ഹാരിസ് നെന്മാറ

  • Updated:

    2022-12-11 10:42:55.0

Published:

10 Dec 2022 6:28 PM GMT

മോര്‍ ടു ഗോ മൊറോക്കോ...
X

ബെൽജിയത്തിന്റെ തലസ്ഥാന ന​ഗരിയായ ബ്രസൽസ് കത്തിയമരുകയായിരുന്നു. അൽ തുമാമ സ്റ്റേഡിയത്തിൽ അവസാന വിസിൽ മുഴങ്ങുമ്പോൾ സ്കോർബോർഡിൽ ബെൽജിയത്തിന്റെ തോൽവി പ്രഖ്യാപിച്ച് ആ ഫലം തെളിഞ്ഞു. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് മൊറോക്കോ എന്ന കൊച്ചു രാജ്യത്തിന് മുന്നിൽ ലോക രണ്ടാം നമ്പരുകാർ തകർന്നടിഞ്ഞിരിക്കുന്നു.​ തോൽവിയിൽ പ്രകോപിതരായ ബെൽജിയം ആരാധകർ ബ്രസൽസിലെ തെരുവുകൾക്ക് തീയിട്ടു. രാജ്യ തലസ്ഥാനത്ത് വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും അടിച്ചു തകർക്കപ്പെട്ടു. പോലീസും കലാപകാരികളും ഏറ്റുമുട്ടി. ​അൽതുമായിൽ തിബോ കോർട്ടുവ എന്ന സമകാലിക ഫുട്ബോളിലെ അതികായനായ കാവൽഭടൻ പണിതുയർത്തിയ കോട്ട പൊളിയുകയായിരുന്നു. ലോക രണ്ടാം നമ്പരുകാരുടെ പതനം പൂർത്തിയാകുമ്പോൾ ​ഗാലറി അവിശ്വസനീയതയോടെ തലയിൽ കൈവച്ചു.

ലോക ഫുട്ബോൾ ഭൂപടത്തിൽ അത്ര വലിയ മേൽവിലാസങ്ങളൊന്നുമില്ലാത്ത മൊറോക്കോ എന്ന ആ കൊച്ചു രാജ്യത്തെ ആ വിജയത്തോടെ ഫുട്ബോൾ ലോകം ശ്രദ്ധിച്ചു തുടങ്ങുകയായിരുന്നു. അറ്റ്ലസ് ലയൺസ് അത്ഭുതങ്ങൾ വീണ്ടും ആവർത്തിച്ചു. ​ഗ്രൂപ്പ് എഫിലെ സമവാക്യങ്ങളെ മുഴുവൻ പൊളിച്ചെഴുതി മൊറോക്കോയുടെ അവിശ്വസനീയ പടയോട്ടം തുടർന്നു. ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം, റഷ്യൻ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ, ഒപ്പം കരുത്തരായ കാനഡയും.പ്രവചനങ്ങളിലൊന്നും വലുതായി മൊറോക്കൊയുടെ പേരാരും കണ്ടില്ല. പക്ഷേ കളത്തിൽ ലോകം കണ്ടത് മറ്റൊന്നായിരുന്നു.

നിലവിലെ ലോകകപ്പ് റണ്ണറപ്പുകളെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബെൽജിയത്തെ നാട്ടിലേക്കയച്ച് ​ഒറ്റ മത്സരം പോലും തോൽക്കാതെ മൊറോക്കോ ​ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ കടന്നു. ക്രൊയേഷ്യക്കും ബെൽജിയത്തിനുമെതിരെ ഒരു ഗോൾ പോലും വഴങ്ങിയില്ല. കാനഡക്ക് നൽകിയത് ഒരു ഓൺ ഗോൾ മാത്രം. മൊറോക്കൻ കോട്ട പൊളിക്കാൻ അത്ര എളുപ്പമായിരുന്നില്ല.

പ്രീക്വാർട്ടറിൽ സ്പെയിനിന് മൊറോക്കോ ഒരെതിരാളി പോലുമല്ലെന്നും അവർ അനായാസം ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യുമെന്നും പലരും നേരത്തെ വിധിയെഴുതി. ​ഗ്രൂപ്പ് ഘട്ടത്തിൽ കോസ്റ്റാറിക്കയെ ഏഴ് ​ഗോളുകൾക്ക് തകർത്ത് വരവറിയിച്ച സ്പെയിൻ അവസാന മത്സരത്തിൽ ജപ്പാനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിലായിരുന്നു. പക്ഷെ മുൻലോക ചാമ്പ്യന്മാരുടെ കരുത്തിൽ അപ്പോഴും ആർക്കും സംശയമുണ്ടായിരുന്നില്ല. പ്രീക്വാർട്ടറിന് മുമ്പ് കണക്കിലും കടലാസിലും മൊറോക്കോയും സ്പെയിനും രണ്ടറ്റങ്ങളിലായിരുന്നു..സൈഡ് ബെഞ്ച് പോലും താരനിബിഡമായ സ്പെയിനിന് പരീക്ഷിക്കാൻ ആവനാഴിയിൽ ആയുധങ്ങളേറെ. മൊറോക്കയാകട്ടെ മുൻപൊരിക്കൽ ഖത്തറിൽ ഏറ്റുമുട്ടിയപ്പോൾ സ്പെയിനിനെ വിജയത്തോളം പോന്നൊരു സമനിലയിൽ തളച്ചിട്ടുണ്ട് എന്നതാണ് ആശ്വസിക്കാൻ ഉണ്ടായിരുന്നത്. പക്ഷെ കളത്തിലിറങ്ങിയ മൊറോക്കോ, ലൂയിസ് എൻഡ്രിക്കെയുടെ മുഴുവൻ കണക്കുകൂട്ടലുകളേയും തെറ്റിച്ചു.

എഡുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ മത്സരം എക്സ്ട്രാ ടൈമും പിന്നിട്ട് മുന്നോട്ട് പോയി. പക്ഷെ സ്കോർ ബോർഡിൽ ​ഗോളെന്നൊരക്കം മാത്രം തെളിഞ്ഞില്ല. മത്സരത്തിൽ ഏറ്റവും കൂടുതൽ നേരം പന്ത് കൈവശം വച്ചത് സ്പെയിനായിരുന്നു. 70 ശതമാനവും പന്ത് അവരുടെ കയ്യിലായിരുന്നു. 120 മിനിറ്റിൽ 1019 പാസുകളാണ് അവർ മൈതാനത്ത് കൈമാറിയത്. മൊറോക്കായാവട്ടെ വെറും 305 പാസുകൾ. പക്ഷെ പന്ത് കൈവശം വക്കലല്ല ഫുട്ബോൾ എന്ന് മൊറോക്കോ. ലൂയിസ് എന്‌ഡ്രിക്കെയുടെ കളിക്കൂട്ടത്തെ പഠിപ്പിച്ചു. എക്സ്ട്രാ ടൈമിൽ വാലിദ് ചെദിര ​ഗോൾമുഖത്ത് വച്ച് പാഴാക്കിയ രണ്ട് സുവർണാവസരങ്ങൾ സ്പെയിനിന്റെ ആയുസ്സ് ഒരൽപ്പ നേരത്തേക്ക് കൂടി നീട്ടി നൽകി. എക്സ്ട്രോ ടൈം അവസാനിക്കുമ്പോൾ പാഴാക്കിയ അവസരങ്ങളൊക്കെ മറന്ന് തന്റെ ആദ്യ മത്സരത്തിനിറങ്ങിയ വാലിദിനെ ചേർത്തു പിടിക്കുന്ന മൊറോക്കൻ താരങ്ങളെ മൈതാനത്ത് കാണാമായിരുന്നു..

ഷൂട്ടൗട്ടിന് മുമ്പേ തന്നെ മൊറോക്കൻ ​ഗോളി യാസിൻ ബോനോക്ക് മുന്നിൽ സ്പെയിൻ തോറ്റു കഴിഞ്ഞിരുന്നു. മൊറോക്കൻ പ്രതിരോധം പൊളിച്ച് സ്പെയിൻ ​ഗോൾമുഖത്തേക്ക് കയറിയപ്പോഴൊക്കെ അയാൾ ​​ഗോൾവലക്ക് മുന്നിൽ അജയ്യനായി നിലയുറപ്പിച്ചു. ഷൂട്ടൗട്ടിൽ സെർജിയോ ബുസ്ക്വറ്റ്സും കാർലോസ് സോളറും ബോനോയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വീണു.

ക്വാര്‍ട്ടറിലെത്തുമ്പോള്‍ ആരും മൊറോക്കോയെ എഴുതിത്തള്ളാന്‍ തയ്യാറായിരുന്നില്ല. ഒടുക്കം ചരിത്രം വീണ്ടുമാവര്‍ത്തിച്ചു. ഒരു ഗോളിന് സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ തകര്‍ത്തെറിഞ്ഞ് ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറുകയായിരുന്നു മൊറോക്കോ.

മൊറോക്കോയുടെ ക്വാര്‍ട്ടര്‍ പ്രവേശം തന്നെ ചരിത്രമായിരുന്നു. ക്വാർട്ടറിൽ പ്രവേശിക്കുന്ന നാലാമത്തെ മാത്രം ആഫ്രിക്കൻ രാജ്യമായിരുന്നു മൊറോക്കോ. മൊറോക്കൻ ഫുട്ബോളിന് ഒരു സുവർണ തലമുറയുണ്ടായിരുന്നു. 1986ൽ ആദ്യമായി രാജ്യത്തെ ലോകകപ്പ് പ്രീക്വാർട്ടർവരെയെത്തിച്ച സംഘം. പിന്നീട് ഒന്നരപ്പതിറ്റാണ്ടോളം മങ്ങിപ്പോയവർ.. ഇത് ഒരു രണ്ടാം വരവാണ്. അഷ്റഫ് ഹക്കീമി, ഹകിം സിയെച്ച്, യൂസഫ് എൻ നെസിരി, ജവാദ് അൽ യാമിഖ്.. അങ്ങനെ എണ്ണിപ്പറയാൻ പ്രതിഭകളൊരുപാടുണ്ട് മൊറോക്കൻ നിരയിൽ. ലാ ലി​ഗ അടക്കം യൂറോപ്പിലെ മുൻനിര ലീ​ഗുകളിൽ കളിക്കുന്നവരാണ് ഈ താരങ്ങളേറെയും. ഈ പടയോട്ടം തുടർന്നാൽ മൊറോക്കോ ലോക കിരീടത്തില്‍ മുത്തമിട്ടാലും അത്ഭുതപ്പെടാനില്ല.

പോര്‍ച്ചുഗലിനെതിരായ ചരിത്ര വിജയത്തിന് ശേഷം മൊറോക്കൻ പതാകകൾക്കൊപ്പം ഫലസ്തീൻ പതാകകൾ ഉയർത്തിയാണ് മൊറോക്കൻ താരങ്ങൾ ഫോട്ടോക്ക് പോസ് ചെയ്തത്. മൊറോക്കോയുടെ മത്സരങ്ങൾക്ക് പുറമെ നേരത്തെ ഡെന്മാർക്ക് തുണീഷ്യ മത്സരത്തിലും ​ഗാലറികളിലൊക്കെ ഫലസ്തീന്റെ കുറ്റൻ പതാകകൾ കാണാമായിരുന്നു. രാഷ്ട്രീയ ഉളളടക്കമുളള പതാകകൾ, ബാനറുകൾ എന്നിവ ​ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുന്നതിന് പിഴയടക്കമുളള നടപടികൾ ഫിഫയിൽ നിന്ന് ഉണ്ടാകുമെങ്കിലും മൊറോക്കൻ കളിക്കാരും ആരാധകരും തങ്ങളുടെ രാഷ്ട്രീയം ധീരമായി പ്രഖ്യാപിക്കുകയാണ് ഖത്തറിൽ. അതോടൊപ്പം പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനെതിരായ വിജയത്തോടെ സംഘർഷ ഭരിതമായ ഭൂതകാലമുളള സ്വന്തം ജനതയ്ക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ മനോഹരമായ ചരിത്ര നിമിഷങ്ങൾ കൂടിയാണ് മൊറോക്ക സമ്മാനിച്ചത്.

TAGS :

Next Story